ലോകകപ്പ് ഫുട്ബോള് : ഫ്രാന്സ് സെമിയില്; മൊറോക്കോയേ എതിരില്ലാത്ത രണ്ട് ഗോളിന് തോല്പ്പിച്ചു.
USA, 10 ജൂലൈ (H.S.) തുടര്‍ച്ചയായ മൂന്നാം വട്ടവും ലോകകപ്പ് സെമിയിലേക്ക് കുതിച്ച് ഫ്രാന്‍സ്. ആറു മിനിറ്റിനിടെ കിട്ടിയ രണ്ട് അവസരങ്ങളും മുതലാക്കിയ ഫ്രാന്‍സ്, ക്വാര്‍ട്ടര്‍ ഫൈനല്‍ പോരില്‍ മൊറോക്കോയെ എതിരില്ലാത്ത രണ്ടു ഗോളിനു കീഴടക്കി ഫിഫ ലോകകപ്പിന്റെ
france


USA, 10 ജൂലൈ (H.S.)

തുടര്‍ച്ചയായ മൂന്നാം വട്ടവും ലോകകപ്പ് സെമിയിലേക്ക് കുതിച്ച് ഫ്രാന്‍സ്. ആറു മിനിറ്റിനിടെ കിട്ടിയ രണ്ട് അവസരങ്ങളും മുതലാക്കിയ ഫ്രാന്‍സ്, ക്വാര്‍ട്ടര്‍ ഫൈനല്‍ പോരില്‍ മൊറോക്കോയെ എതിരില്ലാത്ത രണ്ടു ഗോളിനു കീഴടക്കി ഫിഫ ലോകകപ്പിന്റെ സെമി ഫൈനലില്‍ കടന്നു. കഴിഞ്ഞ ലോകകപ്പ് സെമിഫൈനലില്‍ ഏറ്റുമുട്ടിയപ്പോഴും 2-0നാണ് മൊറോക്കോയെ ഫ്രാന്‍സ് തോല്‍പ്പിച്ചത്. ലോകകപ്പില്‍ ഫ്രാന്‍സിന്റെ തുടര്‍ച്ചയായ മൂന്നാം സെമി ഫൈനലാണിത്. സ്‌പെയിന്‍ - ബല്‍ജിയം പോരാട്ടത്തില്‍ വിജയികളാകും സെമിയില്‍ ഫ്രാന്‍സിന്റെ എതിരാളികള്‍.

60-ാം മിനിറ്റില്‍ കിലിയന്‍ എംബപെയും 66-ാം മിനിറ്റില്‍ ഉസ്മാന്‍ ഡെംബലെയുമാണ് ഫ്രാന്‍സിനു വേണ്ടി സ്‌കോര്‍ ചെയ്തത്. ഡിസൈര്‍ ഡൂയെയുടെ പക്കല്‍നിന്ന് അസിസ്റ്റ് സ്വീകരിച്ചാണ് എംബപെ മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. പെനല്‍റ്റി ബോക്‌സിന്റെ ഇടതുഭാഗത്തുനിന്ന് പ്രതിരോധ നിരക്കാരെ വെട്ടിച്ച് എംബപെ തൊടുത്ത മനോഹരമായ ഒരു റൈറ്റ്-ഫൂട്ടഡ് കേളിങ് ഷോട്ട് മൊറോക്കന്‍ ഗോള്‍കീപ്പര്‍ യാസിന്‍ ബോണോയെ കാഴ്ചക്കാരനാക്കി വലയുടെ വലത് മൂലയിലേക്ക് കയറുകയായിരുന്നു.

ടൂര്‍ണമെന്റില്‍ എംബപെയുടെ എട്ടാമത്തെ ഗോളായിരുന്നു ഇത്. ലോകകപ്പിലാകെ ഗോളെണ്ണം 20 ആയി. ലയണല്‍ മെസ്സിക്കു ശേഷം ലോകകപ്പില്‍ 20 ഗോള്‍ തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് എംബപെ. 21 ഗോളുകളാണ് മെസ്സിക്കുള്ളത്.

മൊറോക്കോ ഗോള്‍ തിരിച്ചടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ പ്രതിരോധ പിഴവാണ് ഫ്രാന്‍സിന് രണ്ടാം ഗോളിന് വഴിയൊരുക്കിയത്. ആദ്യ ഗോള്‍ നേടിയ എംബപെ ഇവിടെ ഒരു പ്ലേമേക്കറുടെ വേഷം അണിഞ്ഞു. മൊറോക്കന്‍ പ്രതിരോധത്തിന്റെ വിടവിലൂടെ എംബപെ നല്‍കിയ മനോഹരമായ പാസ് സ്വീകരിച്ച് ഉസ്മാന്‍ ഡെംബെലെ പന്ത് മൊറോക്കന്‍ ഗോളി യാസിന്‍ ബോണോയെ മറികടന്ന് വലയിലെത്തിച്ചു. സ്‌കോര്‍ 2-0. ഈ ലോകകപ്പില്‍ ഡെംബലെയുടെ അഞ്ചാം ഗോളാണിത്.

മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. തുടക്കത്തിലേ ലീഡ് നേടാനുള്ള സുവര്‍ണാവസരം ഫ്രാന്‍സ് നഷ്ടപ്പെടുത്തി. 25-ാം മിനിറ്റില്‍ ഫ്രാന്‍സിന് അനുകൂലമായി ലഭിച്ച പെനല്‍റ്റി കിക്ക് എടുത്ത കിലിയന്‍ എംബപ്പെയ്ക്ക് പിഴച്ചു. ബോക്‌സിനുള്ളില്‍ എംബപയെ നുസൈര്‍ മസ്‌റൂയി ഫൗള്‍ ചെയ്തതിനാണ് വാര്‍ പരിശോധനയിലൂടെ ഫ്രാന്‍സിന് പെനല്‍റ്റി അനുവദിച്ചത്.

കിക്കെടുത്ത എംബപെ, ഗോള്‍പോസ്റ്റിന്റെ താഴെ വലതു മൂലയിലേക്ക് ഷോട്ട് ഉതിര്‍ത്തെങ്കിലും മൊറോക്കന്‍ കീപ്പര്‍ യാസിന്‍ ബൂണോ തടയുകയായിരുന്നു. ആദ്യ പകുതിയില്‍ ഗോള്‍ ലക്ഷ്യമാക്കി നാലു ഷോട്ടുകള്‍ ഉതിര്‍ത്ത ഫ്രാന്‍സിന്റെ എല്ലാം ശ്രമങ്ങളും കിടിലന്‍ സേവിലൂടെ ബൂണോ തടയുകയായിരുന്നു.

ആദ്യ പകുതിയില്‍ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും പായിക്കാന്‍ മൊറോക്കോയ്ക്കായില്ല. പന്തടക്കത്തിലും പാസുകളിലും ഫ്രാന്‍സിനു തന്നെയായിരുന്നു മുന്‍തൂക്കം.

---------------

Hindusthan Samachar / Sreejith S


Latest News