Enter your Email Address to subscribe to our newsletters

New delhi, 24 ജൂണ്‍ (H.S.)
അരുണാചല്‍പ്രദേശിനെ ദുരിതത്തിലാക്കി മിന്നല്‍ പ്രളയം. കെയീ പന്യോര്‍ ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിര്‍മാണത്തിലിരുന്ന സംരക്ഷണഭിത്തി തകര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് 18 വീടുകള്‍ തകര്‍ന്നു. പ്രളയത്തില്‍ മൂന്ന് പേരെ കാണാതായതായും ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ ഗതാഗതം തടസ്സപ്പെട്ടതായും അധികൃതര്‍ അറിയിച്ചു.
രാവിലെയോടെയാണ് കെയീ പന്യോര്‍ ജില്ലയെ നടുക്കി പ്രളയമുണ്ടായത്. യാസാലി സര്‍ക്കിളിന് കീഴിലുള്ള പൂസയ്ക്ക് സമീപമുള്ള നീപ്‌കോ പ്രൊജക്ട് കോളനിയിലാണ് മിന്നല്‍പ്രളയമുണ്ടായത്. ഇവിടെനിന്നാണ് മൂന്ന് പേരെ കാണാതായത്. കനത്ത മഴയില്‍ നിര്‍മാണത്തിലിരുന്ന സംരക്ഷണഭിത്തി തകര്‍ന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇതേത്തുടര്‍ന്ന് കോളനിക്കും സമീപത്തുമുള്ള താഴ്ന്ന പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് വലിയ തോതില്‍ വെള്ളം ഇരച്ചുകയറുകയായിരുന്നു. 18 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
സംസ്ഥാന ദുരന്തനിവാരണ സേനയുടെ (എസ്.ഡി.ആര്‍.എഫ്) ഒരു സംഘത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയ്ക്കും (എന്‍.ഡി.ആര്‍.എഫ്) ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പ്രദേശത്തേക്ക് തിരിച്ചു. യാസാലി പരിധിയിലുള്ള മുഴുവന്‍ റിസര്‍വ് ഉദ്യോഗസ്ഥരെയും വാഹനങ്ങളെയും രക്ഷാപ്രവര്‍ത്തനത്തിനായി സജ്ജമാക്കിയിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S