Enter your Email Address to subscribe to our newsletters

Thiruvanathapuram, 29 ജൂണ്‍ (H.S.)
തിരുവനന്തപുരം : പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടന്നതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടന്ന ആക്രമണത്തിനു പിന്നില്‍ സിപിഐ എമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ ഗൂഢാലോചനയുണ്ടെന്ന് കോടതിയില്‍ ഇഡിയുടെ വാദം. തിങ്കളാഴ്ച തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ കേസിലെ 12ാം പ്രതി ലെനിന്‍ രാജിന്റെ ജാമ്യാപേക്ഷയില്‍ നടന്ന വാദത്തിലാണ് ഇഡി ഇക്കാര്യം ഉന്നയിച്ചത്.
കേസില്‍ സിപിഐ എം പാര്‍ട്ടിയുടെ ഉന്നത നേതൃത്വം ആസൂത്രണം ചെയ്ത ആഴത്തിലുള്ള ഗൂഢാലോചനയുണ്ടെന്ന് ഇഡി കോടതിയില്‍ വാദിച്ചു. നിയമവിരുദ്ധമായ പ്രതിഷേധവും തുടര്‍ന്നുള്ള അക്രമാസക്തമായ ആക്രമണവും നടന്നത് സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറി, ജില്ലാ സെക്രട്ടറി, മറ്റു ഉന്നത പ്രാദേശിക നേതാക്കള്‍ എന്നിവരുള്‍പ്പെടെ പ്രമുഖ പാര്‍ട്ടി നേതാക്കളുടെ സജീവ സാന്നിധ്യത്തിലാണെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കി.
പ്രതിഷേധത്തിനിടെ മുതിര്‍ന്ന നേതാക്കള്‍ ഉപയോഗിച്ച പ്രകോപനപരവും ആക്രമാണത്മകവുമായ ഭാഷയും അണികളെ ശാരീരിക അക്രമത്തിലേക്ക് നയിക്കാന്‍ പ്രേരിപ്പിച്ചുവെന്നും ഇഡി കൂട്ടിച്ചേര്‍ത്തു. ലെനിന്‍ രാജിന്റെ ജാമ്യാപേക്ഷയെ ഇഡി എതിര്‍ത്തു. തുടര്‍ന്ന് ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് കോടതി ജൂലൈ മൂന്നിലേക്കു മാറ്റിവച്ചു.
കഴിഞ്ഞമാസമാണ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയത്. റെയ്ഡ് നടത്തി പുറത്തിറങ്ങിയതിനു പിന്നാലെ സിപിഐ എം പ്രവര്‍ത്തകര്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് മുന്നൂറോളം പേര്‍ക്കെതിരെ കേസെടുക്കുകയും നിരവധി സിപിഐ എം പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യുകയുമായിരുന്നു. കേസില്‍ ഒന്‍പതാം പ്രതിയായ ഹരീഷ് കുമാറിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.
---------------
Hindusthan Samachar / Sreejith S