തമ്മിലടി രൂക്ഷമായ തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കവുമായി യുഡിഎഫ്
Thiruvananthapuram , 26 ജൂണ് (H.S.) തമ്മിലടി രൂക്ഷമായ തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കവുമായി യുഡിഎഫ്. തിങ്കളാഴ്ച നടക്കുന്ന കൗൺസിൽ യോഗത്തിൽ യുഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചാൽ എൽഡിഎഫ് പിന്തുണക്കുകയാണെങ്കിൽ നഗരസഭയിൽ ന
Municipal corporations


Thiruvananthapuram , 26 ജൂണ് (H.S.)

തമ്മിലടി രൂക്ഷമായ തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കവുമായി യുഡിഎഫ്. തിങ്കളാഴ്ച നടക്കുന്ന കൗൺസിൽ യോഗത്തിൽ യുഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചാൽ എൽഡിഎഫ് പിന്തുണക്കുകയാണെങ്കിൽ നഗരസഭയിൽ നിർണായക നീക്കങ്ങൾ അരങ്ങേറും. ഭരണസ്തംഭനം ചൂണ്ടിക്കാണിച്ച് അവിശ്വാസപ്രമേയം അവതരിപ്പിക്കാനുള്ള നീക്കമാണ് യുഡിഎഫ് നടത്തുന്നത്.

അക്കൗണ്ടുകളിലെ കളി; ബി ജെ പിയെ വീഴ്ത്താൻ പ്രതിപക്ഷ കൂട്ടായ്മ

101 അംഗങ്ങളുള്ള തിരുവനന്തപുരം കോർപ്പറേഷൻ ഒരു സ്വതന്ത്രൻ്റെ പിന്തുണയോടെ 51 അംഗങ്ങളുമായാണ് ബിജെപിയുടെ ഭരണം. യുഡിഎഫിൻ്റെ അംഗബലം 20 ആണ്. അതിനാൽതന്നെ ഒറ്റയ്ക്ക് പ്രമേയം കൊണ്ടുവന്ന് വിജയിപ്പിക്കുക സാധ്യമല്ല. 51 ആണ് അംഗബലമെങ്കിലും വാഴോട്ടുകോണത്തെ കൗൺസിലർ സുഗതൻ നിലവിൽ കാപ്പാ കേസിൽ ജയിലിലാണ്. സുഗതൻ ഇല്ലാത്തിനാൽ ബിജെപിയുടെ നിലവിലെ അംഗസംഖ്യ 50 ആണ്. എൽഡിഎഫിന് 29 അംഗങ്ങളാണുള്ളത്.

ഈ സാഹചര്യത്തിൽ യുഡിഎഫും എൽഡിഎഫും യുഡിഎഫ് വിമതനായി മത്സരിച്ച സ്വതന്ത്രനും കൈകോർത്താൽ 50 പേർ ഭരണപക്ഷത്തിനെതിരെ വോട്ട് ചെയ്യുന്ന സ്ഥിതിയുണ്ടാകും. സുഗതന് ജാമ്യം കിട്ടിയാൽ മാത്രമേ കോർപറേഷനിലെ അടുത്ത നടപടിക്രമങ്ങളിൽ പങ്കെടുക്കാനാവൂ. മാത്രമല്ല, അടുത്ത രണ്ട് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതിരിക്കുന്ന പക്ഷം സുഗതന് കൗൺസിലർ സ്ഥാനം നഷ്ടപ്പെടുകയും ചെയ്യും, അത്തരമൊരു പ്രതിസന്ധിയും ബിജെപിക്ക് മുന്നിലുണ്ട്.

