ഒരേയൊരു ശിവസേനയെ ഇനിയുള്ളൂ, അത് ഷിന്ദേ നയിക്കുന്നത്; അമിത് ഷാ
Mumbai, 20 ജൂണ്‍ (H.S.) മഹാരാഷ്ട്രയില്‍ ഏകനാഥ് ഷിന്ദേ നയിക്കുന്നതാണ് യഥാര്‍ത്ഥ ശിവസേനയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഷിന്ദേ പക്ഷം എന്ന് വിളിക്കേണ്ടി വന്നിരുന്ന സാഹചര്യം മാറി. അത് എല്ലാവരും മനസലാക്കണം. നേതാക്കളും അണികളുമെല്ലാം യഥാര്‍ത്ഥ ശ
Amithsha


Mumbai, 20 ജൂണ്‍ (H.S.)

മഹാരാഷ്ട്രയില്‍ ഏകനാഥ് ഷിന്ദേ നയിക്കുന്നതാണ് യഥാര്‍ത്ഥ ശിവസേനയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഷിന്ദേ പക്ഷം എന്ന് വിളിക്കേണ്ടി വന്നിരുന്ന സാഹചര്യം മാറി. അത് എല്ലാവരും മനസലാക്കണം. നേതാക്കളും അണികളുമെല്ലാം യഥാര്‍ത്ഥ ശിവസേനയിലാണെന്നും അമിത് ഷാ പറഞ്ഞു.

'ഈ കോണ്‍ഗ്രസ് നേതാക്കളും കോണ്‍ഗ്രസിന്റെ മടിയില്‍ ഇരിക്കുന്ന ഉദ്ധവ് ജിയും അതീജീവനം നടത്താന്‍ നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നു. ഈ രാജ്യം ഒരു ധര്‍മ്മശാലയല്ല (ചാരിറ്റി ഷെല്‍ട്ടര്‍) എന്ന് ഞാന്‍ അവരോട് വ്യക്തമായി പറയാന്‍ ആഗ്രഹിക്കുന്നു. ഈ രാജ്യത്തുള്ളവര്‍ക്ക് മാത്രമേ ഇവിടെ താമസിക്കാനാവൂ' അമിത് ഷാ പറഞ്ഞു. എല്ലാ നുഴഞ്ഞുകയറ്റക്കാരെയും തിരിച്ചറിഞ്ഞ് രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) വിഭാഗത്തില്‍ വലിയ പ്രതിസന്ധി നിലനില്‍ക്കെയാണ് അമിത് ഷായുടെ ഈ പ്രസ്താവനകള്‍. 'ഓപ്പറേഷന്‍ ടൈഗര്‍' വഴി യുബിടി വിഭാഗത്തിലെ ഒമ്പതില്‍ ആറ് പാര്‍ലമെന്റ് അംഗങ്ങളെയും കൂട്ടത്തോടെ ഷിന്ദേ പക്ഷത്തേക്ക് എത്തിച്ചെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് മഹാരാഷ്ട്രയില്‍ ഉദ്ധവ് പക്ഷം തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് അമിത് ഷാ പരസ്യമായി പ്രഖ്യാപിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന ശിവസേന (യുബിടി) പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ആകെയുള്ള ഒന്‍പത് ലോക്സഭാ എംപിമാരില്‍ മൂന്ന് പേര്‍ മാത്രമാണ് പങ്കെടുത്തത്. ബാക്കിയുള്ള ആറ് എംപിമാരും യോഗത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. അര്‍വിന്ദ് സാവന്ത്, രാജഭാഭു വാജെ, അനില്‍ ദേശായി എന്നീ മൂന്ന് എംപിമാര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. നാഗേഷ് ആഷ്ടികര്‍, സഞ്ജയ് ദേശ്മുഖ്, സഞ്ജയ് ജാദവ്, സഞ്ജയ് ദിന പാട്ടീല്‍, ഓം പ്രകാശ് രാജെ നിംബാല്‍ക്കര്‍, ഭാവസാഹേബ് വാക്ചൗര്‍ എന്നിവര്‍ക്കാണ് പാര്‍ട്ടി നോട്ടീസ് അയച്ചിരിക്കുന്നത്.

ഇതിനിടെ ശിവസേന (യുബിടി) പക്ഷത്ത് പുതിയ കൂറുമാറ്റ ഭീഷണികള്‍ ശക്തമാകുന്നതിനിടെ, പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് ഉദ്ധവ് താക്കറെയും വ്യക്തമാക്കി. പാര്‍ട്ടിയുടെ സ്ഥാപകന്‍ ബാല്‍ താക്കറെ ഒരിക്കലും അധികാരത്തിന് പിന്നാലെ പോയിട്ടില്ലെന്ന് അനുസ്മരിച്ച ഉദ്ധവ്, താന്‍ അധികാരമോഹിയല്ലെന്നും വേണ്ടിവന്നാല്‍ ഈ നിമിഷം അധ്യക്ഷ പദവി ഒഴിഞ്ഞുതരാമെന്നും പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News