Enter your Email Address to subscribe to our newsletters

Thiruvanathapuram, 29 ജൂണ്‍ (H.S.)
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിചേര്‍ത്തതില്‍ പ്രതികരിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത്. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോഴത്തം നടപടി. നിയമപരമായി ആലോചിച്ച് മുന്നോട്ടു പോകുമെന്നും പ്രശാന്ത് പറഞ്ഞു. 2025ല്‍ കോടതിയെ അറിയിക്കാതെ കൊണ്ടുപോയി എന്നതു മാത്രമാണ് തെറ്റ്. സ്വര്‍ണം നഷ്ടമായിട്ടില്ല. 2019നെ അപേക്ഷിച്ച് 2025ല്‍ നടപടിക്രമം എല്ലാം പാലിച്ചതായും പ്രശാന്ത് പറഞ്ഞു.
2025 സെപ്റ്റംബര്‍ 20നായിരുന്നു അയ്യപ്പ സംഗമം. സെപ്റ്റംബര്‍ ഏഴിന് തിരുവാഭരണം കമ്മിഷണറുടെ നേതൃത്വത്തിലാണ് ദ്വാരപാലക ശില്‍പം അഴിച്ചെടുക്കുന്നത്. തൂക്കവും സ്വര്‍ണത്തിന്റെ അളവും രേഖപ്പെടുത്തി. വിഡിയോയില്‍ ചിത്രീകരിച്ചു. സ്‌പെഷല്‍ കമ്മിഷണറെ അറിയിക്കണമെന്ന കോടതി ഉത്തരവിന്റെ കാര്യം വൈകിട്ടാണ് മനസ്സിലാകുന്നത്. പിറ്റേന്ന് അദ്ദേഹത്തെ വിളിച്ചു. റിപ്പോര്‍ട്ട് അയച്ചാല്‍ മതിയെന്നു പറഞ്ഞു. അദ്ദേഹം പറഞ്ഞാല്‍ ചെന്നൈയിലേക്കു കൊണ്ടുപോകില്ലായിരുന്നു. സ്‌പെഷല്‍ കമ്മിഷണര്‍ പിന്നീട് ഇക്കാര്യം കോടതിയെ അറിയിച്ചു. ദേവസ്വം എസ്പിയുടെ പരിശോധനയില്‍ നടപടിക്രമം പാലിച്ചതായി ബോധ്യമായി. കോടതിയെ അറിയിച്ചില്ല എന്നതായിരുന്നു വീഴ്ച. ബോര്‍ഡ് സെക്രട്ടറി കോടതിയോട് മാപ്പ് പറഞ്ഞതോടെ, സ്വര്‍ണംപൂശല്‍ നടപടി നിര്‍ത്തിവച്ച ഉത്തരവ് സ്റ്റേ ചെയ്തു.
സെപ്റ്റംബര്‍ 20നാണ് ദ്വാരപാലക ശില്‍പത്തിന്റെ പീഢം പോയതായി ഉണ്ണിക്കൃഷ്ണന്‍പോറ്റി വെളിപ്പെടുത്തിയത്. എസ്പിയുടെ പരിശോധനയില്‍ കണ്ടെത്താനായില്ല. പിന്നീട് വെഞ്ഞാറമൂട്ടിലെ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ബന്ധുവീട്ടില്‍നിന്ന് കണ്ടെത്തി. 2019ലെ സ്വര്‍ണക്കൊള്ളയുടെ ഫയലുകള്‍ ഞങ്ങളാണ് കോടതിയില്‍ കൊടുത്തത്. അതുവരെ ഈ കൊള്ളയുടെ വിവരങ്ങള്‍ ആര്‍ക്കും അറിയില്ലായിരുന്നു. മറയ്ക്കാനുണ്ടായിരുന്നെങ്കില്‍ ഫയല്‍ മാറ്റാമായിരുന്നു. കൃത്യമായ അന്വേഷണം ആവശ്യപ്പെട്ടതും ദേവസ്വം ബോര്‍ഡാണ്.
2019ല്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയാണ് സ്വര്‍ണം കൊണ്ടു പോയത്. 2025ല്‍ പോറ്റിയുടെ കൈവശം കൊടുത്തില്ല. ഉദ്യോഗസ്ഥരാണ് കൊണ്ടുപോയത്. ഉണ്ണിക്കൃഷ്ണന്‍പോറ്റിയെ തൊടാന്‍പോലും അനുവദിച്ചില്ല. ശബരിമലയിലെ സ്വര്‍ണവും വെള്ളിയും പുറത്തേക്കു കൊണ്ടുപോകുമ്പോള്‍ സ്‌പെഷല്‍ കമ്മിഷണറെ അറിയിക്കണമെന്ന ഉത്തരവ് 2023 ജൂണ്‍ 30നാണ് വന്നത്. നവംബറിലാണ് എന്റെ ബോര്‍ഡ് അധികാരത്തില്‍ വരുന്നത്. ഉത്തരവിനെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ചിരുന്നതായും പ്രശാന്ത് പറഞ്ഞു.
---------------
Hindusthan Samachar / Sreejith S