നൂതനമായി നിർമ്മിച്ച മൂന്ന് യുദ്ധക്കപ്പലുകൾ കമ്മിഷൻ ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
Kolkata , 21 ജൂണ് (H.S.) നൂതനമായി നിർമ്മിച്ച മൂന്ന് യുദ്ധക്കപ്പലുകൾ കമ്മിഷൻ ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊൽക്കത്തയിലെ ശ്യാമ പ്രസാദ് മുഖർജി തുറമുഖത്താണ് കപ്പലുകൾ ഇന്ന് (ജൂൺ 21) കമ്മിഷൻ ചെയ്തത്. യുദ്ധം, സബ്മറൈൻ വിരുദ്ധ പ്രവർത്തനങ്ങൾ, സർവ്വേ
MODI COMMISSIONED THREE SHIPS


Kolkata , 21 ജൂണ് (H.S.)

നൂതനമായി നിർമ്മിച്ച മൂന്ന് യുദ്ധക്കപ്പലുകൾ കമ്മിഷൻ ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊൽക്കത്തയിലെ ശ്യാമ പ്രസാദ് മുഖർജി തുറമുഖത്താണ് കപ്പലുകൾ ഇന്ന് (ജൂൺ 21) കമ്മിഷൻ ചെയ്തത്. യുദ്ധം, സബ്മറൈൻ വിരുദ്ധ പ്രവർത്തനങ്ങൾ, സർവ്വേ എന്നിവയിൽ നാവികസേനയുടെ കരുത്ത് വർധിപ്പിക്കാൻ ഈ കപ്പലുകൾക്ക് സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. സ്റ്റെൽത്ത് ഫ്രിഗേറ്റ് 'ദുനഗിരി', സർവേ കപ്പലായ 'സൻഷോധക്', ആൻ്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റായ 'അഗ്രയ്' എന്നീ മൂന്ന് കപ്പലുകളാണ് ഇന്ത്യൻ നാവിക സേനയുടെ ഭാഗമായി ഔദ്യോഗികമായി കമ്മിഷൻ ചെയ്തത്.

ശക്തമായ സമുദ്ര ശേഷികളാണ് ഒരു രാജ്യത്തിൻ്റെ സാമ്പത്തികവും തന്ത്രപരവുമായ സ്വാധീനത്തിന് നിർണായക ഘടകമെന്നും, ഇന്ത്യ ഇത് നന്നായി മനസിലാക്കുകയും അതിനായി തയ്യാറെടുക്കുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി മോദി തുടർന്ന് നടത്തിയ പ്രസംത്തിൽ പറഞ്ഞു. സമുദ്ര മേഖല ഒറ്റപ്പെട്ടതല്ലെന്നും 'വികസിത ഇന്ത്യയുടെ തൊഴിൽ എഞ്ചിൻ' ആണെന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ഒരു സൃഷ്ടാവ് എന്ന നിലയിൽ, സമുദ്ര മേഖലയിലും ഇന്ത്യ ആഗോള തീരുമാനമെടുക്കുന്നയാളായിരിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.

സമീപവർഷങ്ങളിൽ 40 ലധികം ഇന്ത്യൻ നിർമ്മിത യുദ്ധക്കപ്പലുകളും അന്തർവാഹിനികളും നാവികസേനയുടെ ഭാഗമായി. ഇതിനർഥം ഇന്ത്യൻ നാവികസേന ഏതാണ്ട് ആഴ്ചകൾ കൂടുമ്പോൾ പുതിയ ശക്തി നേടുന്നു എന്നാണ്. നിലവിൽ 45 വലിയ നാവിക പ്ലാറ്റ്ഫോമുകൾ നിർമ്മാണത്തിലാണ്. ഇത് വെറുമൊരു സംഖ്യയല്ല. ഇന്ത്യയുടെ വ്യാവസായിക ശേഷിയുടെ തെളിവാണ്. ഇത് ഇന്ത്യയുടെ ഭാവിയുടെ അടയാളമാണെന്നും മോദി വ്യക്തമാക്കി.

ഏതാനും വർഷങ്ങൾക്ക് മുൻപ് ഐഎൻഎസ് വിക്രാന്ത് എന്ന വിമാനവാഹിനിക്കപ്പൽ കമ്മിഷൻ ചെയ്തുകൊണ്ട് ഇന്ത്യ അതിൻ്റെ സമുദ്ര ശേഷി പ്രകടിപ്പിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി 40 ലധികം യുദ്ധക്കപ്പലുകളും അന്തർവാഹിനികളും കമ്മിഷൻ ചെയ്തിട്ടുണ്ട്. കൂടാതെ 45 വലിയ നാവിക പ്ലാറ്റ്ഫോമുകൾ നിർമ്മാണത്തിലാണ്, എന്ന് നരേന്ദ്ര മോദി തൻ്റെ പ്രസംഗത്തിൽ വ്യക്തമാക്കി.

ഇന്ത്യ ഒരു വാങ്ങൽ രാജ്യമായി മാത്രം ഒതുങ്ങില്ല

തുടർന്ന് പ്രതിരോധ മേഖലയിൽ ഇന്ത്യ ഒരു വാങ്ങൽ രാജ്യമായി മാത്രം തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും രാജ്യത്തിൻ്റെ സായുധ സേനയ്ക്ക് ലോകത്തിൻ്റെ ഒരു വിപണിയായി മാറാൻ കഴിയില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. നമ്മുടെ കഴിവുകളെ തിരിച്ചറിയുന്നത് നമ്മുടെ സ്വാശ്രയത്വത്തിലാണ്. ലോകത്തിൻ്റെ വിപണിയായി മാറുന്നതിലല്ലെന്നും വ്യക്തമാക്കി.

സമുദ്ര വൈദഗ്ധ്യമില്ലാതെ ഒരു രാജ്യത്തിനും വലിയ ശക്തിയാകാൻ കഴിയില്ല. വികസനം, സുരക്ഷ, സമൃദ്ധി എന്നിവ കടലുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. സമുദ്ര പോരാട്ടം, ഹൈഡ്രോഗ്രാഫിക് സർവേയിംഗ്, അന്തർവാഹിനി വിരുദ്ധ യുദ്ധം എന്നിവയിലെ പ്രധാന പ്രവർത്തന ശേഷികളെയാണ് ഫ്രണ്ട്ലൈൻ പ്ലാറ്റ്ഫോമുകൾ പ്രതിനിധീകരിക്കുന്നതെന്നും മോദി അഭിപ്രായപ്പെട്ടു. അതേസമയം, പശ്ചിമ ബംഗാൾ ഗവർണർ ആർ എൻ രവി, മുഖ്യമന്ത്രി സുവേന്ദു അധികാരി, ഇന്ത്യൻ നാവികസേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ എന്നിവരും ഔദ്യോഗിക ചടങ്ങിൽ പങ്കെടുത്തു.

കപ്പലുകളുടെ നിർമ്മിതിയും സവിശേഷതകളും

ഇന്ത്യൻ നാവികസേനയുടെ വാർഷിപ്പ് ഡിസൈൻ ബ്യൂറോ രൂപകൽപ്പന ചെയ്തതും കൊൽക്കത്ത ആസ്ഥാനമായുള്ള ഡിഫൻസ് പിഎസ്യു ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എഞ്ചിനിയേഴ്സ് ലിമിറ്റഡാണ് കപ്പലുകൾ നിർമ്മിച്ചത്.

കപ്പൽ നിർമ്മാണത്തിലെ അഞ്ചാമത്തെ പ്രോജക്റ്റായ 17A ഐഎൻഎസ് ദുനഗിരിയെ അതിശക്തവും നൂതനവുമായ യുദ്ധക്കപ്പലായാണ് നാവികസേന വിശേഷിപ്പിക്കുന്നത്. കപ്പലിൽ ബ്രഹ്മോസ് സർഫസ്-ടു-സർഫസ് മിസൈലുകൾ, മീഡിയം റേഞ്ച് സർഫസ്-ടു-എയർ മിസൈൽ സിസ്റ്റം എന്നിവയുൾപ്പെടെ നൂതന ആയുധങ്ങളും സെൻസറുകളും സജ്ജീകരിച്ചിരിക്കുന്നു. ഇത് നാവികസേനയുടെ പോരാട്ട ശേഷിയെ ഗണ്യമായി വർധിപ്പിക്കുന്നു.

സൻഷോധക് എന്ന കപ്പൽ തീരദേശ, ആഴക്കടൽ ഹൈഡ്രോഗ്രാഫിക് സർവേകൾക്കും പ്രതിരോധ, സിവിൽ ആപ്ലിക്കേഷനുകൾക്കായി സമുദ്രശാസ്ത്ര, ജിയോഫിസിക്കൽ ഡാറ്റ ശേഖരണത്തിനുമായി രൂപകൽപ്പന ചെയ്തിരിക്കുന്നു. കൂടാതെ ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിളുകൾ, റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിളുകൾ എന്നിവയുൾപ്പെടെയുള്ള നൂതന സർവേ സംവിധാനങ്ങളാൽ സജ്ജീകരിച്ചിരിക്കുന്നു. പ്രതിരോധ ആവശ്യങ്ങൾക്കും സിവിലിയൻ ആവശ്യങ്ങൾക്കുമായി സമുദ്ര സംബന്ധിയായ ഭൂമിശാസ്ത്ര വിവരങ്ങൾ ശേഖരിക്കാൻ ഇതിലൂടെ സാധിക്കും.

അതേസമയം, അർനാല ക്ലാസിൽപ്പെട്ട ആൻ്റി സബ്മറൈൻ കപ്പലാണ് 'അഗ്രയ്'. ഭാരം കുറഞ്ഞ ടോർപ്പിഡോകൾ, തദേശീയമായി നിർമ്മിച്ച റോക്കറ്റ് ലോഞ്ചറുകൾ, ആഴം കുറഞ്ഞ വെള്ളത്തിലെ മുങ്ങിക്കപ്പലുകളെ കണ്ടെത്താനുള്ള സോണാർ സംവിധാനങ്ങൾ എന്നിവ അഗ്രയിൽ ക്രമീകരിച്ചിട്ടുണ്ട്. തീരക്കടലിലെ മുങ്ങിക്കപ്പൽ ഭീഷണികളെ ഫലപ്രദമായി നേരിടാൻ ഇതിലൂടെ നാവികസേനയ്ക്ക് സാധിക്കും എന്നതാണ് സവിശേഷത. ഈ പുത്തൻ പതിപ്പുകളിൽ 75 ശതമാനത്തലധികം തദേശീയ ഉള്ളടക്കമാണുള്ളത്. 200 ലധികം എംഎസ്എംഇകൾ ഉൾപ്പെടെ ഇന്ത്യൻ വ്യവസായത്തിൻ്റെ വിപുലമായ പങ്കാളിത്തം ഇവയുടെ നിർമ്മാണത്തിലുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News