നയപ്രഖ്യാപനം ജനങ്ങളെ വഞ്ചിക്കുന്ന തട്ടിക്കൂട്ട് രേഖ : ബിജെപി
Thiruvananthapuram , 03 ജൂണ് (H.S.) അഴിമതിയിലും ശബരിമല സ്വർണ്ണക്കൊള്ളയിലും യു ഡി എഫ് സർക്കാർ മൗനത്തിലാണെന്നും നയപ്രഖ്യാപനം ജനങ്ങളെ വഞ്ചിക്കുന്ന തട്ടിക്കൂട്ട് രേഖയാണെന്നും ബിജെപി എം എൽ എ മാർ. ബിജെപി ആസ്ഥാനമായ മാരാർജി ഭവനിൽ നടന്ന വാർത്താസമ്മേളനത്തി
BJP


Thiruvananthapuram , 03 ജൂണ് (H.S.)

അഴിമതിയിലും ശബരിമല സ്വർണ്ണക്കൊള്ളയിലും യു ഡി എഫ് സർക്കാർ മൗനത്തിലാണെന്നും നയപ്രഖ്യാപനം ജനങ്ങളെ വഞ്ചിക്കുന്ന തട്ടിക്കൂട്ട് രേഖയാണെന്നും ബിജെപി എം എൽ എ മാർ. ബിജെപി ആസ്ഥാനമായ മാരാർജി ഭവനിൽ നടന്ന വാർത്താസമ്മേളനത്തിൽ നിയമസഭാംഗങ്ങളായ ശ്രീ രാജീവ് ചന്ദ്രശേഖർ, ശ്രീ വി. മുരളീധരൻ, ശ്രീ ബി.ബി. ഗോപകുമാർ, എന്നിവർ സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തെ വിമർശിച്ചു.

കേരളത്തിന്റെ വികസന-സാമ്പത്തിക പ്രതിസന്ധികളുടെ മുഴുവൻ ഉത്തരവാദിത്തവും കേന്ദ്ര സർക്കാരിന്റെ മേൽ കെട്ടിവെച്ച് സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ മറച്ചുവെക്കുന്ന പതിവ് സമീപനമാണ് നയപ്രഖ്യാപന ചർച്ചകളിലും പ്രതിഫലിച്ചതെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

കേരള നിയമസഭയിൽ ബിജെപിയുടെ മൂന്ന് അംഗങ്ങളുടെ സാന്നിധ്യം പുതിയ രാഷ്ട്രീയ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും, കേന്ദ്ര സർക്കാരിനെതിരെ ഏകപക്ഷീയമായ ആരോപണങ്ങൾ ഉന്നയിച്ച് വസ്തുതകൾ മറച്ചുവെക്കുന്ന സമീപനങ്ങൾക്ക് ശക്തമായ മറുപടി നൽകാൻ ബിജെപി തയ്യാറാണെന്നും അവർ വ്യക്തമാക്കി.

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള നിരവധി ജനക്ഷേമ-വികസന പദ്ധതികൾ കേരളത്തിൽ കാര്യക്ഷമമായി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടിട്ടുണ്ടെന്നും, സംസ്ഥാനത്തിന്റെ തനത് വരുമാനം വർധിപ്പിക്കുന്നതിനോ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനോ വ്യക്തമായ കാഴ്ചപ്പാട് നയപ്രഖ്യാപന പ്രസംഗത്തിൽ ഇല്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

എല്ഡിഎഫ് ഭരണകാലത്ത് പിണറായി വിജയന് സര്ക്കാര് അവരുടെ വീഴ്ചകള് മറച്ചുപിടിക്കാന് കേന്ദ്ര സര്ക്കാരിനെ കുറ്റപ്പെടുത്തിയപ്പോള്, വസ്തുതകള് ജനങ്ങളുടെ മുന്നില് അവതരിപ്പിക്കാന് അന്ന് യുഡിഎഫ് തയ്യാറായിരുന്നില്ലെന്ന് ശ്രീ വി മുരളീധരന് എംഎല്എ പറഞ്ഞു. പുതിയ സഭയിലും അതേ സമീപനം തുടരാനുള്ള അവരുടെ ശ്രമങ്ങള് നടപ്പിലാവാത്ത ഒരു സ്ഥിതി ബിജെപിക്ക് നിയമസഭയില് അംഗങ്ങളായതോടുകൂടി ഉണ്ടായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു .

ഈ സംസ്ഥാനത്തിന്റെ തനത് വരുമാനം എങ്ങനെ വര്ദ്ധിപ്പിക്കാം, ഇവര് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പദ്ധതികള് എങ്ങനെ നടപ്പിലാക്കാം, അതിന് എങ്ങനെ സാമ്പത്തികം കണ്ടെത്താം , ഇതിനെ സംബന്ധിച്ച് ഒരു ആലോചനയുമില്ലാതെ മുന്നോട്ടുപോകുന്ന ഒരു നയപ്രഖ്യാപന പ്രസംഗമാണ് സഭയില് നടന്നതെന്നും ഗോപകുമാര് പറഞ്ഞു. പൂച്ചപെറ്റ ഖജനാവാണ് എന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇത്ര കുറഞ്ഞ ദിവസങ്ങള്കൊണ്ട് ഇത്രയും പദ്ധതികള് നടപ്പിലാക്കുമ്പോള്, ഖജനാവ് സമ്പന്നമായി എങ്ങനെ മാറി എന്നുംകൂടി പറയണമെന്നും ഗോപകുമാര് പറഞ്ഞു.

കേരളത്തിന്റെ വികസന താൽപര്യങ്ങൾ മുൻനിർത്തി വസ്തുതകളും കണക്കുകളും അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ ചർച്ചകൾ നിയമസഭയിൽ ഉയർത്തിക്കൊണ്ടുവരുമെന്നും നേതാക്കൾ അറിയിച്ചു.

മുതിർന്ന സിപിഎം നേതാവ് ശ്രീ എസ് എസ് ബിജുവിനെ മാരാർജി ഭവനിൽ നടന്ന പരിപാടിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു.

17 വർഷം സിപിഎം കഴക്കൂട്ടം ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി, കഴക്കൂട്ടം ഏരിയാ സെന്റർ അംഗം, ഏരിയാ സെക്രട്ടറിയുടെ ചുമതല, കഴക്കൂട്ടം ശ്രീ മഹാദേവർ ക്ഷേത്ര അഡ്വസറി ബോർഡ് സെക്രട്ടറി എന്നി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം, ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ മുന്നോട്ടുവെക്കുന്ന വികസിത കേരളം എന്ന ആശയത്തിൽ ആകൃഷ്ടനായാണ് ബിജെപിയിലേക്ക് എത്തുന്നതെന്ന് ബിജു പറഞ്ഞു.

സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ്, ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ അധ്യക്ഷൻ ശ്രീ കരമന ജയൻ തുടങ്ങിയ സംസ്ഥാന ജില്ലാ ഭാരവാഹികൾ പങ്കെടുത്തു…

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News