Enter your Email Address to subscribe to our newsletters

Idukki , 26 ജൂണ് (H.S.)
ജനവാസ മേഖലയിലെ പ്രശ്നങ്ങൾ മനസിലാക്കുന്നതിനും ശാശ്വതമായ പരിഹാര മാർഗങ്ങൾ നിര്ദേശിക്കുന്നതിനും ഇടുക്കി ചിന്നക്കനാലിൽ സന്ദർശനം നടത്തി വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. സ്ഥലത്തെത്തിയ മന്ത്രി പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തി. ചിന്നക്കനാലിലേത് സങ്കീർണമായ വിഷയമാണെന്നും ആനയുടെ സഞ്ചാരപാതകൾ അടഞ്ഞതാണ് പ്രധാന പ്രശ്നമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ജനവാസ മേഖലയിൽ ഫെൻസിങ് സ്ഥാപിക്കുന്നത് ശാശ്വത പരിഹാരമാണോയെന്ന് പരിശോധിക്കുമെന്നും അതിനെപ്പറ്റി ആധികാരികമായി പഠിക്കുമെന്നും മന്ത്രി പറഞ്ഞു.
കാട്ടാന ആക്രമണത്തിൽ മരിച്ച മാരിയുടെ മകന് പൂർണ സംരക്ഷണം: കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാരിയുടെ മകന്റെ സംരക്ഷണത്തെപ്പറ്റിയും മന്ത്രി ആവർത്തിച്ചു. വനം വകുപ്പിൻ്റെ ഭാഗത്തുനിന്ന് കൃത്യമായി ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തു. ഫോറസ്റ്റ് ഡിപ്പാർട്ടിമെൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായി കുട്ടികളെ ദത്തെടുത്തിരിക്കുകയാണ്. അവർക്കൊരു മെൻ്ററെ വച്ചു. കുട്ടിക്ക് 18 വയസ് തികയുന്നതുവരെ എല്ലാ കാര്യവും വകുപ്പ് നോക്കും. 18 വയസ് വരെ റേഷൻ, ഭക്ഷ്യ വസ്തുക്കൾ എന്നിവ എത്തിച്ച് നൽകും. 5000 രൂപ വീതം മാസം ചെലവിന് കൊടുക്കും. സ്കൂളുമായി ബന്ധപ്പെട്ട ഫീസുകളും കൊടുക്കും.
ഭാവിയിൽ വീട് പോലുള്ള ആവശ്യങ്ങൾ ഉണ്ടെങ്കിൽ അതും ചെയ്തു കൊടുക്കും. ഇതിൻ്റെ പിന്നിലെ ധാർമ്മിക ഉത്തരവാദിത്തം എറ്റെടുത്തിട്ടാണ് വകുപ്പ് ഇത്തരമൊരു കാര്യം ചെയ്യുന്നത്. കുട്ടി പ്രായപൂർത്തി ആയിട്ടില്ലെങ്കിൽക്കൂടി ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള കാര്യങ്ങളും ചെയ്യുന്നുണ്ട്. ദൗർഭാഗ്യകരമായ അവസ്ഥകളിൽ ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും ഉണ്ടാകും.
കുട്ടിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്ന ദിവസം വരണമെന്ന് വിചാരിച്ചിരുന്നതാണ്. ഇവിടുത്തെ എംപിയും എംഎൽഎയും നിരന്തരമായി ഈ വിഷയവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യുന്നുണ്ടായിരുന്നു. ഇത് വളരെ സങ്കീർണമായ വിഷയം തന്നെയാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
ആനയുടെ സഞ്ചാരപാതകൾ അടഞ്ഞു
ചിന്നക്കനാലിൽ ആനകൾ നിരന്തരമായി ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ആനകളുടെ പരമ്പരാഗത സഞ്ചാരപാതകൾ പലയിടത്തും അടഞ്ഞുപോയതാണ് ഇതിന് പ്രധാന കാരണം. ട്രൈബൽ റീസെറ്റിൽമെൻ്റുകളും, റവന്യൂ ഭൂമിയിൽ ഉയർന്നുവന്ന വൻകിട സ്ഥാപനങ്ങളും ആനകളുടെ വഴി തടസപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആനകൾ ജനങ്ങളുമായി നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടാകുന്നത്. നിലവിൽ പതിനെട്ടോളം ആനകൾ ഈ പ്രദേശത്തുണ്ടെന്നാണ് കണക്കാക്കുന്നത്. ജനവാസ മേഖലയെ പൂർണമായി വേലി കെട്ടി തിരിക്കുക എന്നത് പ്രായോഗികമാണോ എന്നും, അത് ശാശ്വത പരിഹാരമാകുമോ എന്നും വനം വകുപ്പ് ഗൗരവമായി പഠിക്കും.
