രാമക്ഷേത്ര കാണിക്കപ്പണം മോഷ്ടിച്ച പ്രതികൾക്ക് വക്കാലത്തില്ല; ലംഘിക്കുന്ന അഭിഭാഷകർക്ക് 5 ലക്ഷം രൂപ പിഴയുമായി അയോധ്യ ബാർ അസോസിയേഷൻ
Ayodhya, 29 ജൂണ് (H.S.) അയോധ്യ: അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലെ കാണിക്കപ്പണം മോഷ്ടിച്ച കേസിൽ അറസ്റ്റിലായ പ്രതികൾക്കായി ആരും കോടതിയിൽ ഹാജരാകില്ലെന്ന് ഫൈസാബാദ് (അയോധ്യ) ബാർ അസോസിയേഷൻ. സംഘടനയുടെ ഈ തീരുമാനം ലംഘിച്ച് പ്രതികൾക്ക് വേണ്ടി നിയമസഹായം നൽകുക
Ayodhya Bar refuses to defend


Ayodhya, 29 ജൂണ് (H.S.)

അയോധ്യ: അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലെ കാണിക്കപ്പണം മോഷ്ടിച്ച കേസിൽ അറസ്റ്റിലായ പ്രതികൾക്കായി ആരും കോടതിയിൽ ഹാജരാകില്ലെന്ന് ഫൈസാബാദ് (അയോധ്യ) ബാർ അസോസിയേഷൻ. സംഘടനയുടെ ഈ തീരുമാനം ലംഘിച്ച് പ്രതികൾക്ക് വേണ്ടി നിയമസഹായം നൽകുകയോ കോടതിയിൽ വക്കാലത്ത് ഏറ്റെടുക്കുകയോ ചെയ്യുന്ന അഭിഭാഷകരിൽ നിന്നും അഞ്ച് ലക്ഷം രൂപ പിഴ ഈടാക്കുമെന്നും ബാർ അസോസിയേഷൻ കർശന മുന്നറിയിപ്പ് നൽകി. അസോസിയേഷന്റെ പൊതുയോഗത്തിലാണ് ഈ നിർണായക തീരുമാനം കൈക്കൊണ്ടത്.

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഭക്തർ സമർപ്പിച്ച കാണിക്കപ്പണത്തിൽ തട്ടിപ്പ് നടത്തിയത് തങ്ങളുടെയും ഭക്തരുടെയും വികാരങ്ങളെ ആഴത്തിൽ മുറിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് അസോസിയേഷൻ സെക്രട്ടറി ശൈലേന്ദ്ര ജയ്സ്വാൾ വ്യക്തമാക്കി. ക്ഷേത്രത്തിൽ കാണിക്കയായി ലഭിക്കുന്ന പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും എണ്ണുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ് കുഷ് മിശ്ര, മനീഷ് കുമാർ യാദവ് തുടങ്ങി എട്ടുപേരാണ് കേസിൽ നിലവിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിലുള്ളത്.

പ്രതികൾക്കെതിരെയുള്ള നടപടികൾക്ക് പുറമെ, കേസിൽ ശക്തമായ അന്വേഷണം വേണമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടു. ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചമ്പത് റായ്, അനിൽ മിശ്ര, ഗോപാൽ റാവു എന്നിവർ മൂന്ന് ദിവസത്തിനകം അയോധ്യ വിട്ടുപോകണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. ഇവർക്കെതിരെ നിലവിൽ എഫ്.ഐ.ആറിൽ പേരുകളില്ലെങ്കിലും ട്രസ്റ്റിന്റെ തലപ്പത്തിരുന്ന ഇവരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്നാണ് ആക്ഷേപം. ഇവർ നഗരം വിട്ടുപോയില്ലെങ്കിൽ അയോധ്യ പൂർണ്ണമായി ഉപരോധിച്ചുകൊണ്ട് ശക്തമായ സമരം ആരംഭിക്കുമെന്നും ബാർ അസോസിയേഷൻ മുന്നറിയിപ്പ് നൽകി.

കേസിൽ അന്വേഷണം വ്യാപിപ്പിച്ച പോലീസ്, പ്രതികളുടെ വീടുകളിൽ ഒരേസമയം റെയ്ഡ് നടത്തി സാമ്പത്തിക രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. മുൻ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ മൊഴി പോലീസ് ഇതിനകം രേഖപ്പെടുത്തിക്കഴിഞ്ഞു. ഭക്തരുടെ വികാരങ്ങളെ ചൂഷണം ചെയ്തവർക്ക് യാതൊരുവിധ നിയമസഹായവും നൽകില്ലെന്ന അയോധ്യയിലെ അഭിഭാഷകരുടെ ഈ ശക്തമായ തീരുമാനം ദേശീയതലത്തിൽ തന്നെ ഇപ്പോൾ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

---------------

Hindusthan Samachar / Roshith K


Latest News