Enter your Email Address to subscribe to our newsletters

Ayodhya, 22 ജൂണ് (H.S.)
അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലേക്ക് ഭക്തർ സമർപ്പിച്ച വഴിപാടുകളിലും സംഭാവനകളിലും വൻ ക്രമക്കേട് നടന്നെന്ന ആരോപണങ്ങളില് അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം തങ്ങളുടെ ആദ്യ റിപ്പോർട്ട് സമർപ്പിച്ചു.
ഏകദേശം 150 പേജുകളുള്ള അതിനിർണ്ണായകമായ ഈ പ്രാഥമിക റിപ്പോർട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനാണ് കൈമാറിയത്. ക്ഷേത്ര സമുച്ചയത്തിലും പരിസരങ്ങളിലും ഒരാഴ്ചയോളം നീണ്ട നേരിട്ടുള്ള പരിശോധനകള്ക്കും ട്രസ്റ്റ് ഭാരവാഹികളെ മണിക്കൂറുകളോളം ചോദ്യം ചെയ്തതിനും ശേഷമാണ് എസ്ഐടി റിപ്പോർട്ട് തയ്യാറാക്കിയത്.
സംഭാവനകള് കൈകാര്യം ചെയ്തതില് വൻ അഴിമതി നടന്നിട്ടുണ്ടെന്ന പരാതികളെ തുടർന്ന് ജൂണ് 13-നാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില് തന്നെ 150-ഓളം പേരുടെ മൊഴി രേഖപ്പെടുത്തുകയും സംശയകരമായ സാഹചര്യത്തില് രണ്ട് കോടിയിലധികം രൂപയുടെ പണം കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്നത് വരെ അയോധ്യ വിട്ടുപോകരുതെന്ന് ട്രസ്റ്റുമായി ബന്ധപ്പെട്ട പ്രമുഖ ഉദ്യോഗസ്ഥർക്ക് പോലീസ് കർശന നിർദ്ദേശം നല്കിയിട്ടുണ്ട്.
കാണാതായ സ്വർണ്ണവും വെള്ളിയും; ഭൂമി ഇടപാടുകളിലും വൻ തട്ടിപ്പ്
രാമ ലല്ലയ്ക്ക് ഭക്തർ സമർപ്പിച്ച സ്വർണ്ണം, വെള്ളി, വജ്രങ്ങള് എന്നിവയുടെ കൃത്യമായ രേഖകള് സൂക്ഷിക്കുന്നതില് ട്രസ്റ്റിന് വലിയ വീഴ്ച പറ്റിയതായാണ് സൂചനകള്. ഇതിനുപുറമെ, ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തില് നടന്ന ഭൂമി ഇടപാടുകളും അന്വേഷണ പരിധിയിലാണ്. വിപണി വിലയേക്കാള് നാലിരട്ടി വരെ ഉയർന്ന തുകയ്ക്കാണ് ചിലയിടങ്ങളില് ട്രസ്റ്റ് ഭൂമി വാങ്ങിക്കൂട്ടിയതെന്ന ആരോപണവും എസ്ഐടി പരിശോധിക്കുന്നുണ്ട്. അന്വേഷണത്തില് കണ്ടെത്തിയ ഏറ്റവും ഞെട്ടിക്കുന്ന വിവരം ഭക്തർ സമർപ്പിച്ച കോടിക്കണക്കിന് രൂപയുടെ സ്വർണ്ണ-വെള്ളി ആഭരണങ്ങള് കാണാതായി എന്നതാണ്.
2021-ല് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള ഭക്തർ സമർപ്പിച്ച 200 കിലോ വെള്ളി കട്ടികള് നിലവിലെ സ്റ്റോക്ക് രജിസ്റ്ററില് കാണാനില്ല. സ്വർണ്ണ വ്യാപാരികള് നല്കിയ 60 കിലോയോളം വരുന്ന വെള്ളിക്കട്ടകളും കാണാനില്ല. ഭഗവാന് ചാർത്തിയ വിലപിടിപ്പുള്ള വജ്രമാല, സ്വർണ്ണ പാദുകങ്ങള്, സ്വർണ്ണ ഗദ എന്നിവയും കാണാതായ വസ്തുക്കളുടെ പട്ടികയിലുണ്ട്. ഇവ ഉരുക്കിയെന്നോ സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയെന്നോ ഉള്ള പരസ്പരവിരുദ്ധമായ മറുപടികളാണ് ചോദ്യം ചെയ്യലില് ട്രസ്റ്റ് ഭാരവാഹികള് നല്കിയത്.
എസ്ഐടിയുടെ നിരീക്ഷണത്തിലുള്ള 4 പ്രമുഖർ
ക്ഷേത്ര ഭരണത്തില് നിർണ്ണായക സ്വാധീനമുള്ള നാല് പ്രമുഖ വ്യക്തികളെ കേന്ദ്രീകരിച്ചാണ് നിലവില് അന്വേഷണം പുരോഗമിക്കുന്നത്.
ചമ്പത് റായ്: രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ മുൻനിര നേതാവും ട്രസ്റ്റിന്റെ ഓഡിറ്റ് കമ്മിറ്റി തലവനുമായ ചമ്പത് റായെ എസ്ഐടി വിശദമായി ചോദ്യം ചെയ്തു. എന്നാല് ആഭ്യന്തര ഓഡിറ്റിങ്ങില് ക്രമക്കേടുകള് ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് ഇദ്ദേഹത്തിന്റെ വാദം.
രാംശങ്കർ യാദവ്: ചമ്പത് റായുടെ മുൻ ഡ്രൈവറും നിലവില് അദ്ദേഹത്തിന്റെ വിശ്വസ്തനുമായ തിന്നു യാദവിന്റെ പേരിലുള്ള വൻ സ്വത്തുക്കളാണ് അന്വേഷണസംഘത്തെ അമ്പരപ്പിച്ചത്. ഇയാളുടെ വീട്ടില് നിന്നും പണം കണ്ടെടുത്തതായി സൂചനയുണ്ട്. എന്നാല് ട്രാൻസ്പോർട്ട് ബിസിനസ്സില് നിന്നുള്ള വരുമാനമാണിതെന്നാണ് ഇയാള് പറയുന്നത്.
ഡോ. അനില് കുമാർ മിശ്ര: പ്രതിഷ്ഠാ ചടങ്ങുകളിലും കണ്സ്ട്രക്ഷൻ മേല്നോട്ടത്തിലും സജീവമായിരുന്ന ഇദ്ദേഹത്തെ പണം കൈകാര്യം ചെയ്തതിലെ അപാകതകളുമായി ബന്ധപ്പെട്ടാണ് എസ്ഐടി ചോദ്യം ചെയ്തത്.
ഗോപാല് റാവു: കർണാടകയില് നിന്നുള്ള ഇദ്ദേഹമാണ് ദർശന ക്രമീകരണങ്ങളും വഴിപാടുകളും നിയന്ത്രിച്ചിരുന്നത്. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്ന് ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
സുരക്ഷാ വീഴ്ചയും മാറ്റങ്ങള്ക്കുള്ള നിർദ്ദേശവും
ദിവസേന ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന അയോധ്യയില് ഭണ്ഡാരങ്ങളില് നിന്നുള്ള പണം എണ്ണുന്നത് സ്വകാര്യ ഏജൻസിയും ബാങ്ക് ജീവനക്കാരുമാണ്. ഈ പ്രക്രിയ സിസിടിവി നിരീക്ഷണത്തിലായിരുന്നിട്ടും, ചില പ്രധാന ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള് അപ്രത്യക്ഷമായതും കൃത്യമായ രേഖകള് സൂക്ഷിക്കാത്തതും വലിയ വീഴ്ചയായി എസ്ഐടി ചൂണ്ടിക്കാണിക്കുന്നു.
തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം പോലെയുള്ള രാജ്യത്തെ പ്രമുഖ ക്ഷേത്രങ്ങളിലെ കർശനമായ ഭണ്ഡാരം എണ്ണല് രീതിയും ഡിജിറ്റല് സുരക്ഷാ സംവിധാനങ്ങളും അയോധ്യയിലും നടപ്പിലാക്കണമെന്ന് റിപ്പോർട്ടില് ശുപാർശയുണ്ട്. വരും ദിവസങ്ങളില് ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില് കൂടുതല് എഫ്ഐആറുകളും അറസ്റ്റുകളും ഉണ്ടായേക്കുമെന്നാണ് ഉത്തർപ്രദേശ് ഭരണകൂടത്തില് നിന്നും ലഭിക്കുന്ന സൂചന.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR