ജി സുധാകരന് പിണറായിയുടെ ചെരുപ്പിന്റെ വാറഴിക്കാന് യോഗ്യതയില്ല; രൂക്ഷ വിമര്ശനവുമായി എച്ച്.സലാം
Alappuzha, 08 ജൂണ്‍ (H.S.) കള്ള് വാങ്ങിക്കൊടുത്താല്‍ ആരേയും തെറിവിളിക്കുന്ന കോമാളിയായി ജി. സുധാകരന്‍ അധപതിച്ചുവെച്ച് എച്ച്. സലാം. ഫേയ്‌സ്ബുക്ക് പോസ്റ്റിലാണ് ഈ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. പിണറായി വിജയന്റെ ഔദാര്യം കൊണ്ടാണ് ജി. സുധാകരന്റെ അഴിമതി
G Sudhakaran


Alappuzha, 08 ജൂണ്‍ (H.S.)

കള്ള് വാങ്ങിക്കൊടുത്താല്‍ ആരേയും തെറിവിളിക്കുന്ന കോമാളിയായി ജി. സുധാകരന്‍ അധപതിച്ചുവെച്ച് എച്ച്. സലാം. ഫേയ്‌സ്ബുക്ക് പോസ്റ്റിലാണ് ഈ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. പിണറായി വിജയന്റെ ഔദാര്യം കൊണ്ടാണ് ജി. സുധാകരന്റെ അഴിമതിവിരുദ്ധമുഖം കീറിപ്പോകാത്തത്. പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ യോഗ്യതയില്ലെന്നും ഫേയ്‌സ്ബുക്ക് കുറിപ്പില്‍ കൂടി എച്ച് സലാം വിമര്‍ശിച്ചു.

ജി. സുധാകരന്റെ അഴിമതിവിരുദ്ധ മുഖം പിണറായി വിജയന്റെ ഔദാര്യമാണെന്നും എച്ച്. സലാം കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ജി. സുധാകരന്‍ വലിയ തോതില്‍ പണം പിരിച്ചെന്നും ഇത് പാര്‍ട്ടിക്ക് മടക്കി നല്‍കിയില്ലെന്നും ഇതിന്റെ കണക്ക് വ്യക്തമാക്കാന്‍ ജി. സുധാകരന് ധൈര്യമുണ്ടോന്നും സലാം ചോദിച്ചു. പിണറായി വിജയനെ നനഞ്ഞ കോഴി എന്ന് ജി. സുധാകരന്‍ വിളിച്ചതിന്റെ മറുപടിയായാണ് അമ്പലപ്പുഴ മുന്‍ എം.എല്‍.എയും, ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എച്ച്. സലാമിന്റെ പ്രതികരണം.

ഫേയ്‌സ്ബുക്ക് കുറിപ്പ് പൂര്‍ണ്ണരൂപം:

പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ യോഗ്യതയുണ്ടോ

അമ്പലപ്പുഴ എംഎല്‍എ ജി. സുധാകരന്‍ രാഷ്ട്രീയ കോമാളിയായി മാറുകയാണ്. കേരളത്തിലെ മുതിര്‍ന്ന പാര്‍ട്ടിനേതാവും പാര്‍ട്ടി പി.ബി. അംഗവും പത്ത് വര്‍ഷം കേരളത്തിന്റെ മുഖ്യമന്ത്രിയും ആയിരുന്ന പിണറായി വിജയനെ നനഞ്ഞകോഴിയെന്നും പാര്‍ലമെന്റ് അംഗമായും ധനകാര്യമന്ത്രിയായും പ്രവര്‍ത്തിച്ച കെ.എന്‍. ബാലഗോപാലിന് സംസാരിക്കാന്‍ അറിയാത്തവന്‍ എന്നൊക്കെയാണ് ജി.സുധാകരന്‍ അധിക്ഷേപിച്ചത്. താനൊഴികെ നാട്ടില്‍ വേറെയാര്‍ക്കും ഒരു വിവരവും ഇല്ല എന്നാണ് അദ്ദേഹത്തിന്റെ വിചാരം. പാര്‍ട്ടിയെയും നേതാക്കളെയും നിരന്തരം അധിക്ഷേപിക്കുമ്പോഴും ഞങ്ങള്‍ കാണിക്കുന്ന അവധാനത ദൗര്‍ബല്യമാണെന്ന് കരുതരുത്.

