Enter your Email Address to subscribe to our newsletters

Kerala, 23 ജൂണ്‍ (H.S.)
വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് എന്‍ജിഒകള്‍ക്കുള്ള നിയമങ്ങള്‍ കര്‍ശനമാക്കി. എഫ്‌സിആര്‍എ നിയമത്തില്‍ വരുത്തിയ പുതിയ ഭേദഗതി പ്രകാരം മതപരിവര്‍ത്തനത്തിന് വിദേശ ഫണ്ട് ഉപയോഗിക്കുന്നത് പൂര്‍ണമായും വിലക്കി. എന്‍ജിഒകള്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലയും ഉദ്ദേശ്യവും മുന്‍കൂട്ടി നിശ്ചയിച്ച പട്ടികയില്‍ നിന്ന് തെരഞ്ഞെടുക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.
ഇന്ത്യന്‍ വംശജരല്ലാത്ത വിദേശ പൗരന്മാരെ എന്‍ജിഒകളുടെ പ്രധാന പ്രവര്‍ത്തകരായി ഉള്‍പ്പെടുത്തിയാല്‍ വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള മുന്‍കൂര്‍ അനുമതിയോ രജിസ്‌ട്രേഷനോ സാധാരണഗതിയില്‍ നല്‍കില്ല. എന്നാല്‍, പ്രത്യേക സാഹചര്യങ്ങളില്‍ വിദേശ പൗരന്മാരെ പ്രധാന പ്രവര്‍ത്തകരായി ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് പ്രത്യേക ഉത്തരവിലൂടെ അനുമതി നല്‍കാമെന്നും ഭേദഗതിയില്‍ പറയുന്നു. ഇന്ത്യയിലെ എന്‍ജിഒകള്‍ വിദേശ പണം സ്വീകരിക്കുന്നതിലും വിനിയോഗിക്കുന്നതിലും സുതാര്യത ഉറപ്പാക്കാനാണ് 2011ലെ എഫ്‌സിആര്‍എ നിയമങ്ങളില്‍ സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തിയത്.
വിദേശ ഫണ്ട് സ്വീകരിക്കുന്നതിനായി രജിസ്‌ട്രേഷന്‍ തേടുന്ന എന്‍ജിഒകള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ കൃത്യമായ ഉദ്ദേശ്യവും പ്രവര്‍ത്തിക്കുന്ന സംസ്ഥാനമോ കേന്ദ്രഭരണ പ്രദേശമോ അപേക്ഷയില്‍ വ്യക്തമാക്കണം. മതപരം, സാംസ്‌കാരികം, സാമ്പത്തികം, വിദ്യാഭ്യാസം, സാമൂഹികം എന്നീ വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന പട്ടികയില്‍ നിന്നാണ് പ്രവര്‍ത്തന മേഖല തെരഞ്ഞെടുക്കേണ്ടത്. എന്‍ജിഒകള്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ ഈ വിശദാംശങ്ങള്‍ കൃത്യമായി രേഖപ്പെടുത്തും. 2026ന് മുന്‍പ് രജിസ്റ്റര്‍ ചെയ്ത എല്ലാ സംഘടനകള്‍ക്കും തങ്ങളുടെ പ്രവര്‍ത്തന ഉദ്ദേശ്യങ്ങളും സംസ്ഥാനങ്ങളും സര്‍ക്കാരിനെ അറിയിക്കാന്‍ ഒരു വര്‍ഷത്തെ സമയം അനുവദിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S