Enter your Email Address to subscribe to our newsletters

Malappuram , 26 ജൂണ് (H.S.)
ദേശീയപാത 66 ലെ മലപ്പുറം വെട്ടിച്ചിറ ടോൾ പ്ലാസയിൽ സംഘർഷത്തിൽ പരാതി നൽകാതെ ജീവനക്കാരും ഡ്രൈവറും. കാർ ഡ്രൈവറും ടോൾ പ്ലാസയിലെ ജീവനക്കാരും നാട്ടുകാരും തമ്മിലുള്ള ഏറ്റുമുട്ടലിൻ്റെ വീഡിയോ ദൃശ്യങ്ങള് വൈറലായിരുന്നു. എന്നാൽ വൈറൽ കൂട്ടത്തല്ലിൽ ആർക്കും പരാതിയില്ലാത്തതിനാൽ ഇതുവരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. നേരത്തെയും ജീവനക്കാരും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായിട്ടുള്ള ടോള് പ്ലാസ കൂടിയാണിത്.
ടോള് പ്ലാസ കടക്കുന്ന വാഹനത്തില് ജീവനക്കാരന് വടികൊണ്ട് അടിച്ചതാണ് സംഘർഷത്തിന് കാരണം. ടോള് പ്ലാസ ജീവനക്കാരന് വാഹനത്തിലേക്ക് തുടര്ച്ചയായി വടി കൊണ്ട് അടിക്കുന്നത് സി സി ടി വി ദൃശ്യങ്ങളിലുണ്ട്. ഇതോടെയാണ് കൈയ്യാങ്കളിയിലേക്ക് കാര്യങ്ങള് നീങ്ങിയത്. ഈ ടോള് പ്ലാസക്ക് എതിരെ നാട്ടുകാര് വ്യാപക പരാതിയും ഉന്നയിക്കുന്നുണ്ട്. ജീവനക്കാര് മോശമായി പെരുമാറുന്നുവെന്നത് തന്നെയാണ് പ്രധാനമായുമുള്ള പരാതി. ജീവനക്കാരില് പലരും ഇതര സംസ്ഥാനക്കാരാണ്.
തർക്കത്തിനിടെ ടോൾ പ്ലാസയിലെ ജീവനക്കാർ ആക്രമിച്ചെന്ന പരാതിയുമായി നാട്ടുകാരും രംഗത്തെത്തി. എന്നാൽ നാട്ടുകാരാണ് പ്രകോപനം ഉണ്ടാക്കിയതെന്നാണ് ജീവനക്കാർ പറയുന്നത്. പൊലീസ് എത്തിയാണ് നാട്ടുകാരെ മടക്കി അയച്ചത്. ഏറെക്കാലമായി വെട്ടിച്ചിറ ടോൾ പ്ലാസയിലെ ജീവനക്കാരും നാട്ടുകാരുമായുള്ള പ്രശ്നങ്ങൾ തുടരുകയാണ്. മുൻപും ടോള് ജീവനക്കാരും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായിട്ടുണ്ട്.
ഇന്നലെ രാത്രി രണ്ട് മണിയോടെയായിരുന്നു സംഭവം. കയ്യാങ്കളിയുടെ ദൃശ്യങ്ങൾ രാത്രി തന്നെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഫാസ്റ്റ് ടാഗുമായി ബന്ധപ്പെട്ടാണ് ആദ്യം തർക്കമുണ്ടായത്. പിന്നാലെ ടോൾ പ്ലാസ കടക്കുന്ന വാഹനത്തെ ജീവനക്കാരൻ വടി കൊണ്ട് അടിച്ചു. ഇതോടെയാണ് സംഘർഷം ആരംഭിച്ചത്. ജീവനക്കാരുടേത് മോശം പെരുമാറ്റമെന്നാണ് പൊലീസും പറയുന്നത്. ആരും പരാതി നൽകാത്തതിനാൽ സ്ഥലത്തെത്തി ആള്ക്കൂട്ടത്തെ പിരിച്ചുവിടുകയാണ് ചെയ്തതെന്ന് കാടാമ്പുഴ പൊലീസ് അറിയിച്ചു.
കേരളത്തിൽ നേരത്തെ ടോള് പ്ലാസ സംഘർഷങ്ങള് വാർത്തയായിട്ടുള്ളതാണ്. കാസര്കോട് കുമ്പളയിൽ ഏതാനും മാസങ്ങള്ക്ക് മുൻപും ടോള് പിരിവിനെതിരെ പ്രതിഷേധവും സംഘർഷവും ഉണ്ടായിട്ടുള്ളതാണ്. കാസര്കോട് കുമ്പളയിലെ പ്രതിഷേധത്തിൽ ടോൾ ബൂത്തിലെ ക്യാമറകളും ചില്ലുകളും പ്രതിഷേധക്കാർ അടിച്ചു തകർത്തിരുന്നു. പാലിയേക്കര ടോള് പ്ലാസയിലും സമാനമായ പ്രതിഷേധങ്ങളും കോടതി ഇടപെടലുകളും ഉണ്ടായിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR