Enter your Email Address to subscribe to our newsletters

Thiruvananthapuram , 02 ജൂണ് (H.S.)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ കാലവർഷം (എടവപ്പാതി) ഇന്നോ നാളയോ ആയി കേരള തീരത്ത് എത്തിച്ചേരുമെന്നാണ് പ്രവചനം. ഇതിന്റെ മുന്നോടിയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായിക്കഴിഞ്ഞു. വരും മണിക്കൂറുകളിൽ മഴ കൂടുതൽ തീവ്രമാകുമെന്നാണ് സൂചന.
മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പത്തു ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് എല്ലാ ജില്ലകളിലുമാണ് കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് നൽകിയിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. പൊതുജനങ്ങളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
നാളെ മുതൽ അതിശക്തമായ മഴ
കാലവർഷം പൂർണ്ണമായി എത്തുന്നതോടെ നാളെ (ബുധനാഴ്ച) മുതൽ സംസ്ഥാനത്ത് മഴയുടെ ശക്തി ക്രമാതീതമായി വർദ്ധിക്കുമെന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഴയ്ക്കൊപ്പം ചിലയിടങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ദുരന്തനിവാരണ അതോറിറ്റി പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും ഉള്ളവർ കൂടുതൽ ശ്രദ്ധ പുലർത്തണം. ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അധികൃതർ കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും മലയോരങ്ങളിൽ ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ തദ്ദേശ ഭരണകൂടങ്ങളോട് സന്നദ്ധമായിരിക്കാൻ സർക്കാർ നിർദ്ദേശം നൽകി.
---------------
Hindusthan Samachar / Roshith K