Enter your Email Address to subscribe to our newsletters

New delhi, 03 ജൂണ്‍ (H.S.)
ന്യൂഡല്‍ഹി : ഹോട്ടലിന് തീപിടിച്ച് ഡല്‍ഹിയില്‍ വന്‍ ദുരന്തം. തെക്കന്‍ ഡല്‍ഹിയിലെ മാളവ്യ നഗറിലാണ് ഹോട്ടലിലുണ്ടായ തീപിടിത്തമുണ്ടായത്. ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ അടക്കം 20 മരണം റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ 11 പേര്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. 'ലെമണ്‍ ഗ്രീന്‍' റസ്റ്ററന്റിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 8.50 ഓടെയാണ് കെട്ടിടത്തില്‍ തീപിടിത്തമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.
9.45 ഓടെയാണ് ഫയര്‍ ഫോഴ്‌സിനു തീപിടുത്തം സംബന്ധിച്ച് സന്ദേശം ലഭിച്ചത്. ം നെഹ്റു പ്ലേസ് ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയുമായിരുന്നു. പത്ത് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ മണിക്കൂറുകളോളം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തിന്റെ ബേസ്മെന്റില്‍ കുടുങ്ങിക്കിടന്ന 45 പേരെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സാഹസികമായി രക്ഷപെടുത്തി. പൊള്ളലേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല.
തീ പൂര്‍ണമായും അണച്ച ശേഷവും കെട്ടിടത്തിനുള്ളില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ പൊലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ തുടരുകയാണ്. ഇരയായവരില്‍ ഭൂരിഭാഗവും ദക്ഷിണാഫ്രിക്കന്‍ പൗരന്മാരാണെന്ന് മാളവ്യ നഗര്‍ മണ്ഡലത്തിലെ എഎപി നേതാവ് സോംനാഥ് ഭാരതി എക്‌സില്‍ കുറിച്ചു.
---------------
Hindusthan Samachar / Sreejith S