'ഇന്ത്യ' മുന്നണിയുടെ യോഗം ജൂണ് എട്ടിന്; സഖ്യം പൊളിഞ്ഞെന്ന് സൂചന
New delhi, 03 ജൂണ്‍ (H.S.) ന്യൂഡല്‍ഹി : അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ പ്രതിപക്ഷ സഖ്യമായ ''ഇന്ത്യ'' മുന്നണിയുടെ നിര്‍ണായക യോഗം ജൂണ്‍ എട്ടിന് ചേരും. സഖ്യത്തിലെ വിവിധ കക്ഷികള്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന അഭിപ്രായവ്യത്യാസങ്ങളും
Rahul Gandhi


New delhi, 03 ജൂണ്‍ (H.S.)

ന്യൂഡല്‍ഹി : അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മുന്നണിയുടെ നിര്‍ണായക യോഗം ജൂണ്‍ എട്ടിന് ചേരും. സഖ്യത്തിലെ വിവിധ കക്ഷികള്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന അഭിപ്രായവ്യത്യാസങ്ങളും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും യോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയങ്ങളാകും. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ സി വേണു?ഗോപാല്‍ ആണ് യോഗം വിളിച്ച കാര്യം അറിയിച്ചത്.

കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ വനിതാ സംവരണ ഭേദഗതി ബില്ലിനെയും മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെയും 'ഇന്ത്യ' മുന്നണി ഒറ്റക്കെട്ടായി എതിര്‍ത്തിരുന്നെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ സഖ്യത്തിനുള്ളില്‍ പുതിയ വെല്ലുവിളികള്‍ സൃഷ്ടിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഡിഎംകെയുമായുള്ള സഖ്യം അവസാനിപ്പിച്ച് കോണ്‍ഗ്രസ്, ടിവികെയുമായി കൈകോര്‍ത്തതിനെ തുടര്‍ന്ന് ഡി.എം.കെ. യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് സൂചന. ടി.വി.കെ.യെ യോഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന കോണ്‍ഗ്രസിന്റെ നിലപാടിലും ഇതുവരെ വ്യക്തത വന്നിട്ടില്ല.

അതേസമയം, ആം ആദ്മി പാര്‍ട്ടിയും സഖ്യത്തില്‍ നിന്ന് അകന്നുനില്‍ക്കുന്ന സാഹചര്യമാണ്. സിപിഐ എം, സിപിഐ എന്നീ ഇടതുപക്ഷ കക്ഷികളുടെ പങ്കാളിത്തവും അനിശ്ചിതത്വത്തിലാണ്. കേരളത്തിലെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാടുകളോടും ഡി.എം.കെ.യെ മാറ്റിനിര്‍ത്തിയ നടപടിയോടും യോജിപ്പില്ലെന്ന നിലപാടാണ് സി.പി.ഐ എം വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ബംഗാളില്‍ ബി.ജെ.പി അധികാരത്തിലെത്തിയതിന് പിന്നാലെ തൃണമൂല്‍ പ്രവര്‍ത്തകര്‍ നേരിടുന്ന ആക്രമണങ്ങള്‍ യോഗത്തില്‍ ഉന്നയിക്കുമെന്ന് മമത ബാനര്‍ജി വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പിക്കെതിരായ ദേശീയതല പ്രതിപക്ഷ പ്രതിഷേധം ശക്തിപ്പെടുത്തുന്നതിനും അവര്‍ ശ്രമിക്കും.

തമിഴ്‌നാട്ടിലെ സഖ്യ രാഷ്ട്രീയത്തിലെ മാറ്റങ്ങളാണ് 'ഇന്ത്യ' മുന്നണിയുടെ ഐക്യത്തിന് ഏറ്റവും വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നത്. സഖ്യത്തിലെ പ്രധാന ശക്തികളിലൊന്നായ ഡി.എം.കെ. വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍, പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം എങ്ങനെ ഒരുമിച്ച് നിലകൊള്ളുമെന്നതാണ് ജൂണ്‍ 8ലെ യോഗത്തിലെ പ്രധാന ചര്‍ച്ചയായി മാറുക.

---------------

Hindusthan Samachar / Sreejith S


Latest News