നാട്ടുകാരെയും ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും കേട്ട ശേഷമേ ഇതിൽ ശാസ്ത്രീയമായ ഒരു തീരുമാനത്തിലേക്ക് എത്താൻ കഴിയൂ. ഹൈക്കോടതിയുടെ നിരീക്ഷണങ്ങളും വിദഗ്ധ സമിതിയുടെ ശുപാർശകളും സർക്കാരിൻ്റെ മുന്നിലുണ്ട്. ഇവയെല്ലാം പഠിച്ച ശേഷം പ്രായോഗികമായ വശങ്ങൾ ബഹുമാനപ്പെട്ട ഹൈക്കോടതിയെ ബോധ്യപ്പെടുത്തും.
ജനവാസ മേഖലയിൽ ഏറെക്കാലമായി ആന ശല്യം രൂക്ഷമാണ്. ആനയുടെ സഞ്ചാര പാത കൈയേറിയിട്ടുണ്ടെന്ന് കോടതിയും നിരീക്ഷിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശാശ്വത പരിഹാരത്തിന് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഫെൻസിങ്ങിനെപ്പറ്റിയുള്ള വിഷയത്തെപ്പറ്റി പഠിച്ചുവരുന്നുവെന്ന് മന്ത്രി സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം മൂന്നാറുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിലെ അപാകതകളെക്കുറിച്ച് ചർച്ചകൾ നടന്നു. ചർച്ചയിൽ ഇവിടുത്തെ എംപിയും എംഎൽഎയും അടക്കം പങ്കെടുത്തു. ഈ വിഷയത്തിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ യോഗം വിളിച്ചിരുന്നു. യഥാർഥത്തിൽ പരിസ്ഥിതി വകുപ്പിൻ്റെ കീഴിൽ വരുന്ന ഒരു പ്രശ്നമാണിത്. എങ്കിലും വകുപ്പിൻ്റെ എല്ലാ ഇടപെടലും ഉണ്ടാകുമെന്നും വ്യക്തമാക്കി.
ശാശ്വത പരിഹാരത്തിനുള്ള റെസിപ്പിയുമായല്ല വന്നതെന്ന് മന്ത്രി
ഇവിടുത്തെ സങ്കീർണത താൻ ഇവിടെ എത്തിയപ്പോഴാണ് ബോധ്യമായത്. വളരെ ദൗർഭാഗ്യകരമായ സംഭവമാണിവിടെ നടന്നത്. ജനങ്ങളുടെയും വനം വകു്പ്പ് ഉദ്യോഗസ്ഥരുടെയും പരിമിതികൾ മനസിലാക്കി അവ പരിഹരിക്കാനാണ് താനിപ്പോൾ ഇവിടെ എത്തിയിരിക്കുന്നത്. ഇവിടെ എത്തിയപ്പോൾ ആർആർടിയുടെ പ്രവർത്തനത്തിലെ പോരായ്മയല്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ചിന്നക്കനാലിലെ സങ്കീർണമായ കാട്ടാന ശല്യത്തിന് അടിയന്തര തടയിടാൻ വനം വകുപ്പിൻ്റെ പ്രത്യേക ആർആർടിയെ (Rapid Response Team) നിയമിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. കഴിഞ്ഞ ജൂൺ എട്ടിന് മേഖലയിലുണ്ടായ കാട്ടാന ആക്രമണത്തിൽ മാരി എന്ന സ്ത്രീ ദാരുണമായി കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ചിന്നക്കനാലിലെ വന്യജീവി-മനുഷ്യ സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിനായി പ്രദേശം നേരിട്ട് സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. വർഷങ്ങളായി നിലനിൽക്കുന്ന പ്രശ്നങ്ങളാണ് ഇവിടെയുള്ളത്. വിഷയത്തെപ്പറ്റി പഠിച്ചാലെ പരിഹാരം കാണാൻ സാധിക്കൂ. അല്ലാതെ ശാശ്വത പരിഹാരത്തിനുള്ള റെസിപ്പിയുമായല്ല താൻ വന്നതെന്നും മന്ത്രി ഷിബു ബേബി ജോൺ മാധ്യമങ്ങളോട് പറഞ്ഞു.
വരും ദിവസങ്ങളിൽ എല്ലാവരുമായി ചർച്ച ചെയ്ത് ദീർഘകാലാടിസ്ഥാനത്തിലുള്ള ശാശ്വത പരിഹാരം കണ്ടെത്തുമെന്നും മന്ത്രി ഉറപ്പുനൽകി. എന്നാൽ, നിലവിലെ യാഥാർഥ്യം ഉൾക്കൊണ്ട് ജനങ്ങൾക്ക് അടിയന്തര സുരക്ഷ ഉറപ്പാക്കാനാണ് എല്ലാ സജ്ജീകരണങ്ങളോടും കൂടിയ അഡീഷണൽ ആർആർടിയെ പ്രദേശത്ത് ഉടനടി വിന്യസിക്കാൻ ഉത്തരവിട്ടിരിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR