Enter your Email Address to subscribe to our newsletters

chennai, 23 ജൂണ്‍ (H.S.)
തമിഴ്നാട് നിയമസഭയില്‍ പ്രതിപക്ഷമായ ഡിഎംകെയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി വിജയ്. എം.കെ. സ്റ്റാലിനെയും മകന്‍ ഉദയനിധി സ്റ്റാലിനെയും കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. കൊളത്തൂര്‍ മണ്ഡലത്തിലെ സ്റ്റാലിന്റെ തോല്‍വി പരാമര്‍ശിച്ച്് പരിഹാസം മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായി. മുന്‍ സര്‍ക്കാര്‍ നടത്തിയ അഴിമതികള്‍ തന്റെ സര്‍ക്കാര്‍ ആവര്‍ത്തിക്കില്ലെന്നും ജനങ്ങളുടെ പണം കൊള്ളയടിക്കുന്നവരെ വെറുതെ വിടില്ലെന്നും വിജയ് സഭയില്‍ പറഞ്ഞു.
പ്രസംഗത്തിനിടെ ഡിഎംകെ അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വിജയ് തന്റെ പ്രശസ്തമായ സിനിമാ സ്‌റ്റൈലിലേക്ക് മാറി. 'ഒരു കുട്ടിക്കഥ സൊല്ലട്ടുമാ' എന്ന് സ്പീക്കറുടെ അനുമതിയോടെ ചോദിച്ച വിജയ്, ഒരു വൃദ്ധനും കുട്ടിയും തമ്മിലുള്ള സംഭാഷണത്തിലൂടെ സ്റ്റാലിനെയും ഉദയനിധിയെയും പേരെടുത്തു പറയാതെ പരിഹസിച്ചു.
സംസ്ഥാനത്തിന്റെ സാമ്പത്തിക മാനേജ്മെന്റിനെക്കുറിച്ച് പുറത്തിറക്കിയ ധവളപത്രത്തെ ആധാരമാക്കിയായിരുന്നു വിജയയുടെ അഴിമതി ആരോപണങ്ങള്‍. ഡിഎംകെ ഭരണകാലത്ത് പദവികള്‍ പണത്തിന് വില്‍ക്കുകയായിരുന്നുവെന്നും എന്നാല്‍ തന്റെ സര്‍ക്കാര്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും വിജയ് പറഞ്ഞു. ജനങ്ങളുടെ പണം കട്ടുമുടിച്ച മുന്‍ ഭരണാധികാരികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നുവെന്ന ഡിഎംകെയുടെ വിമര്‍ശനത്തിനും വിജയ് കൃത്യമായ മറുപടി നല്‍കി. വെറും 40 ദിവസം മാത്രം പ്രായമുള്ള ഒരു സര്‍ക്കാരിന് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ലഹരിവ്യാപനവും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും എങ്ങനെ പെട്ടെന്ന് പരിഹരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. നിലവിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണം മുന്‍ ഭരണകൂടത്തിന്റെ വീഴ്ചകളാണെന്നും വിജയ് കുറ്റപ്പെടുത്തി.
തമിഴ്നാട് രാഷ്ട്രീയത്തില്‍ തങ്ങള്‍ 2.0, 3.0 പതിപ്പുകളാണെന്ന് അവകാശപ്പെട്ടവരെ ജനങ്ങള്‍ വീട്ടിലിരുത്തിയെന്ന് വിജയ് പരിഹസിച്ചു. ഇത് വെറും 'അഭിനേതാക്കളുടെ ഭരണം' ആണെന്ന ഡിഎംകെയുടെ പരിഹാസത്തിന്, യഥാര്‍ത്ഥ ഭരണം എന്താണെന്ന് കാണാന്‍ പോകുന്നതേയുള്ളൂ എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. മുന്‍ സര്‍ക്കാര്‍ ചെയ്തതുപോലെ പണം കട്ടു മുടിക്കാനല്ല താന്‍ വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിഎംകെ പാര്‍ട്ടി ഫണ്ട് എന്ന പേരില്‍ പണം പിരിക്കുകയാണെന്ന് മുഖ്യമന്ത്രി വിജയ് സഭയില്‍ ആരോപിച്ചു. പൊതുമുതല്‍ തങ്ങള്‍ ഒരിക്കലും കൊള്ളയടിക്കില്ലെന്നും പുറത്തുവരുന്ന ഓരോ അഴിമതിക്കേസിലും അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ ആരെയും വെറുതെ വിടില്ലെന്നും വിജയ് വ്യക്തമാക്കി. ടിവികെ രാഷ്ട്രീയ അവസരവാദം കാണിക്കുകയാണെന്ന് ഡിഎംകെ അംഗങ്ങള്‍ ആരോപിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ശക്തമായ ഭാഷയില്‍ തിരിച്ചടിച്ചത്.
---------------
Hindusthan Samachar / Sreejith S