Enter your Email Address to subscribe to our newsletters

Thrissur , 20 ജൂണ് (H.S.)
ബജറ്റിലെ ഭൂപരിഷ്കരണം വിശുദ്ധ പശുവാണെന്ന അഭിപ്രായം തങ്ങൾക്കില്ലെന്ന് എംഎൽഎ കെ രാജൻ. ചില കാര്യങ്ങളിൽ മാറ്റം വേണ്ടി വന്നേക്കാം. എന്നാൽ ഇത് റിയൽ എസ്റ്റേറ്റ് മാഫിയയെ സഹായിക്കാനുള്ള നീക്കമാണോ എന്ന് സംശയിക്കേണ്ടിവരുമെന്ന് കെ രാജൻ പറഞ്ഞു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''15 സ്റ്റാൻ്റേഡ് ഏക്കറിൽ കൂടുതൽ ഭൂമി ഒരാൾക്ക് ഉണ്ടെങ്കിൽ ആ ഭൂമി ഭുപരീഷ്കരണ നിയമത്തിൻ്റെ ഭാഗമായി ഏറ്റെടുക്കുകയും അത് സാധാരണക്കാരായ മനുഷ്യർക്ക് കൊടുക്കയും ചെയ്യും. അങ്ങനെ കൊടുക്കുന്നതിൽ നിന്ന് 81-ാം വകുപ്പ് പ്രകാരം ഇളവ് കൊടുക്കുന്ന ചില കാര്യങ്ങളാണ് തോട്ടങ്ങൾ, സർക്കാരിൻ്റെ ഭൂമി, സഹകരണ സ്ഥാപനങ്ങളുടെ ഭൂമി, ഫാക്ടറികൾ, ആരാധനാലയങ്ങൾ, വാണിജ്യ സ്ഥലങ്ങൾ തുടങ്ങിയവ.
ഇതിൽ 81E പ്രകാരം ഇളവ് കൊടുത്തത് തൊട്ടങ്ങൾക്കാണ്. ഏറ്റവും പ്രധാനപ്പെട്ട നാണ്യ വിളകൾ ഉത്പാദിക്കുന്ന സ്ഥലമായത് കൊണ്ടാണ് അന്ന് ആരാണോ ഉടമസ്ഥൻ അയാൾക്ക് ആ ഭൂമി ഉപയോഗിക്കാനുള്ള അവസരം കൊടുത്തത്. നാണ്യ വിളകൾ കേരളത്തിന് കേന്ദ്ര പണവും വിദേശ നാണ്യവും നേടി തരുന്ന ഒരു ഇനമായത് കൊണ്ടും തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുക എന്ന ലക്ഷ്യം വച്ചു കൊണ്ടുമാണ് അന്ന് തോട്ടങ്ങൾക്ക് ഇളവ് കൊടുത്തത്.
ആ തോട്ടത്തിലേക്കാണ് ഇപ്പോൾ സർക്കാർ കടക്കാൻ പോവുന്നത്. അത് വൈവിധ്യവൽക്കരണത്തിനല്ല വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടിയാണ്. ഇത് തോട്ടഭൂമി മുറിച്ചു വിറ്റു കച്ചവടം നടത്തുന്നവരെ സഹായിക്കാനുള്ള നീക്കമാണെന്നും'' എംഎൽഎ രാജൻ പറഞ്ഞു.
കേരളത്തിലെ ഗവൺമെൻ്റ് ഒരു മാസത്തിനുള്ളിൽ കേന്ദ്ര ഭരണകൂടത്തിനും അവർ ഉയർത്തിപിടിക്കുന്ന വർഗീയ രാഷ്ട്രീയത്തിനും വംശവദരായി എന്നുള്ളത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ഡോക്യൂമെൻ്റുകൾ കേരളത്തിൽ ഇതിനകം വന്നു കഴിഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ വന്ദേമാതരം പൂർണമായി ചൊല്ലിയത് മുതൽ പിഎം ശ്രീ പദ്ധതിയിൽ എടുത്ത നിലപാട്, ഏറ്റവും അവസാനം ബജറ്റിലൂടെ സമ്പൂർണമായിട്ടുള്ള സ്വകാര്യ വത്കരണത്തിലൂടെ വളരെ പ്രസ്ക്തമായ ഭാഗങ്ങൾ എടുത്ത് കാണിച്ചു കൊണ്ട് ഉടനീളം ഈ ഗവൺമെൻ്റിൻ്റെ യാത്ര, കേന്ദ്ര ഗവൺമെൻ്റിനോട് ഒരു തരത്തിലും യുദ്ധം ചെയ്യാതെ തികച്ചും വർഗീയമായിട്ടുള്ള പരാമർശങ്ങളും പഠന ഭാഗങ്ങളും കേരളത്തിലേക്ക് കൊണ്ടു വരാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും കെ രാജൻ പറഞ്ഞു.
കേരളത്തിലെ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപ്പെടേണ്ട ഗവർണർ ഉദ്യോഗസ്ഥൻമാരെ നേരിട്ട് വിളിച്ച് പദ്ധതി ആസൂത്രണം ചെയ്ത ഭരണഘടനയുടെ നിലനിൽപ്പിനെ മാറ്റിമറിക്കുന്ന നിലപാടുകൾ എടുക്കുന്ന ലോക്ഭവൻ ഇപ്പോൾ വളരെ അധികം സന്തോഷത്തിലാണ്. പത്ത് വർഷത്തിന് ശേഷം ഏതെങ്കിലും തരത്തിൽ അഭിപ്രായ വ്യത്യാസങ്ങളില്ലാതെ പോവാൻ പറ്റിയ ഭരണം കേരളത്തിൽ ഉണ്ടായിരിക്കുന്നു എന്നുള്ള സന്തോഷത്തിലാണ് അവർ എന്നുള്ളതാണ് ഏറ്റവും പ്രധാനം എന്നും എംഎൽഎ പറഞ്ഞു.
മുസ്ലിം ലീഗ് ഒരു രാഷ്ട്രീയപാർട്ടി എന്ന നിലയിലെങ്കിലും പിഎം ശ്രീയെ കുറിച്ച് അഭിപ്രായം പറയണം. സർക്കാരിനെ തിരുത്താൻ അവർ തയാറാവണം. ഇതിന് കഴിഞ്ഞില്ലെങ്കിൽ പദ്ധതി നടപ്പിലാക്കാൻ ആരാണ് സമ്മർദ്ദം ചെലുത്തുന്നത് എന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യവകുപ്പിനെതിരെയും വിമർശനം
ആരോഗ്യവകുപ്പിൽ നടക്കുന്ന കാര്യങ്ങൾ അത്ഭുതപ്പെടുത്തുന്നതാണ്. മോഹൻലാലിൻ്റെ സിനിമയിലെ പോലെയാണ് കാര്യങ്ങൾ. ഇത് കേരളത്തിന് അപമാനകരമായ സംഭവമാണ്. ആരോഗ്യ മേഖലയിൽ കുത്തക കമ്പനികളാണ് കേരളത്തിലേക്ക് കടന്നുവരുന്നത്. ആരോഗ്യവകുപ്പ് കൂടുതൽ ജാഗ്രത പാലിക്കേണ്ട കാലഘട്ടമാണിതെന്നും സത്യപ്രതിജ്ഞക്ക് മുൻപ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ ഗവൺമെൻ്റാണെന്നും രാജൻ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR