കള്ളുഷാപ്പിൽ നിന്നും ഭക്ഷണവും കള്ളും കഴിച്ചതിന് പിന്നാലെ യുവാവ് മരിച്ചു.
Kottayam , 22 ജൂണ് (H.S.) കള്ളുഷാപ്പിൽ നിന്നും ഭക്ഷണവും കള്ളും കഴിച്ചതിന് പിന്നാലെ യുവാവ് മരിച്ചു. കുമരകം സ്വദേശി ജ്യോതിഷ് (42) ആണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന അഞ്ച് സുഹൃത്തുക്കൾ കടുത്ത ശാരീരിക അസ്വസ്ഥതകളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സ
FOOD POISONING SUSPECT


Kottayam , 22 ജൂണ് (H.S.)

കള്ളുഷാപ്പിൽ നിന്നും ഭക്ഷണവും കള്ളും കഴിച്ചതിന് പിന്നാലെ യുവാവ് മരിച്ചു. കുമരകം സ്വദേശി ജ്യോതിഷ് (42) ആണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന അഞ്ച് സുഹൃത്തുക്കൾ കടുത്ത ശാരീരിക അസ്വസ്ഥതകളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവം ഭക്ഷ്യവിഷബാധയാണെന്ന ശക്തമായ സംശയത്തെത്തുടർന്ന് അധികൃതർ അന്വേഷണം ആരംഭിച്ചു.

കുമരകം സ്വദേശികളും കുമളി സ്വദേശികളുമടങ്ങുന്ന ഏഴംഗ സുഹൃത്തുക്കളുടെ സംഘമാണ് ശനിയാഴ്ച കോട്ടയത്തെ പരിപ്പിലുള്ള ഒരു കള്ളുഷാപ്പിൽ എത്തിയത്. ഇവർ ഷാപ്പിൽ നിന്നും മീൻതലക്കറിയും മറ്റ് ഭക്ഷണസാധനങ്ങളും കള്ളും വാങ്ങി. തുടർന്ന് സമീപത്ത് നിർത്തിയിട്ടിരുന്ന ഒരു ശിക്കാര വള്ളത്തിലിരുന്നാണ് ഏഴുപേരും ഒരുമിച്ച് ഭക്ഷണം കഴിച്ചത്.

ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്കകം തന്നെ ജ്യോതിഷ് ഉൾപ്പെടെയുള്ളവർക്ക് കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടാൻ തുടങ്ങി. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ചയോടെ ജ്യോതിഷ് മരണപ്പെടുകയായിരുന്നു.

അഞ്ച് പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയുമാണ്. ഒരാൾക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ജ്യോതിഷിൻ്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്യും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിനു ശേഷമേ മരണത്തിൻ്റെ യഥാർത്ഥ കാരണം കൃത്യമായി വ്യക്തമാകൂ എന്ന് വെസ്റ്റ് പൊലീസ് അറിയിച്ചു.

യുവാവിൻ്റെ മരണത്തിന് പിന്നാലെ പരിപ്പിലെ കള്ളുഷാപ്പിൽ പൊലീസും ഭക്ഷ്യസുരക്ഷാ വകുപ്പും അടിയന്തര പരിശോധന ആരംഭിച്ചു. ഇവിടെ നിന്നും ഭക്ഷണത്തിൻ്റെ സാമ്പിളുകൾ ശേഖരിച്ച് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സുഹൃത്തുക്കൾ കഴിച്ച ഭക്ഷണത്തിൽ നിന്നാണോ അതോ കള്ളിൽ നിന്നാണോ വിഷബാധയേറ്റത് എന്ന കാര്യത്തിൽ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ വ്യക്തത വരികയുള്ളൂ.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News