വിവാഹത്തിന്റെ 39-ാം നാൾ 19 കാരിയുടെ ആത്മഹത്യ: ഭർത്താവിനും വീട്ടുകാർക്കുമെതിരെ സ്ത്രീധന പീഡന പരാതിയുമായി കുടുംബം
Alapuzha , 02 ജൂണ് (H.S.) ആലപ്പുഴ: ആലപ്പുഴ തൃക്കുന്നപ്പുഴയിൽ വിവാഹം കഴിഞ്ഞ് വെറും മുപ്പത്തിയൊമ്പതാം ദിവസം പത്തൊൻപതുകാരിയായ നവവധു ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം രംഗത്ത്. ആലപ്പുഴ പുന്നപ
വിവാഹത്തിന്റെ 39-ാം നാൾ 19 കാരിയുടെ ആത്മഹത്യ: ഭർത്താവിനും വീട്ടുകാർക്കുമെതിരെ സ്ത്രീധന പീഡന പരാതിയുമായി കുടുംബം


Alapuzha , 02 ജൂണ് (H.S.)

ആലപ്പുഴ: ആലപ്പുഴ തൃക്കുന്നപ്പുഴയിൽ വിവാഹം കഴിഞ്ഞ് വെറും മുപ്പത്തിയൊമ്പതാം ദിവസം പത്തൊൻപതുകാരിയായ നവവധു ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം രംഗത്ത്. ആലപ്പുഴ പുന്നപ്ര വലിയപറമ്പ് നൗഫൽ മൻസിൽ മുഹമ്മദ് നൗഫലിന്റെ ഭാര്യ ഫാത്തിമയാണ് മരിച്ചത്. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും ക്രൂരമായ മാനസിക-ശാരീരിക പീഡനങ്ങളെ തുടർന്നാണ് ഫാത്തിമ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ പരാതി. ഭർത്താവ് മുഹമ്മദ് നൗഫൽ, ഭർതൃമാതാവ്, നൗഫലിന്റെ സഹോദരി എന്നിവർക്കെതിരെ പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിൽ പത്തൊന്പതിനായിരുന്നു തൃക്കുന്നപ്പുഴ പാനൂർ കൊല്ലന്റേഴത്ത് അബ്ദുൾ നാസറിന്റെ മകൾ ഫാത്തിമയും പുന്നപ്ര സ്വദേശിയായ മുഹമ്മദ് നൗഫലുമായുള വിവാഹം വലിയ ആഘോഷങ്ങളോടെ നടന്നത്. എന്നാൽ വിവാഹം കഴിഞ്ഞ് ആഴ്ചകൾ തികയുന്നതിന് മുൻപ് തന്നെ ഫാത്തിമ ഭർതൃവീട്ടിൽ കടുത്ത പീഡനങ്ങൾക്ക് ഇരയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ മെയ് 28–ന് രാത്രിയിലാണ് പാനൂരിലെ സ്വന്തം വീട്ടിൽ ഫാത്തിമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മരണത്തിന് തൊട്ടുമുൻപ് വന്ന ഫോൺ കോൾ; ദുരൂഹതയെന്ന് ബന്ധുക്കൾ

ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി ഭർത്താവ് മുഹമ്മദ് നൗഫലുമൊത്ത് പാനൂരിലെ സ്വന്തം വീട്ടിൽ എത്തിയതായിരുന്നു ഫാത്തിമ. സന്തോഷത്തോടെ കഴിഞ്ഞിരുന്ന വീട്ടിൽ വെച്ച് നൗഫലിന് ഒരു ഫോൺ കോൾ വരികയും, ഇതിന് പിന്നാലെ ഇയാൾ പെട്ടെന്ന് തന്നെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയുമായിരുന്നു. ഭർത്താവ് പോയതിന് പിന്നാലെ ഫാത്തിമ അസ്വസ്ഥയായിരുന്നുവെന്നും, തുടർന്ന് നൗഫലിനെ ഫോണിൽ ബന്ധപ്പെടാൻ യുവതി നിരന്തരം ശ്രമിച്ചിരുന്നതായും കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നുണ്ട്.

ഏറ്റവും ഒടുവിൽ ഫാത്തിമയുടെ ഫോണിലേക്ക് വന്നത് ഭർത്താവ് നൗഫലിന്റെ കോളായിരുന്നു. ഈ ഫോൺ കോളിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായതായാണ് സൂചന. നൗഫലുമായി സംസാരിച്ച് ഫോൺ കട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഫാത്തിമ മുറിക്കുള്ളിൽ കയറി ജീവനൊടുക്കിയത്. ഭർതൃവീട്ടിൽ വെച്ച് ഫാത്തിമ അനുഭവിച്ച മാനസിക വിഷമങ്ങളും, മരണദിവസം രാത്രിയിലുണ്ടായ തർക്കങ്ങളുമാണ് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ഉറപ്പിച്ചു പറയുന്നു.

പോലീസ് അന്വേഷണം ശക്തമാക്കി

തുടക്കത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം വിപുലമാക്കിയിട്ടുണ്ട്. മരണത്തിന് തൊട്ടുമുൻപ് ഫാത്തിമയുടെയും നൗഫലിന്റെയും ഫോണുകളിലേക്ക് വന്ന കോളുകളെക്കുറിച്ചും സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷിക്കുന്നുണ്ട്. ഫാത്തിമയുടെ ഫോൺ രേഖകൾ വിശദമായി പരിശോധിക്കും. ഒപ്പം ഭർതൃവീട്ടിലെ പീഡന വിവരങ്ങളെക്കുറിച്ച് അയൽക്കാരിൽ നിന്നും ബന്ധുക്കളിൽ നിന്നും മൊഴിയെടുക്കാനാണ് പോലീസിന്റെ തീരുമാനം. ഒരു ഒത്തൊരുമയോടെ ജീവിക്കേണ്ട പ്രായത്തിൽ, വിവാഹത്തിന്റെ മുപ്പത്തിയൊമ്പതാം നാൾ ഒരു പത്തൊൻപതുകാരിക്ക് ജീവനൊടുക്കേണ്ടി വന്ന സംഭവം നാട്ടുകാരെയാകെ വലിയ രീതിയിൽ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.

---------------

Hindusthan Samachar / Roshith K


Latest News