Enter your Email Address to subscribe to our newsletters

Kochi , 22 ജൂണ് (H.S.)
നഗരത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനായ വൈറ്റില ജംഗ്ഷന്റെ പുനർവികസന പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമായി.
നഗരത്തിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം ആദ്യഘട്ട പ്രവർത്തനങ്ങള് ജൂലൈ 30-നകം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
റോഡ് സേഫ്റ്റി അതോറിറ്റി അനുവദിച്ച 1.5 കോടി രൂപ വിനിയോഗിച്ചാണ് പൊതുമരാമത്ത് വകുപ്പ് (ദേശീയപാത വിഭാഗം) പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ പ്രവർത്തനങ്ങള് പൂർത്തിയാകുന്നതോടെ വൈറ്റില ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഏകദേശം 60 ശതമാനം വരെ കുറയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഏറെക്കാലമായി യാത്രക്കാർ ആവശ്യപ്പെടുന്ന പരിഷ്കാരങ്ങളാണ് നിലവില് ഇവിടെ നടപ്പാക്കി വരുന്നത്.
നിലവിലുള്ള ഗതാഗത സംവിധാനത്തെ കൂടുതല് കാര്യക്ഷമമായി പുനഃക്രമീകരിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇതിന്റെ ഭാഗമായി സഹോദരൻ അയ്യപ്പൻ (എസ്എ) റോഡില് നിന്ന് എത്തുന്ന സ്വകാര്യ ബസുകള് ഉള്പ്പെടെയുള്ള വലിയ വാഹനങ്ങളെ കണിയാമ്പുഴ റോഡ് വഴി വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ എക്സിറ്റ് ഭാഗത്തേക്ക് തിരിച്ചുവിടും.
ഇതിനായി നിലവിലുള്ള റോഡ് കട്ടുകള് പുനഃക്രമീകരിക്കുകയും ദേശീയപാത ഫ്ലൈഓവറിന്റെ തൂണുകള്ക്ക് സമീപമുള്ള ചില കോണ്ക്രീറ്റ് ഭാഗങ്ങള് നീക്കം ചെയ്യുകയും ചെയ്യും. ഈ പുതിയ വഴിയിലൂടെ സഞ്ചരിക്കുമ്പോള് വലിയ വാഹനങ്ങള്ക്ക് ചെറിയ തോതില് അധിക ദൂരം സഞ്ചരിക്കേണ്ടിവന്നാലും സിഗ്നലില് കാത്തുനില്ക്കുന്ന സമയം ഗണ്യമായി കുറയുമെന്ന് അധികൃതർ വിലയിരുത്തുന്നു.
അതേസമയം, കാറുകള് ഉള്പ്പെടെയുള്ള ചെറിയ വാഹനങ്ങള് എസ്എ റോഡില് നിന്ന് നിലവിലെ സിഗ്നല് വഴി തന്നെ കടന്ന് തൃപ്പൂണിത്തുറ ഭാഗത്തേക്ക് പോകുന്ന രീതിയിലായിരിക്കും ഗതാഗത ക്രമീകരണം. ഇതിനൊപ്പം വൈറ്റില ജംഗ്ഷനില് നിന്ന് കണിയാമ്പുഴ ഭാഗത്തേക്ക് 120 മീറ്റർ നീളവും 12.5 മീറ്റർ വീതിയുമുള്ള പുതിയ റോഡും നിർമ്മിക്കും. ഇത് വാഹനങ്ങള്ക്ക് മറ്റൊരു ബദല് പാത ഒരുക്കുകയും ജംഗ്ഷനിലെ തിരക്ക് കുറയ്ക്കുകയും ചെയ്യും.
പൊതുജനങ്ങള്ക്ക് പരമാവധി ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി മതിലുകള് പൊളിക്കുന്നതും കോണ്ക്രീറ്റ് ഘടനകളില് മാറ്റം വരുത്തുന്നതുമുള്പ്പെടെയുള്ള പ്രധാന നിർമാണ പ്രവർത്തനങ്ങള് രാത്രികാലങ്ങളില് മാത്രം നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. നിർമാണത്തിനിടെ ഉണ്ടാകുന്ന അവശിഷ്ടങ്ങള് ഉടൻ നീക്കം ചെയ്യാനും പകല് സമയത്തെ ഗതാഗതത്തെ ബാധിക്കാതിരിക്കാനും കരാറുകാർക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്.
വൈറ്റില ജംഗ്ഷന്റെ പുനർവികസനം കൊച്ചിയിലെ സമഗ്ര ഗതാഗത പരിഷ്കരണ പദ്ധതിയുടെ ഭാഗമാണ്. ഭാവിയില് വൈറ്റില ജംഗ്ഷനെ പൂർണമായും സിഗ്നല് രഹിത ജംഗ്ഷനാക്കി മാറ്റുന്നതിനുള്ള സാധ്യതകളും അധികൃതർ പരിശോധിക്കുന്നുണ്ട്. ഇതിനൊപ്പം കുണ്ടന്നൂർ ജംഗ്ഷൻ നവീകരണവും ഇടപ്പള്ളി-അരൂർ എലിവേറ്റഡ് ഹൈവേ പദ്ധതിയും യാഥാർഥ്യമായാല് ദേശീയപാത 66 വഴിയുള്ള കൊച്ചിയിലെ ഗതാഗതം കൂടുതല് സുഗമമാകുമെന്നാണ് പ്രതീക്ഷ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR