Enter your Email Address to subscribe to our newsletters

Bengaluru, 03 ജൂണ്‍ (H.S.)
ഡി.കെ. ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ലോക്ഭവനില്‍ ഇന്നു വൈകിട്ട് 4.05നാണ് ചടങ്ങുകള്‍. ആദ്യഘട്ടത്തില്‍ മലയാളികളായ കെ.ജെ.ജോര്‍ജ്, യു.ടി.ഖാദര്‍, സിദ്ധരാമയ്യയുടെ മകന്‍ ഡോ.യതീന്ദ്ര തുടങ്ങിയവര്‍ ഉള്‍പ്പെടെ 10- 12 മന്ത്രിമാരും അധികാരമേല്‍ക്കും. ശിവകുമാറും സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയും ഇന്നലെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി മന്ത്രിസഭാ വികസനത്തില്‍ ചര്‍ച്ച നടത്തി. രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി.വേണുഗോപാല്‍, രണ്‍ദീപ് സിങ് സുര്‍ജേവാല തുടങ്ങിയവരുമായാണിത്. നേതാക്കള്‍ക്കു പുറമേ കേരള മുഖ്യമന്ത്രി വി.ഡി.സതീശനും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.
മന്ത്രിസ്ഥാനത്തിനായി ചരടുവലികളുമായി 40 എംഎല്‍എമാരാണു ഡല്‍ഹിയില്‍ തമ്പടിച്ചിരിക്കുന്നത്. രാജ്യസഭയിലെ 4 സീറ്റുകളിലേക്കും നിയമനിര്‍മാണ കൗണ്‍സിലിലെ 7 എംഎല്‍സി സീറ്റുകളിലേക്കും 18നു നടത്തുന്ന തിരഞ്ഞെടുപ്പിനു ശേഷം മന്ത്രിസഭ പൂര്‍ണതോതില്‍ വികസിപ്പിക്കും. മുഖ്യമന്ത്രി ഉള്‍പ്പെടെ 34 പേരെ മന്ത്രിസഭയില്‍ ഉള്‍ക്കൊള്ളിക്കാനാകും.
മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ശിവകുമാര്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു നേരിടാനിരിക്കുന്ന വലിയ വെല്ലുവിളിയും മന്ത്രിസഭയുടെ പൂര്‍ണ വികസനമാകും. തന്റെ സര്‍ക്കാരിലുണ്ടായിരുന്ന 15 പേര്‍ക്കെങ്കിലും മന്ത്രിസ്ഥാനം വേണമെന്ന നിലപാടില്‍ സിദ്ധരാമയ്യ ഉറച്ചുനില്‍ക്കുകയാണ്. മല്ലികാര്‍ജുന്‍ ഖര്‍ഗെയും തന്റെ പക്ഷക്കാരായ ചിലരുടെ പേരുകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഇതിനു പുറമേ സാമുദായിക, പ്രാദേശിക സമവാക്യങ്ങള്‍ പാലിച്ചു വേണം മന്ത്രിസഭാ വികസനം സാധ്യമാക്കാന്‍.
ഉപമുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടു ജി.പരമേശ്വര, മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖര്‍ഗെ തുടങ്ങിയവര്‍ രംഗത്തുണ്ട്. ഉപമുഖ്യമന്ത്രിമാരെ നിയോഗിച്ചാല്‍ ഇവര്‍ വെവ്വേറെ അധികാരകേന്ദ്രങ്ങളായി വളരുമെന്നു ശിവകുമാര്‍ ഭയക്കുന്നു. 2028ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പാര്‍ട്ടിയുടെ പ്രയാണത്തിന് ഇതു ഗുണം ചെയ്യില്ലെന്ന നിലപാടും ശിവകുമാര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S