Enter your Email Address to subscribe to our newsletters

Thiruvanathapuram, 29 ജൂണ്‍ (H.S.)
പിഎം ശ്രീ പദ്ധതിയില്‍നിന്ന് സംസ്ഥാനം പിന്‍മാറില്ലെന്ന് വ്യകതമാക്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്. ഷംസുദ്ദീന്‍. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തിന് ഒപ്പിട്ട കരാറില്‍ നിന്ന് പിന്‍മാറാന്‍ സാധിക്കില്ല. അതിന് കേന്ദ്രസര്‍ക്കാരിന് മാത്രമേ അവകാശമുള്ളൂ എന്നും മന്ത്രി പറഞ്ഞു.
പദ്ധതിയില്‍നിന്ന് പിന്മാറിയാല്‍ രണ്ടായിരം കോടി രൂപയോളം കേന്ദ്ര ഫണ്ട് സംസ്ഥാനത്തിന് നഷ്ടമാകും. പിഎം ശ്രീ പദ്ധതിയിലൂടെ 152 ബ്ലോക്കുകളില്‍ 304 സ്‌കൂളുകള്‍ക്ക് ഒരുകോടി രൂപവീതം മൂന്നുവര്‍ഷത്തേക്കാണ് കിട്ടുക. ഇത്തരത്തില്‍ തൊള്ളായിരം കോടിയില്‍പരം രൂപയാണ് സംസ്ഥാനത്തിന് ലഭിക്കുക. പദ്ധതിയില്‍നിന്ന് പിന്മാറിയാല്‍ ഈ തുക കിട്ടില്ല. മാത്രമല്ല, പിന്മാറുന്നതിന്റെ പേരില്‍ അന്യായമായി മറ്റു കേന്ദ്രഫണ്ടുകള്‍ തടഞ്ഞുവെക്കുന്നതിലൂടെയും തുകകള്‍ നഷ്ടമായേക്കാം. അങ്ങനെ ഫണ്ട് തടഞ്ഞുവെക്കുന്നു എന്നത് ഒരു വസ്തുതയാണ്. കഴിഞ്ഞ സര്‍ക്കാര്‍ പദ്ധതിയില്‍ ഒപ്പിടാന്‍ നിര്‍ബന്ധിതമായതും ആ ഫണ്ട് പ്രതീക്ഷിച്ചുകൊണ്ടുതന്നെയാണ്. ആ ഇനത്തില്‍ എസ്എസ്‌കെയ്ക്ക് ലഭിക്കാനുള്ള 1150 കോടി രൂപയും കിട്ടാതെ പോകും. അങ്ങനെവരുമ്പോള്‍ ഒപ്പിടാത്തതിന്റെ പേരില്‍ രണ്ടായിരം കോടിയോളം രൂപ സംസ്ഥാനത്തിന് നഷ്ടമാകുന്ന സ്ഥിതിയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പിഎം ശ്രീയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ നടത്തിയതായോ വിവിധ കോണുകളില്‍നിന്ന് അഭിപ്രായങ്ങള്‍ സ്വരൂപിച്ചതായോ അറിയാന്‍ കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ രൂപവത്കരിച്ച സെക്രട്ടറിമാരുടെ സമിതി യോഗംചേരുകയും പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കാവുന്നതാണെന്ന് അവര്‍ സര്‍ക്കാരിന് ഉപദേശം നല്‍കുകയും ചെയ്തിട്ടുള്ളതായാണ് രേഖകളില്‍ കാണുന്നതെന്നും മന്ത്രി എന്. ഷംസുദ്ദീന്‍ ചൂണ്ടിക്കാട്ടി.
---------------
Hindusthan Samachar / Sreejith S