Enter your Email Address to subscribe to our newsletters

Bengaluru , 03 ജൂണ് (H.S.)
ബെംഗളൂരു: കർണാടകയിൽ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ പുതിയ കോൺഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ഇന്ന് നടക്കും. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഇന്ന് വൈകുന്നേരം 4:05-ന് ബെംഗളൂരുവിലെ ലോക് ഭവൻ പരിസരത്ത് വെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മെയ് 30-നാണ് കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി (സി.എൽ.പി) നേതാവായി ശിവകുമാറിനെ ഔദ്യോഗികമായി തിരഞ്ഞെടുത്തത്.
ഡി.കെ. ശിവകുമാറിനൊപ്പം പത്തോ പതിനൊന്നോ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചന. ബാക്കിയുള്ള മന്ത്രിസഭാ വികസനം പിന്നീട് നടക്കും. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ, മുതിർന്ന നേതാക്കളായ സതീഷ് ജാർക്കിഹോളി, പ്രിയങ്ക് ഖാർഗെ എന്നിവരുൾപ്പെടെയുള്ള പ്രമുഖർ ആദ്യഘട്ടത്തിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഹൈക്കമാൻഡ് ചർച്ചകളും മന്ത്രിമാരുടെ പട്ടികയും
കഴിഞ്ഞ ദിവസം ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല എന്നിവർ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ഡി.കെ. ശിവകുമാറുമായും നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും നടത്തിയ സുദീർഘമായ ചർച്ചകൾക്കൊടുവിലാണ് മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനമായത്.
ജാതി സമവാക്യങ്ങളും പ്രാദേശിക സന്തുലിതാവസ്ഥയും സിദ്ധരാമയ്യ പക്ഷത്തോടുള്ള വിശ്വസ്തതയും പൂർണ്ണമായി പരിഗണിച്ചാണ് പുതിയ മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്. പരിചയസമ്പന്നരായ മുതിർന്ന നേതാക്കൾക്കും പുതുമുഖങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്നതാണ് പുതിയ മന്ത്രിസഭയെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. സിദ്ധരാമയ്യയുടെ മകനും കോൺഗ്രസ് എം.എൽ.സി യുമായ യതീന്ദ്ര സിദ്ധരാമയ്യ തനിക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് പാർട്ടി ഹൈക്കമാൻഡ് ഉറപ്പുനൽകിയതായി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇന്ന് സത്യപ്രതിജ്ഞ ചെയ്യാൻ സാധ്യതയുള്ള മന്ത്രിമാരുടെ പട്ടിക:
-
കെ.ജെ. ജോർജ്
-
ജി. പരമേശ്വര
-
രാമലിംഗ റെഡ്ഡി
-
കൃഷ്ണ ബൈരഗൗഡ
-
യു.ടി. ഖാദർ
-
മല്ലനഗൗഡ ബസനഗൗഡ പാട്ടീൽ
-
സതീഷ് ജാർക്കിഹോളി
-
പ്രിയങ്ക് ഖാർഗെ
-
യതീന്ദ്ര സിദ്ധരാമയ്യ
-
ലക്ഷ്മി ഹെബ്ബാൾക്കർ
-
കെ.എച്ച്. മുനിയപ്പ (അല്ലെങ്കിൽ അദ്ദേഹത്തിന്റെ മകൾ രൂപകല ശശീധർ)
ബെംഗളൂരുവിൽ വൻ സുരക്ഷാ ക്രമീകരണങ്ങൾ
സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് ബെംഗളൂരുവിലെ ലോക് ഭവനിലും വിധാൻ സൗധ പരിസരത്തും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ഡി.കെ. ശിവകുമാർ, സിദ്ധരാമയ്യ തുടങ്ങിയവരുടെ കൂറ്റൻ ബാനറുകളും കോൺഗ്രസ് പതാകകളും നഗരത്തിലുടനീളം സ്ഥാപിച്ചിട്ടുണ്ട്. ചടങ്ങുകൾ തത്സമയം കാണിക്കുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ എൽ.ഇ.ഡി സ്ക്രീനുകളും സജ്ജീകരിച്ചിട്ടുണ്ട്.
വൻ ജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ബെംഗളൂരു നഗരത്തിൽ ഇന്ന് വിപുലമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. കബ്ബൺ റോഡ്, ഡോ. ബി.ആർ. അംബേദ്കർ റോഡ്, റേസ് കോഴ്സ് റോഡ്, ക്വീൻസ് ജങ്ഷൻ തുടങ്ങിയ പ്രധാന റോഡുകളിൽ ഔദ്യോഗിക വാഹനങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം. പൊതുജനങ്ങൾ ശിവാജിനഗർ, കണ്ണിങ്ഹാം റോഡ് തുടങ്ങിയ ബദൽ പാതകൾ ഉപയോഗിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ ദേശീയ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.
---------------
Hindusthan Samachar / Roshith K