യുഡിഎഫിൻ്റെ അവിശ്വാസ പ്രമേയത്തോട് എൽഡിഎഫിൻ്റെ നിലപാടാണ് നിർണായകം. കോർപ്പറേഷനിൽ നടക്കുന്നത് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള ഒത്തുകളിയാണെന്നും അതിൻ്റെ ഭാഗമായുള്ള നാടകമാണ് കഴിഞ്ഞ ദിവസമുണ്ടായ പ്രശ്നങ്ങളെന്നുമാണ് ബിജെപിയുടെ ആരോപണം. സുഗതനെ കൗൺസിലർ സ്ഥാനത്തുനിന്ന് നീക്കണമെന്നാണ് എൽഡിഎഫും യുഡിഎഫും ആവശ്യപ്പെടുന്നത്. അതിൻ്റെ ഭാഗമായി കോർപ്പറേഷനിൽ എൽഡിഎഫ് നടത്തിയ പ്രതിഷേധമാണ് കഴിഞ്ഞ ദിവസം സംഘർഷത്തിൽ കലാശിച്ചത്.

തുടർസമരങ്ങളുമായി യുഡിഎഫ്; നിലപാട് വ്യക്തമാക്കി എൽഡിഎഫ്

അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തന്നെയാണ് യുഡിഎഫിൻ്റെ തീരുമാനമെന്ന് പാർലമെൻ്ററി പാർട്ടി നേതാവ് കെ എസ് ശബരിനാഥൻ ഇടിവി ഭാരതിനോട് പറഞ്ഞു. നഗരസഭയിൽ ഭരണപരമായ ഒരു കാര്യവും നടക്കുന്നില്ല. കാപ്പ കേസിൽ അറസ്റ്റു ചെയ്യപ്പെട്ട വ്യക്തി കൗൺസിലർ സ്ഥാനം രാജിവക്കണം. അതുവരെ യുഡിഎഫ് സമരം തുടരുമെന്നും ശബരീനാഥൻ പറഞ്ഞു. യുഡിഎഫിൻ്റെ അവിശ്വാസ പ്രമേയത്തെ പിന്തുണക്കുന്നത് നയപരമായ വിഷയമായതിനാൽ രാഷ്ട്രീയ ചർച്ചകൾക്കു ശേഷം തീരുമാനം കൈക്കൊള്ളുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി ജോയ് ഇടിവി ഭാരതിനോട് പറഞ്ഞു.

അഞ്ചു വർഷം ഭരണം സുരക്ഷിതം, പ്രതിപക്ഷത്തെ നേരിടും: മേയർ വി വി രാജേഷ്എന്നാൽ നഗരസഭയിൽ ബിജെപി ഭരണം പൂർണ്ണ സുരക്ഷിതമാണെന്ന് മേയർ വി വി രാജേഷ് പ്രതികരിച്ചു. കഴിഞ്ഞ ദിവസത്തെ കൗൺസിൽ സംഘർഷത്തിൽ പരിക്കേറ്റ മേയർ, പ്രതിപക്ഷത്തിൻ്റെ അവിശ്വാസ പ്രമേയത്തെ നേരിടുമെന്ന് വ്യക്തമാക്കി. കൗൺസിലർ അല്ലാത്തവർ നഗരസഭയ്ക്കുള്ളിൽ കയറി സമരം ചെയ്യരുതെന്നും, ജയിലിലുള്ള കൗൺസിലർ സുഗതൻ്റെ ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ നിർമ്മാണങ്ങളിലും ചീഫ് സെക്രട്ടറി വഴി ഫോറൻസിക് പരിശോധന നടത്താൻ സർക്കാർ ഫോറൻസിക് ഓഡിറ്റിംഗ് ആവശ്യപ്പെടുമെന്നും മേയർ പറഞ്ഞു.

സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര സെക്രട്ടറി കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. അദ്ദേഹത്തിൻ്റെ സത്യപ്രതിജ്ഞയും അസാധുവായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ വീണ്ടും സത്യപ്രതിജ്ഞയ്ക്ക് അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് സുഗതൻ കോടതിയെ സമീപിക്കാനൊരുങ്ങുമ്പോൾ, ഈ പുനർസത്യപ്രതിജ്ഞ ചട്ടവിരുദ്ധമാണെന്ന പരാതിയിൽ സർക്കാരും നിലവിൽ നിയമോപദേശം തേടുകയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News