Enter your Email Address to subscribe to our newsletters

Kollam , 03 ജൂണ് (H.S.)
മൈനാഗപ്പള്ളിയിൽ ശരീരമാസകലം പൊള്ളലേറ്റ് പത്തു വയസുകാരൻ ചികിത്സ തേടിയ സംഭവത്തിൽ മൊഴികളിൽ വൈരുദ്ധ്യം. അച്ഛനാണ് പൊള്ളലേൽപ്പിച്ചതെന്നാണ് കുട്ടിയുടെ മൊഴി. എന്നാൽ കുട്ടി അറിവില്ലാതെ പറയുന്നുവെന്ന് ബന്ധുക്കൾ. കൊല്ലം ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സകൾക്ക് ശേഷം കുട്ടിയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റി. ചൈൽഡ് വെൽഫെയർ കമ്മിറ്റി ഈ വിഷയത്തിൽ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഞായറാഴ്ച പൊള്ളലേറ്റ കുട്ടിയെ ബന്ധുക്കൾ ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിലാണ് എത്തിച്ചത്.
കുട്ടിയുടെ വലതുവശത്തെ തോളിന് പിറകിലായി വയറിലും കാലിനുമാണ് പൊള്ളൽ ഏറ്റിട്ടുള്ളത്. എന്നാൽ ആശുപത്രി അധികൃതർ പ്രാഥമിക ചികിത്സ നൽകി കുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടു. വീട്ടിലെത്തിയ ശേഷം അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ബന്ധുക്കൾ വീണ്ടും കുട്ടിയെ ഇന്ന് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഡോക്ടർ സംസാരിച്ചപ്പോൾ പൊള്ളലേൽപ്പിച്ചത് അച്ഛനാണെന്ന് കുട്ടി പറയുകയായിരുന്നു. ഇതോടെ സംശയം തോന്നിയ ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിച്ചു. പിതാവാണ് തന്നെ പൊള്ളൽ ഏൽപ്പിച്ചതെന്ന് കുട്ടി പൊലീസിനും മൊഴി നൽകിയിട്ടുണ്ട്. പൊള്ളൽ ഗുരുതരമായതിനാൽ കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. ചൂട് വെള്ളം കുട്ടി തന്നെ കമഴ്ത്തിയപ്പോൾ ദേഹത്തേക്ക് വീണതെന്നാണ് ബന്ധുക്കളുടെ വാദം.
ആശുപത്രി അധികൃതർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ശാസ്താംകോട്ട പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം കുട്ടിക്ക് നേരത്തെ പൊള്ളലേറ്റ ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും അന്വേഷണം ആരംഭിച്ചു.
കുട്ടികൾക്ക് വേണ്ടിയുള്ള നിയമങ്ങൾ
- പോക്സോ (POCSO) നിയമം: കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ, ചൂഷണം, എന്നിവ തടയുന്നതിനും കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിനുമുള്ള നിയമമാണിത്. 18 വയസിന് താഴെയുള്ള ആരെയും കുട്ടിയായി പരിഗണിക്കുന്നു.
- ബാലനീതി (Juvenile Justice Act) നിയമം: കുട്ടികളുടെ പുനരധിവാസവും സംരക്ഷണവും ഈ നിയമത്തിലൂടെ ഉറപ്പാക്കുന്നു.
- വിദ്യാഭ്യാസത്തിനുള്ള അവകാശ നിയമം (RTE): 6 മുതൽ 14 വയസുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പ് നൽകുന്നു.
- ബാലവേല നിരോധന നിയമം: കുട്ടികളെക്കൊണ്ട് അപകടകരമായ തൊഴിലുകൾ ചെയ്യിക്കുന്നത് കുറ്റകരമാണ്.
- ശൈശവ വിവാഹ നിരോധന നിയമം: പെൺകുട്ടികളുടെ വിവാഹപ്രായം 18 ആയും ആൺകുട്ടികളുടേത് 21 ആയും നിജപ്പെടുത്തിയിരിക്കുന്നു.
- പെൺഭ്രൂണഹത്യ തടയൽ നിയമം (PC-PNDT): ഗർഭസ്ഥ ശിശുവിൻ്റെ ലിംഗനിർണ്ണയം നടത്തുന്നത് കർശനമായി നിരോധിക്കുന്നു.
- ബാലവേല നിരോധന നിയമം (Child Labour Act 1986): കുട്ടികളെക്കൊണ്ട് അപകടകരമായ ജോലികൾ ചെയ്യിക്കുന്നത് നിരോധിക്കുകയും തൊഴിൽ മേഖലയിലെ ചൂഷണം തടയുകയും ചെയ്യുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR