നാഷണല് കോണ്ഫറന്സിനെ പിളര്ത്താന് ബിജെപി ശ്രമമെന്ന് ഒമര് അബ്ദുള്ള;എംഎല്എമാര്ക്ക് 30 കോടി വരെ വാഗ്ദാനമെന്ന് ആരോപണം
KASHMIR, 11 ജൂലൈ (H.S.) ജമ്മു കശ്മീരിലെ ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിനെ പിളര്‍ത്താന്‍ ബിജെപി ശ്രമമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണ്. പാര്‍ട്ടി എംഎല്‍എമാരെ കോടികളും മന്ത്രിസ
OMAR


KASHMIR, 11 ജൂലൈ (H.S.)

ജമ്മു കശ്മീരിലെ ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിനെ പിളര്‍ത്താന്‍ ബിജെപി ശ്രമമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണ്. പാര്‍ട്ടി എംഎല്‍എമാരെ കോടികളും മന്ത്രിസ്ഥാനങ്ങളും വാഗ്ദാനം ചെയ്ത് കൂറുമാറ്റാന്‍ ബിജെപി നേതാക്കള്‍ അടച്ചിട്ട മുറികളില്‍ ചര്‍ച്ച നടത്തുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ശ്രീനഗറിലെ ഹസ്രത്ബാലില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാപകന്‍ ഷെയ്ഖ് മുഹമ്മദ് അബ്ദുള്ളയുടെ ഭാര്യ ബീഗം അക്ബര്‍ ജഹാന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന റാലിയിലാണ് മുഖ്യമന്ത്രി ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. ജമ്മു മേഖലയില്‍ നിന്നുള്ള ഒരു നാഷണല്‍ കോണ്‍ഫറന്‍സ് എംഎല്‍എയെ ബിജെപിയുടെ മുതിര്‍ന്ന ഭാരവാഹിയും സുപ്രീം കോടതി അഭിഭാഷകനുമായ വ്യക്തി നേരിട്ട് സമീപിച്ചതായി ഒമര്‍ അബ്ദുള്ള പറഞ്ഞു. പാര്‍ട്ടി വിട്ടുവന്നാല്‍ 20 മുതല്‍ 30 കോടി രൂപ വരെയും, മന്ത്രിസ്ഥാനവും, ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനവുമാണ് ഇവര്‍ നല്‍കിയത്.

'ഞങ്ങളുടെ ക്ഷമയെയും മൗനത്തെയും നിങ്ങള്‍ പരിഹാസവിഷയമാക്കിയിരിക്കുന്നു. നാഷണല്‍ കോണ്‍ഫറന്‍സിനെ പിളര്‍ത്താന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ പരാജയപ്പെട്ടപ്പോള്‍ പണം ഉപയോഗിക്കുന്നു. ഞങ്ങളുടെ വിശ്വാസത്തിന് വളരെ കുറഞ്ഞ വിലയേ ഉള്ളൂ എന്നാണ് അവര്‍ കരുതുന്നത്. 30 കോടി രൂപയ്ക്കോ 100 കോടി രൂപയ്ക്കോ വേണ്ടിപ്പോലും കൂറുമാറാന്‍ ഒരു എംഎല്‍എ പോലും തയ്യാറല്ല', എന്ന് ഒമര്‍ അബ്ദുള്ള വ്യക്തമാക്കി.

തുടര്‍ന്ന് ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് നടത്തിപ്പിലും സംസ്ഥാന പദവി സംബന്ധിച്ച വാഗ്ദാനങ്ങള്‍ കൈകാര്യം ചെയ്തതിലും ബിജെപിക്കെതിരെ മുഖ്യമന്ത്രി രൂക്ഷവിമര്‍ശനം ഉന്നയിച്ചു. 'തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് നിങ്ങള്‍ അവര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. ഇനി എത്ര തെരഞ്ഞെടുപ്പുകളാണ് നിങ്ങള്‍ ഇവിടെ നടത്താന്‍ പോകുന്നത്? ഇപ്പോള്‍ നിങ്ങള്‍ക്ക് തദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളും വേണം. എന്നാല്‍ ഞാന്‍ നിങ്ങളോട് പറയുന്നു പഞ്ചായത്ത്, തദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ അനുയോജ്യമായ സമയത്ത് നടക്കും. ആ അനുയോജ്യമായ സമയം ഞങ്ങള്‍ തീരുമാനിക്കും', എന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News