സംസ്ഥാന സർക്കാർ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കായി നടപ്പാക്കിയ സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി'ക്കെതിരായ പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി.
Ernakulam , 22 ജൂണ് (H.S.) സംസ്ഥാന സർക്കാർ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കായി നടപ്പാക്കിയ സൗജന്യ യാത്രാ പദ്ധതിയായ ''പ്രിയദർശിനി''ക്കെതിരായ പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് തെളിയിക്കാൻ ഹർജിക്കാരന് കഴിഞ്ഞില
High Court of Kerala


Ernakulam , 22 ജൂണ് (H.S.)

സംസ്ഥാന സർക്കാർ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കായി നടപ്പാക്കിയ സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി'ക്കെതിരായ പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് തെളിയിക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് സൗമൻ സെൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിൻ്റെ നടപടി. ഇതോടെ പദ്ധതിയുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഉറപ്പായി.

യുഡിഎഫ് സർക്കാരിൻ്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു സ്ത്രീകളുടെ സൗജന്യ യാത്ര. ഇതിൻ്റെ അടിസ്ഥാനത്തിൽ ഈ മാസം 15 മുതലാണ് പ്രിയദർശിനി പദ്ധതി എന്ന പേരിൽ കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ഔദ്യോഗികമായി നടപ്പാക്കിയത്.

സർക്കാരിൻ്റെ നയപരമായ തീരുമാനത്തിൻ്റെ ഭാഗമായാണ് പദ്ധതി പ്രഖ്യാപിച്ചതെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു. പദ്ധതിക്കെതിരായ ഹർജി തള്ളിയത് സംസ്ഥാന സർക്കാരിന് വലിയ ആശ്വാസമാവുകയാണ്. സ്ത്രീ ശാക്തീകരണവും തൊഴിലിടങ്ങളിലേക്കുള്ള അവരുടെ പങ്കാളിത്തവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പദ്ധതികൾ വിഭാവനം ചെയ്യുന്നതെന്നും, ഇത് സമൂഹത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

എറണാകുളം സ്വദേശിയാണ് പദ്ധതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. വരുമാന പരിധിയോ താമസ യോഗ്യതയോ കൃത്യമായ ക്ഷേമ ലക്ഷ്യങ്ങളോ ഇല്ലാതെ, കേവലം ലിംഗഭേദം മാത്രം അടിസ്ഥാനമാക്കി ആനുകൂല്യം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും തുല്യതയ്ക്കെതിരാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സാമ്പത്തിക മാനദണ്ഡമില്ലാതെ ആനുകൂല്യം നൽകുന്നത് വിവേചനപരമാണ്.

കൃത്യമായ നയപഠനമോ സാമ്പത്തിക ആഘാത വിലയിരുത്തലോ ഇല്ലാതെ ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം നേരിട്ട് സർക്കാർ ഉത്തരവാക്കി മാറ്റിയത് തെറ്റായ നടപടിയാണെന്നും ഹർജിക്കാരൻ വാദിച്ചു. പദ്ധതി വഴി സംസ്ഥാന ഖജനാവിന് പ്രതിവർഷം 800 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്നും, ഇത് സംസ്ഥാനത്തിൻ്റെ സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിക്കുമെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

എന്നാൽ ഈ വാദങ്ങളെല്ലാം ഡിവിഷൻ ബെഞ്ച് പൂർണ്ണമായും തള്ളി. സാമ്പത്തികമായി ഉയർന്ന നിലയിലുള്ള സ്ത്രീകൾക്കും ഈ പദ്ധതിയുടെ ഗുണം ലഭിക്കുന്നുണ്ടെങ്കിലും, അതിൻ്റെ പേരിൽ മാത്രം പദ്ധതി പൂർണ്ണമായി റദ്ദാക്കാൻ ആകില്ലെന്ന് കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്നവരിൽ ഏറെയും സാധാരണക്കാരായ തൊഴിലാളികളല്ലേ എന്ന് വാദം കേൾക്കുന്നതിനിടെ ഡിവിഷൻ ബെഞ്ച് ചോദിക്കുകയും ചെയ്തു. അതിനാൽ തന്നെ ഭരണഘടനാ ലംഘനമെന്ന ഹർജിക്കാരൻ്റെ വാദം നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. പൊതുഗതാഗത സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം പദ്ധതികൾ സഹായകമാകു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News