പിണറായി വിജയന്‍ എന്ന മനുഷ്യന്റെ കാരുണ്യം കൊണ്ടാണ് ജി. സുധാകരന്റെ അഴിമതിവിരുദ്ധ മുഖംമൂടി കീറിപോകാതിരുന്നത് എന്ന സത്യം ജി.സുധാകരന്‍ മറന്നു പോകരുത്. 2021ല്‍ ഞാന്‍ മത്സരിച്ച നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി അല്ലാതിരുന്ന ജി.സുധാകരന്‍ എന്തിന് പണം പിരിച്ചു? അന്ന് താങ്കള്‍ പിരിച്ചെടുത്ത പണത്തിന്റെ കണക്ക് പരസ്യപ്പെടുത്താന്‍ തയ്യാറാകണം. ആരില്‍ നിന്നൊക്കെ എത്ര ലക്ഷങ്ങള്‍ പിരിച്ചുവെന്ന് വെളിപ്പെടുത്താന്‍ ജി. സുധാകരന് ധൈര്യമുണ്ടോ?

മിസ്റ്റര്‍ ജിസുധാകരന്‍,

താങ്കള്‍ക്കും വീട്ടില്‍ രണ്ട് മൂന്ന് പേര്‍ക്കും മാത്രമറിയുന്ന രഹസ്യങ്ങള്‍ പലതും ഇന്ന് പരസ്യമാണ് എന്നത് മറക്കണ്ട. പിണറായി വിജയന്‍ മന്ത്രിസ്ഥാനം ഉപേക്ഷിച്ച് പാര്‍ട്ടി സെക്രട്ടറിയാകുകയും പതിറ്റാണ്ടുകള്‍ പാര്‍ട്ടിയെ ധീരമായി നയിച്ച് തുടര്‍ഭരണത്തിലേയ്ക്ക് വരെ എല്‍ ഡിഎഫിനെ നയിക്കുകയും ചെയ്ത നേതാവാണ്. അനാവശ്യം കാണിച്ചിട്ടും താങ്കള്‍ക്ക് അര്‍ഹിക്കാത്ത പരിഗണന നല്‍കിയ പിണറായിവിജയന്‍ എന്ന കമ്മ്യൂണിസ്റ്റിന്റെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത ജി.സുധാകരനുണ്ടോ?

പാര്‍ലമെന്റ് അംഗമായും ധനകാര്യ മന്ത്രിയായും സംഘടനാ ചുമതലകളിലും സത്യസന്ധമായും മാതൃകാപരമായും പ്രവര്‍ത്തിച്ച വ്യക്തിത്വമാണ് കെ.എന്‍.ബാലഗോപാലിന്റെത്. ആലപ്പുഴ നഗരസഭാ ചെയര്‍പേഴ്‌സണ്‍മാരായി മുന്‍കാലത്ത് പ്രവര്‍ത്തിച്ചത് സിപിഎം ഏരിയാകമ്മറ്റി അംഗങ്ങളായ രണ്ട് വനിതാ നേതാക്കളാണ്. അവരെ ജി.സുധാകരന്‍ അധിക്ഷേപിച്ച് വിളിച്ചത് 'ഒരുത്തി' എന്നാണ്.

ഇങ്ങനെ സ്ത്രീവിരുദ്ധ പ്രയോഗങ്ങള്‍ നടത്താനാണോ ജനങ്ങള്‍ താങ്കള്‍ക്ക് വോട്ട് നല്‍കിയത്?

മുന്‍പ് ഷാനിമോള്‍ ഉസ്മാനെയും ഉഷാസാലിയെയും ഈ തിരഞ്ഞെടുപ്പ് വേളയില്‍ സ.സി.എസ്. സുജാതയെയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി അധിക്ഷേപിച്ചു. താങ്കള്‍ പ്രസംഗിക്കുമ്പോള്‍ ജി.സുധാകരന്റെ ഒപ്പം നിന്ന സ്ത്രീകളേയും വീട്ടിലും താങ്കള്‍ 'ഒരുത്തി' എന്നാണോ വിളിക്കുന്നത്. കഴിഞ്ഞ ദിവസം കരൂര്‍ സ്‌കൂള്‍ പ്രവേശനോത്സവം മനോഹരമായി സംഘടിപ്പിച്ച ഒരു ടെക്‌സ്‌റ്റൈല്‍ ഷോപ്പിലെ വണ്ടി ഓടിക്കുന്ന തൊഴിലാളിയായ പിടിഎ പ്രസിഡന്റിനെ കൊച്ചുകുട്ടികളുടെ മുന്നില്‍ വെച്ച് മൈക്കിലൂടെ അസഭ്യം പറഞ്ഞു. അത് കേട്ട് അയാളുടെ മകള്‍ ആ സ്‌കൂളില്‍ ഇനി ഞാന്‍ പോകുന്നില്ല എന്ന് പറഞ്ഞ് രണ്ട് ദിവസം ഭയന്നു കരയുകയായിരുന്നു.

ഞാന്‍ അഞ്ച് വര്‍ഷം എംഎല്‍എ ആയി പ്രവര്‍ത്തിക്കുമ്പോള്‍ ഏതെങ്കിലും ഒരു പൊതുവേദിയില്‍ രാഷ്ട്രീയ എതിരാളികളെ മോശപ്പെടുത്തുന്ന ഒരു പ്രസംഗം നടത്തിയിട്ടുണ്ടോ? അഞ്ച് വര്‍ഷവും പൊതുചടങ്ങുകളുടെ മാന്യത സൂക്ഷിച്ചുണ്ട്. രാഷ്ട്രീയ വേദികളില്‍ കൃത്യമായ രാഷ്ട്രീയവും പറഞ്ഞിട്ടുണ്ട്. ഇതല്ലേ ജനപ്രതിനിധികള്‍ പാലിക്കേണ്ടത്.

മഹാനായ പാര്‍ട്ടിനേതാവ് സ. എന്‍.എസ്. കൊല്ലത്ത് നിന്ന് എന്ത് കാരണത്താലാണ് താങ്കളെ ആലപ്പുഴക്ക് കടത്തിയത് എന്നതൊന്നും ഞങ്ങളെക്കൊണ്ട് പറയിക്കരുത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ താങ്കള്‍ വിജയിച്ചുവെന്നത് നേരാണ്. അത് ഞങ്ങള്‍ അംഗീകരിക്കുന്നു. സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ മുതല്‍ പ്രദേശിക പ്രവര്‍ത്തകരെ വരെ ആരേയും അധിക്ഷേപിക്കുവാനുള്ള ലൈസന്‍സ് ആണ് വോട്ടര്‍മാര്‍ താങ്കള്‍ക്ക് തന്നത് എന്ന് വിചാരിക്കരുത്. ഇത്തരം വിവരക്കേട് പറയുമ്പോള്‍ ഒരു പരിധിയൊക്കെ വെക്കുന്നത് നല്ലതാണ്. അത് കേള്‍ക്കുമ്പോള്‍ കൂടെ നില്‍ക്കുന്നവര്‍ കുലുങ്ങി ചിരിക്കുന്നുണ്ടാകും. പക്ഷേ ജനങ്ങളുടെ മുന്നില്‍ താങ്കള്‍ ഒരു രാഷ്ട്രീയ കോമാളിയായി മാറുകയാണ്. പണ്ടൊക്കെ നാട്ടില്‍ ഒരു കുപ്പികള്ള് വാങ്ങികൊടുത്താല്‍ ആരെയും തെറിവിളിക്കുന്ന ഒരാളെ കാണാന്‍ പറ്റുമായിരുന്നു, ഈ കോമാളിത്തരം കാണുമ്പോള്‍ ജനങ്ങള്‍ക്ക് അതാണ് ഓര്‍മ്മ വരുന്നത്- എച്ച്. സലാം ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News