Enter your Email Address to subscribe to our newsletters

Thiruvananthapuram, 05 ജൂണ് (H.S.)
തിരുവനന്തപുരം: സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയും ജനകീയ നേതാവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് ശേഷം പാർട്ടി ഉന്നത നേതൃത്വം തങ്ങളെ ക്രൂരമായി അവഗണിച്ചെന്ന ഗുരുതര ആരോപണവുമായി ഭാര്യ വിനോദിനി ബാലകൃഷ്ണൻ രംഗത്ത്. നിലവിലെ സിപിഐഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എം.വി. ഗോവിന്ദനെ നേരിട്ട് ലക്ഷ്യം വച്ചാണ് വിനോദിനിയുടെ വെളിപ്പെടുത്തലുകൾ എന്നാണ് വിലയിരുത്തപ്പെടുന്നത് . 'പച്ചക്കുതിര' മാസികയ്ക്ക് നൽകിയ സവിശേഷ അഭിമുഖത്തിലാണ് വിനോദിനി പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത അമർഷവും സങ്കടവും രേഖപ്പെടുത്തിയത്.
ആവശ്യത്തിന് വിളിച്ചാൽ ഫോൺ എടുക്കില്ല; 4 വർഷമായി തിരിഞ്ഞുനോക്കിയില്ല
കേരളത്തിൽ പാർട്ടിയുടെയും ഭരണത്തിന്റെയും ഉന്നത പദവികൾ അലങ്കരിക്കുന്ന പിബി അംഗത്തിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്നത് കടുത്ത അവഗണനയാണെന്ന് വിനോദിനി തുറന്നടിക്കുന്നു. കോടിയേരിയുടെ മരണശേഷം ഈ നേതാവ് തങ്ങളുടെ കുടുംബത്തെ തിരിഞ്ഞുനോക്കുകയോ സൗഖ്യം അന്വേഷിക്കുകയോ ചെയ്തിട്ടില്ല.
ആവശ്യഘട്ടങ്ങളിൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചാൽ പോലും ഉന്നത പദവിയിലിരിക്കുന്ന ഈ പിബി അംഗം ഫോൺ എടുക്കാൻ തയ്യാറാകാറില്ല. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഒരിക്കൽ പോലും കുടുംബത്തിന്റെ അവസ്ഥ എങ്ങനെയെന്ന് അന്വേഷിക്കാൻ അദ്ദേഹം മുതിർന്നിട്ടില്ല. - വിനോദിനി അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
പാർട്ടിക്ക് വേണ്ടി സ്വന്തം ജീവിതം മാറ്റിവെച്ച ഒരു നേതാവിന്റെ കുടുംബത്തോട് ഇപ്പോഴത്തെ നേതൃത്വം കാണിക്കുന്ന ഈ സമീപനം വലിയ മാനസിക വിഷമമാണ് ഉണ്ടാക്കിയതെന്ന് അവർ കൂട്ടിച്ചേർത്തു.
രാഷ്ട്രീയ കേരളത്തിൽ വൻ ചർച്ചയാകുന്ന വെളിപ്പെടുത്തൽ
കോടിയേരി ബാലകൃഷ്ണൻ എന്ന മുൻനിര നേതാവിന്റെ വിയോഗത്തിന് ശേഷം പാർട്ടിയിൽ വലിയ സ്വാധീനമുണ്ടായിരുന്ന അദ്ദേഹത്തിന്റെ കുടുംബം കടുത്ത വിവേചനം നേരിടുന്നു എന്ന സൂചനകളാണ് ഈ അഭിമുഖം പുറത്തുവിടുന്നത്. കോടിയേരിയുടെ ജനപ്രീതിയെയും കുടുംബത്തിന് അണികൾക്കിടയിലുള്ള സ്വാധീനത്തെയും ഭയപ്പെടുന്ന ചില കേന്ദ്രങ്ങളാണ് ഇതിന് പിന്നിലെന്ന തരത്തിലുള്ള ചർച്ചകൾക്ക് ഈ വെളിപ്പെടുത്തൽ വഴിതുറന്നിട്ടുണ്ട്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച കോടിയേരിയുടെ കുടുംബത്തിൽ നിന്ന് തന്നെ പാർട്ടിയുടെ സമുന്നത നേതാവിനെതിരെ ഇത്തരമൊരു പരസ്യ പ്രതികരണം ഉണ്ടായത് സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കും. വരും ദിവസങ്ങളിൽ ഈ തുറന്നുപറച്ചിൽ പാർട്ടിക്ക് അകത്തും കേരള രാഷ്ട്രീയത്തിലും വലിയ രാഷ്ട്രീയ കൊടുങ്കാറ്റുകൾക്ക് കാരണമാകുമെന്നതിൽ തർക്കമില്ല.
---------------
Hindusthan Samachar / Roshith K