പിഎം ശ്രീ പദ്ധതി: യുഡിഎഫ് സർക്കാർ 'ആടിനെ പട്ടിയാക്കുന്നു', കേന്ദ്രത്തിന് പാദസേവ എന്ന് വി. ശിവൻകുട്ടി
Thruvananthapuram, 08 ജൂണ് (H.S.) തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ''പിഎം ശ്രീ'' (PM SHRI) പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ യുഡിഎഫ് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ പൊതുവിദ്യാഭ്യാസ മന്ത്രിയും സി.പി.ഐ(എം) നേതാവുമായ
പിഎം ശ്രീ പദ്ധതി: യുഡിഎഫ് സർക്കാർ 'ആടിനെ പട്ടിയാക്കുന്നു', കേന്ദ്രത്തിന് പാദസേവ എന്ന് വി. ശിവൻകുട്ടി


Thruvananthapuram, 08 ജൂണ് (H.S.)

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ 'പിഎം ശ്രീ' (PM SHRI) പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ യുഡിഎഫ് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ പൊതുവിദ്യാഭ്യാസ മന്ത്രിയും സി.പി.ഐ(എം) നേതാവുമായ വി. ശിവൻകുട്ടി രംഗത്ത്. യുഡിഎഫ് സർക്കാർ ഈ വിഷയത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും 'ആടിനെ പട്ടിയാക്കുന്ന' രീതിയിലുള്ള വ്യാഖ്യാനങ്ങളാണ് നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൊടുന്യായങ്ങൾ പറഞ്ഞ് പദ്ധതിയുമായി മുന്നോട്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും, കേരളം ഇതുവരെ പിഎം ശ്രീ പദ്ധതി ആരംഭിച്ചിട്ടില്ലെന്നും കേന്ദ്രത്തിൽ നിന്ന് ഒരു നയാപൈസ പോലും ഇതിനായി വാങ്ങിയിട്ടില്ലെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി.

വിഷയത്തിൽ നിലവിലെ പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ വാദങ്ങൾ പൂർണ്ണമായും തള്ളിക്കൊണ്ടാണ് മുൻ മന്ത്രി വാർത്താക്കുറിപ്പിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രതികരിച്ചത്.

'സംസ്ഥാനം പണം വാങ്ങിയെന്ന വാദം പച്ചനുണ'

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി കേരളം കേന്ദ്രത്തിൽ നിന്നും ഫണ്ട് കൈപ്പറ്റിയിട്ടുണ്ടെന്ന മന്ത്രി എൻ. ഷംസുദ്ദീന്റെ പ്രസ്താവന പൂർണ്ണമായും വാസ്തവവിരുദ്ധമാണെന്ന് വി. ശിവൻകുട്ടി പറഞ്ഞു.

കേരളം ഇതുവരെ പിഎം ശ്രീ പദ്ധതി ആരംഭിക്കുകയോ കേന്ദ്രത്തിൽ നിന്ന് ഒരു രൂപ പോലും വാങ്ങുകയോ ചെയ്തിട്ടില്ല. പദ്ധതി നടപ്പാക്കാൻ താൽപ്പര്യമില്ലെന്ന് എൽഡിഎഫ് സർക്കാർ രേഖാമൂലം തന്നെ കേന്ദ്രത്തെ അറിയിച്ചതാണ്. കേന്ദ്രം തടഞ്ഞുവെച്ച സമഗ്ര ശിക്ഷാ കേരളം (SSK) ഫണ്ട് നേടിയെടുക്കുന്നതിനായി മാത്രമാണ് അന്ന് പ്രാഥമിക ധാരണാപത്രത്തിൽ ഒപ്പിട്ടത്. എന്നാൽ ദേശീയ വിദ്യാഭ്യാസ നയം (NEP) സംസ്ഥാനത്ത് അടിച്ചേൽപ്പിക്കാൻ ഇതിലൂടെ ശ്രമം നടക്കുന്നു എന്ന് ബോധ്യപ്പെട്ടതോടെ എൽഡിഎഫ് സർക്കാർ ഈ ധാരണാപത്രം മരവിപ്പിക്കുകയായിരുന്നു. - വി. ശിവൻകുട്ടി വ്യക്തമാക്കി.

കേന്ദ്ര സർക്കാർ റൈറ്റ് ടു എഡ്യൂക്കേഷൻ (RTE) നിയമപ്രകാരം സംസ്ഥാനത്തിന് നൽകാനുണ്ടായിരുന്ന കുടിശ്ശിക തുകയായ 92.41 കോടി രൂപ സമഗ്ര ശിക്ഷാ കേരളത്തിന് അനുവദിച്ചതിനെയാണ് യുഡിഎഫ് സർക്കാർ പിഎം ശ്രീ ഫണ്ടായി ചിത്രീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര വിഹിതം തടഞ്ഞുവെച്ച ഘട്ടങ്ങളിൽ പോലും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ മുടങ്ങാതെ സംസ്ഥാന ഖജനാവിൽ നിന്നാണ് എൽഡിഎഫ് സർക്കാർ പണം നൽകിയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

യുഡിഎഫിന്റേത് ഇരട്ടത്താപ്പും സംഘപരിവാർ അജണ്ടയും

പ്രതിപക്ഷത്തിരുന്നപ്പോൾ പിഎം ശ്രീ പദ്ധതിയെയും ദേശീയ വിദ്യാഭ്യാസ നയത്തെയും നഖശിഖാന്തം എതിർത്ത കോൺഗ്രസും മുസ്ലിം ലീഗും ഇപ്പോൾ ഭരണത്തിലെത്തിയപ്പോൾ നിലപാട് മാറ്റിയത് ഇരട്ടത്താപ്പാണെന്ന് ശിവൻകുട്ടി വിമർശിച്ചു. അന്ന് നിയമസഭയിലും പുറത്തും തങ്ങളെ വേട്ടയാടിയവർ ഇന്ന് കേന്ദ്ര നിബന്ധനകൾ മറികടക്കാമെന്ന ഉദ്യോഗസ്ഥ റിപ്പോർട്ടുകളുടെ തൊടുന്യായങ്ങൾ പറഞ്ഞ് പദ്ധതി നടപ്പാക്കാൻ ധൃതി കൂട്ടുകയാണ്.

ദേശീയ വിദ്യാഭ്യാസ നയം അതേപടി നടപ്പിലാക്കാനും അതുവഴി സംഘപരിവാർ അജണ്ടകൾക്ക് മുൻപിൽ കേരളത്തിന്റെ പുരോഗമനപരമായ വിദ്യാഭ്യാസ മേഖലയെ അടിയറവ് വെക്കാനുമാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നത്. കേന്ദ്രത്തിന് പാദസേവ ചെയ്യുന്ന ഈ നിലപാടിന് കോൺഗ്രസും മുസ്ലിം ലീഗും ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള നീക്കത്തെ എൽഡിഎഫ് ശക്തമായി പ്രതിരോധിക്കുമെന്നും പൊതുവിദ്യാഭ്യാസ മേഖലയുടെ തനിമ നിലനിർത്താൻ ഏതറ്റം വരെയും പോരാടുമെന്നും മുൻ മന്ത്രി കൂട്ടിച്ചേർത്തു.

---------------

Hindusthan Samachar / Roshith K


Latest News