Enter your Email Address to subscribe to our newsletters

Kottarakkara, 23 ജൂണ് (H.S.)
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് നാടിനെ നടുക്കിയ ദാരുണമായ വാഹനാപകടം. നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് കാത്തുനിന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി മറിഞ്ഞു. അപകടത്തിൽ ഒരു വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർ മരണപ്പെട്ടു. രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ചൊവ്വാഴ്ച രാവിലെ 7.15 ഓടെയാണ് സംഭവം.
സ്കൂളുകളിലേക്കും കോളേജുകളിലേക്കും പോകാനായി നിരവധി വിദ്യാർത്ഥികളും മറ്റ് യാത്രക്കാരും നീലേശ്വരത്തെ ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുമ്പോഴായിരുന്നു അമിതവേഗതയിലെത്തിയ ടിപ്പർ ലോറി ദുരന്തം വിതച്ചത്. പൂർണ്ണമായും മണ്ണ് കയറ്റി വന്ന ലോറി, നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലെ വെയിറ്റിങ് ഷെഡിലേക്ക് പാഞ്ഞുകയറുകയും തുടർന്ന് യാത്രക്കാരുടെ മുകളിലേക്ക് മറിയുകയുമായിരുന്നു. ലോറിയിലുണ്ടായിരുന്ന ടൺ കണക്കിന് മണ്ണും വാഹനത്തിന്റെ അവശിഷ്ടങ്ങളും വീണ് കുട്ടികൾ ഉൾപ്പെടെയുള്ളവർ അതിനടിയിൽ പെട്ടുപോയി.
ഓടിമാറിയത് ചിലർ മാത്രം; ദുരന്തം വിതച്ച് അമിതവേഗത
അപകടസമയത്ത് പന്ത്രണ്ടോളം പേർ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. നിയന്ത്രണം വിട്ട് പാഞ്ഞു വരുന്ന ലോറി കണ്ട് ചിലർ ഓടിമാറിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. എന്നാൽ, ഓടിമാറാൻ സാവകാശം ലഭിക്കാതിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 7.10-ന് വരേണ്ടിയിരുന്ന ബസ് അല്പം വൈകിയതാണ് സ്റ്റോപ്പിൽ ഇത്രയധികം കുട്ടികൾ ഒത്തുകൂടാൻ കാരണമായതെന്ന് നാട്ടുകാർ പറയുന്നു.
ലോറി പൂർണ്ണമായും മറിഞ്ഞതോടെ അടിയിൽപ്പെട്ട കുട്ടികളെയും യാത്രക്കാരെയും പുറത്തെടുക്കാൻ നാട്ടുകാർ ഉടൻ തന്നെ രംഗത്തിറങ്ങി. തുടർന്ന് കൊട്ടാരക്കരയിൽ നിന്നും പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. ജെ.സി.ബി ഉപയോഗിച്ച് മണ്ണും ലോറിയുടെ ഭാഗങ്ങളും മാറ്റിയാണ് ആളുകളെ പുറത്തെടുത്തത്. രക്ഷാപ്രവർത്തനത്തിനിടയിൽ കുട്ടികളുടെ സ്കൂൾ ബാഗുകളും പുസ്തകങ്ങളും ചിതറിക്കിടക്കുന്ന ദയനീയ കാഴ്ചയാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്.
മൂന്ന് പേരുടെ ജീവൻ പൊലിഞ്ഞു
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരാണ് മരണപ്പെട്ടത്. ഇതിൽ ഒരാൾ നീലേശ്വരം സ്വദേശിയും അധ്യാപകനുമായ ഹരിലാൽ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരിൽ ഒരാൾ പത്താം ക്ലാസ് വിദ്യാർത്ഥിയായ പാർത്ഥിപ് ആണെന്നും വിവരമുണ്ട്. മൂന്നാമത്തെയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
അപകടത്തിൽ പരിക്കേറ്റ മറ്റ് അഞ്ച് പേരെ ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും സമീപത്തെ മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റ മറ്റ് നാല് കുട്ടികളുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മുന്നിൽ പോയ ബൈക്കിൽ തട്ടാതിരിക്കാൻ ലോറി പെട്ടെന്ന് വെട്ടിച്ചപ്പോഴാണ് നിയന്ത്രണം നഷ്ടമായി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. ടിപ്പർ ലോറിയുടെ അമിതവേഗതയാണ് ഇത്രയും വലിയൊരു ദുരന്തത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ഈ അപകടത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് വലിയ തോതിലുള്ള ജനരോഷവും ഉയരുന്നുണ്ട്.
---------------
Hindusthan Samachar / Roshith K