എറണാകുളം കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസിൽ ഒളിവിലുള്ള മുഖ്യപ്രതി അക്ബർ അലിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
Kochi , 03 ജൂണ് (H.S.) എറണാകുളം കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസിൽ ഒളിവിലുള്ള മുഖ്യപ്രതി അക്ബർ അലിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ഇയാൾ നഗരത്തിലെ സെക്സ് റാക്കറ്റിൻ്റെ മുഖ്യ കണ്ണിയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഹോട്ടൽ നടത്തിപ്പിൻ്റെ മറവിലായ
ERNAKULAM GIRLS ATTACK CASE


Kochi , 03 ജൂണ് (H.S.)

എറണാകുളം കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസിൽ ഒളിവിലുള്ള മുഖ്യപ്രതി അക്ബർ അലിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ഇയാൾ നഗരത്തിലെ സെക്സ് റാക്കറ്റിൻ്റെ മുഖ്യ കണ്ണിയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഹോട്ടൽ നടത്തിപ്പിൻ്റെ മറവിലായിരുന്നു സെക്സ് റാക്കറ്റിൻ്റെ പ്രവർത്തനങ്ങൾ നടന്നത്. മാസങ്ങളായി ഇത് തുടരുന്നതായാണ് പൊലീസിൻ്റെ കണ്ടെത്തൽ.

പെൺകുട്ടികളെ പ്രണയം നടിച്ച് വലയിലാക്കുന്ന ക്രിമിനൽ

മുഖ്യ പ്രതിയായ അക്ബർ അലി അനാശാസ്യ കേന്ദ്രം നടത്തിപ്പിന് എളമക്കര, കടവന്ത്ര പൊലീസ് സംയുക്തമായി നടത്തിയ റെയ്ഡുകളിൽ നേരത്തേയും പിടിയിലായിട്ടുണ്ട്. പെൺകുട്ടികളെ പ്രണയം നടിച്ച് വലയിലാക്കിയ ശേഷം ലഹരി നൽകി അനാശാസ്യ കേന്ദ്രത്തിൽ എത്തിക്കുന്നതാണ് ഇയാളുടെ രീതിയെന്നാണ് പൊലീസിന് ലഭിച്ച വിവരം.

അതേസമയം, യുവതികൾക്കു നേരെ ക്രൂരമായ അതിക്രമം നടത്തിയ മൂന്നു പേരെ പൊലീസ് ഇന്നലെത്തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. പാലക്കാട് സ്വദേശികളായ അരുൺ, സാബിത്ത്, മലപ്പുറം സ്വദേശി ആൽബിൻ സൈമൺ എന്നിവരെയാണ് നോർത്ത് പൊലീസ് പിടികൂടിയത്.

കൊച്ചി നഗരമധ്യത്തിൽ യുവതികൾക്കു നേരെ അതിക്രമം

കൊച്ചി നഗരമധ്യത്തിൽ വെച്ചാണ് യുവതികൾക്കു നേരെ ചൊവ്വാഴ്ച പുലർച്ചെ അതിക്രമം നടന്നത്. കൊച്ചി കലൂർ ചക്കാലപ്പാടം റോഡിൽ വച്ചാണ് ഒരു സംഘം യുവാക്കൾ പെൺകുട്ടികളെ ക്രൂരമായ മർദനത്തിന് ഇരയാക്കിയത്. ഇവർക്കൊപ്പം രണ്ട് പെൺകുട്ടികളുമുണ്ടായിരുന്നു. റോഡിലൂടെ നടന്നു പോവുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ യുവാക്കളുടെ സംഘം മോശം രീതിയിൽ കമൻ്റുകൾ അടിക്കുകയായിരുന്നു.

ഇത് പെൺകുട്ടികൾ ചോദ്യം ചെയ്തതും, ദൃശ്യങ്ങൾ ഫോണിൽ പകർത്താൻ ശ്രമിച്ചതും അക്രമിസംഘത്തെ പ്രകോപിപ്പിച്ചു. തങ്ങളെ ചോദ്യം ചെയ്തതിൽ പ്രകോപിതരായ യുവാക്കൾ പെൺകുട്ടികൾക്ക് നേരെ തിരിയുകയും ഫോൺ നിലത്ത് എറിഞ്ഞ് നശിപ്പിക്കുകയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കുകൾ

ആക്രമണത്തിൽ പെൺകുട്ടികളിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അക്രമിസംഘം പെൺകുട്ടിയെ റോഡിൽ നിലത്തുതള്ളിയിട്ട് ക്രൂരമായി ചവിട്ടുകയായിരുന്നുവെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. നെഞ്ചിലുൾപ്പെടെ അതിശക്തമായ ചവിട്ടേറ്റ യുവതിക്ക് ശ്വാസതടസവും പരിക്കുകളും ഉണ്ടായതായാണ് കൂടെയുണ്ടായിരുന്ന പെൺകുട്ടി നൽകുന്ന വിവരം. പരിക്കേറ്റ പെൺകുട്ടിയെ ഉടൻ തന്നെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ യുവതി വിദഗ്ധ ചികിത്സയിലാണ്.

പൊലീസ് നടപടി

പൊലീസിന് ലഭിച്ച സിസിടി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പടെയുള്ള വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തത് കൃത്യമായി നടത്തിയ അന്വേഷണത്തിലാണ്. പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ പിടികൂടിയിട്ടുണ്ട്.

അക്രമം നടന്ന ചക്കാലപ്പാടം റോഡിലെയും പരിസരപ്രദേശങ്ങളിലെയും കടകളിലെയും വീടുകളിലെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചായിരുന്നു പൊലീസ് പ്രതികളിലേക്ക് എത്തിയത്. മുഴുവൻ പ്രതികളെക്കുറിച്ചും വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും, അക്രമിസംഘത്തിനായി തിരച്ചിൽ ഊർജിതമാക്കിയതായും ഉടൻ തന്നെ മുഴുവൻ പേരും വലയിലാകുമെന്നും കൊച്ചി സിറ്റി ഡിസിപി കെ എസ് ഷഹൻഷാ വ്യക്തമാക്കി.

സ്ത്രീ സുരക്ഷ ഇന്നും അന്യമായി തുടരുന്നു

നഗരത്തിൽ പുലർച്ചെ സമയങ്ങളിൽ പോലും സ്ത്രീകൾക്ക് സുരക്ഷിതമായി പുറത്തിറങ്ങി നടക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ഈ സംഭവം വീണ്ടും വ്യക്തമാക്കുന്നു. അതിക്രമത്തിന് ശേഷം പ്രതികളായ യുവാക്കൾ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.

നഗരമധ്യത്തിൽ യുവതികൾക്ക് നേരെ നടന്ന ഈ അതിക്രമം പ്രദേശവാസികൾക്കിടയിലും വലിയ രീതിയിലുള്ള പ്രതിഷേധത്തിനും ആശങ്കയ്ക്കും കാരണമായിട്ടുണ്ട്. നഗരത്തിലെ രാത്രികാല, പുലർച്ചെ സമയങ്ങളിലെ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായിരിക്കുകയാണ്.

സ്ത്രീയുടെ നടപ്പിൽ തന്നെ പ്രശ്നം; ഇന്നും മാറാത്ത ചിന്താഗതി

അതേസമയം കലൂരിൽ പെൺകുട്ടികൾക്കു നേരെ അതിക്രമം നടന്ന സംഭവത്തിൽപൊലീസിനെതിരെ ആക്രമണത്തിനിരയായ പെൺകുട്ടിയുടെ സുഹൃത്ത് രംഗത്തെത്തി.മൊഴിയെടുക്കാൻ എത്തിയ പൊലീസ് പെൺകുട്ടിയെ വസ്ത്രധാരണത്തെയാണ് വിമർശിച്ചുവെന്നാണ് ആരോപണം.അക്രമം നടന്ന സമയത്ത് എന്തിന് പുറത്ത് പോയെന്നും പൊലീസ് ചോദിച്ചതായി സുഹൃത്ത് ആരോപിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News