Enter your Email Address to subscribe to our newsletters

Thiruvanathapuram, 23 ജൂണ്‍ (H.S.)
തിരുവനന്തപുരം : വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ പഴയ പൈപ്പ് ലൈനുകൾമാറ്റി സ്ഥാപിക്കാൻ ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്റെ ഇടപെടൽ. ഇതിനായി ഒൻപത് റോഡുകളുടെ ടാർ കട്ടിംഗിന് അനുമതി ഉടൻ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സെക്രട്ടേറിയറ്റിൽ മന്ത്രിയുടെ ചേമ്പറിൽ നടന്ന വട്ടിയൂർക്കാവ് നിയോജക മണ്ഡലം മോണിറ്ററിംഗ് കമ്മിറ്റിയുടെ യോഗത്തിലാണ് മന്ത്രി കെ.മുരളീധരൻ ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. റോഡ് കട്ട് ചെയ്യാൻ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ ദീർഘകാലമായി പ്രവർത്തികൾ പ്രതിസന്ധിയിലായിരുന്നു. പ്രഷർ കൂടുമ്പോൾ പഴയപൈപ്പ് ലൈൻ പൊട്ടുന്ന സംഭവങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇതിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് മന്ത്രി കെ.മുരളീധരൻ നിർദ്ദേശിച്ചത്. പേരൂർക്കട - കുടപ്പനകുന്ന് റോഡ്, എ.കെ.ജി - കൃഷ്ണ നഗർ റോഡ്. പട്ടം - കേശവദാസപുരം, മുക്കോല - അമ്പലത്തുനട, ചാലക്കുഴി - മെഡിക്കൽ കോളേജ്, ജവഹർ നഗർ - മെയിൻ റോഡ്, കേശവദാസപുരം - മണ്ണന്തല റോഡ്, പാതിരപ്പള്ളി - എം.എൽ.എ റോഡ്, മുക്കോല - ചൂഴൻപാല റോഡ് എന്നീ റോഡുകളുടെ ടാർ കട്ടിംഗിനാണ് നടത്താനുള്ളത്. പൈപ്പുകൾ കാലഹരണപ്പെട്ടതിനാൽ പ്രഷർ കൂടുമ്പോൾ ഇടയ്ക്കിടെ പൊട്ടാറുണ്ട്. ഇതോടെ കുടിവെള്ളം മുടങ്ങി ജനങ്ങൾ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യം അവസാനിപ്പിക്കാനാണ് മന്ത്രി കെ.മുരളീധരന്റെ ഇടപെടൽ.
മുട്ടട വാർഡിൽ പട്ടം പാലത്തിന് കുറുകേയുള്ള മൂലേത്തോപ്പ് പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധിയ്ക്കും പരിഹാരമായി. പാലം നിർമ്മാണത്തിന്റെ പൈലിംഗ് ഘട്ടത്തിൽ സ്വീവേജ് ലൈൻ പൊട്ടിപോയിരുന്നു. ഇതിന്റെ അറ്റകുറ്റപണിയ്ക്കായി 22ലക്ഷം രൂപ വേണം. എന്നാൽ പദ്ധതി തുകയ്ക്ക് പുറത്തു നിന്ന് ഇതിനുള്ള പണം കണ്ടെത്തുന്നത് ശ്രമകരമായിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ മന്ത്രി കെ.മുരളീധരൻ പോംവഴിയു കണ്ടെത്തി. കനകക്കുന്നിന് മുന്നിൽ ബസ് സ്റ്റാൻഡ് നിർമ്മാണത്തിനായി നേരത്തെ തുക അനുവദിച്ചെങ്കിലും ഇവിടെ അത് പ്രായോഗികമല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിനായി വകയിരുത്തിയിട്ടുള്ള പണം മൂലേത്തോപ്പ് പാലവുമായി ബന്ധപ്പെട്ട സ്വീവേജിന്റെ അറ്റകുറ്റപണിയ്ക്ക് വിനിയോഗിക്കാൻ നിർദ്ദേശം നൽകി. കളക്ടറുടെ അധികാര പരിധിയിൽ വരുന്ന വിഷയമായതിനാൽ അതിവേഗം ഇത് സംബന്ധിച്ച നടപടികൾ പൂർത്തിയാക്കാനാകും. വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ട് വട്ടിയൂർക്കാവ് ജുമാമസ്‍ജിദ് ഭാരവാഹികൾ ഉന്നയിച്ച പ്രശ്നം പരിശോധിക്കാനും നിയോജക മണ്ഡലം മോണിറ്ററിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. ജുമാമസ്‍ജിദിനെ ബാധിക്കത്ത വിധം ജംഗ്ഷൻ വികസനത്തിനുള്ള സാദ്ധ്യതാ പഠനം നടത്താൻ കെ.ആർ.എഫ്.ബി - പി.എം.യു വിഭാഗത്തെ ചുമതലപ്പെടുത്തി. വാട്ടർ അതോറിട്ടി, സ്വീവേജ്, പി.ഡബ്ല്യു.ഡി ബിൾഡിംഗ്സ്, പി.ഡബ്ല്യു.ഡി മെയ്ന്റനൻസ്, പി.ഡബ്ല്യു.ഡി സ്‍പെഷ്യൽ ബിൾഡിംഗ്സ്, പി.ഡബ്ല്യു.ഡി എൻ.എച്ച്, കെ.ആർ.എഫ്.ബി, കെ.ആർ.എഫ്.ബി (പി.എം.യു) വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
---------------
Hindusthan Samachar / Sreejith S