Enter your Email Address to subscribe to our newsletters

Thiruvanathapuram, 08 ജൂണ്‍ (H.S.)
തിരഞ്ഞെടുപ്പിന് മുമ്പ് മുന്നോട്ടുവച്ച കെഎസ്ആര്ടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യയാത്ര നടപ്പാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനമെടുത്തു. നേരത്തെ പ്രഖ്യാപിച്ചതു പോലെ ജൂണ്‍ 15 മുതല്‍ പദ്ധതി നടപ്പാക്കും. ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രമാകും സൗജന്യം ലഭിക്കുക. 100 ദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാകും പദ്ധതി നടപ്പാക്കുക. കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയടക്കം പരിശോധിച്ച ശേഷമാകും മറ്റ് ബസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുക.
ഇന്ന മുഖ്യമന്ത്രി വിഡി സതീശനും ഗതാഗതമന്ത്രി സിപി ജോണും ചര്‍ച്ച നടത്തിയിരുന്നു. ആയിരം കോടി രൂപയുടെ ബാധ്യത കെഎസ്ആര്‍ടിസിക്ക് ഉണ്ടാകും എന്നായിരുന്നു ഗതാഗത സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. അത് കൂടി പരിശോധിച്ച ശേഷമാണ് ഓര്‍ഡിനറി ബസുകളില്‍ മാത്രം പദ്ധതി നടപ്പാക്കുന്നത്. നൂറ് ദിവസത്തെ പഠനത്തിന് ശേഷം രണ്ടാംഘട്ടത്തില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഉള്‍പ്പെടെയുളള സര്‍വീസുകളിലേക്ക് കൂടി സൗജന്യ യാത്രക്ക് അനുമതി നല്‍കും.
ഇന്ദിരാ ഗ്യാരന്റി എന്ന നിലയില്‍ മുന്നോട്ടുവച്ച വാഗ്ദാനങ്ങള്‍ നടപ്പാക്കാതിരിക്കുന്നത് വലിയ തിരിച്ചടിയാകും എന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. സ്ത്രീകള്‍ക്ക് സൗജന്യയാത്ര എന്ന വാഗ്ദാനത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് കുടത്ത പ്രതിസന്ധികള്‍ക്കിടയിലും പദ്ധതി നടപ്പാക്കുന്നത്. കെഎസ്ആര്‍ടിസിക്ക് അധിക സഹായം നല്‍കി പദ്ധതി നടപ്പാക്കും എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതും ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്.
സൗജന്യയാത്ര അനുവദിച്ചാല്‍ ഉണ്ടാകുന്ന നഷ്ടം സംബന്ധിച്ചു കെഎസ്ആര്‍ടിസി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മൂന്ന് മാസം പദ്ധതി നടപ്പാക്കിയാല്‍ എത്ര നഷ്ടമുണ്ടാകും എന്ന കണക്കാണ് നല്‍കിയത്. മുഴുവന്‍ ബസുകളിലും സൗജന്യയാത്ര അനുവദിച്ചാല്‍ നഷ്ടം 112 കോടി, ഓര്‍ഡിനറി ബസില്‍ മാത്രമാക്കിയാല്‍ 57 കോടി, സിറ്റി ഫാസ്റ്റ്, ഓര്‍ഡിനറി ബസ് എന്നിവയില്‍ നടപ്പാക്കിയാല്‍ 65 കോടി, ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് എന്നിവയില്‍ നടപ്പാക്കിയാല്‍ 90 കോടി എന്നിങ്ങനെയാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്. ശമ്പളത്തിനും പെന്‍ഷനുമുള്ള സാമ്പത്തികസഹായത്തിനു പുറമേ ഈ തുകകൂടി കെഎസ്ആര്‍ടിസിക്കു സര്‍ക്കാര്‍ നല്‍കേണ്ടി വരും. ഇത് എങ്ങനെ വേണം എന്നതില്‍ പരിശോധന നടത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S