Enter your Email Address to subscribe to our newsletters

Thrissur , 11 ജൂലൈ (H.S.)
അയോധ്യയിലെ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങളിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ക്ഷേത്രത്തിലെ കൊള്ള വിശ്വാസികളെ കടുത്ത രീതിയിൽ വേദനിപ്പിച്ചുവെന്നും വരാനിരിക്കുന്ന പാർലമെൻ്റ് സമ്മേളനത്തിൽ കോൺഗ്രസ് ഈ വിഷയം ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുരുവായൂർ ക്ഷേത്രദർശനത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെസി.
വിശ്വാസത്തിന് നേരെയുള്ള ആക്രമണം
അയോധ്യയിലെ ക്രമക്കേടുകൾക്ക് പൂർണ ഉത്തരവാദിത്തം ക്ഷേത്ര ട്രസ്റ്റിനാണെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. ആരോപണങ്ങൾ ഉയർന്നിട്ടും ട്രസ്റ്റ് ഇതുവരെ പിരിച്ചുവിട്ടിട്ടില്ല. പകരം മിനുക്കുപണികൾ നടത്തി മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്. കുറ്റവാളികളെ സംരക്ഷിക്കാൻ വേണ്ടിയുള്ള എല്ലാ ഒത്താശകളും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചെയ്തുകൊടുക്കുകയാണ്. ഇത് കേവലം ഒരു കൊള്ള മാത്രമല്ല, മറിച്ച് വിശ്വാസത്തിന് നേരെയുള്ള കടുത്ത ആക്രമണമാണ്. കോൺഗ്രസ് ഇതൊരു രാഷ്ട്രീയ വിഷയമായിട്ടല്ല കാണുന്നത്.
എന്നാൽ കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ബിജെപിയും ആർഎസ്എസും രാമജന്മഭൂമി വിഷയം ഉപയോഗിച്ചാണ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. ദൈവങ്ങളെ എങ്ങനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാമെന്ന് അവർ കാണിച്ചുതന്നു. വിശ്വാസത്തിൻ്റെ പേരിലല്ല, മറിച്ച് കൊള്ള നടത്താനും ജനങ്ങളെ വിഭജിച്ച് വോട്ട് നേടാനും വേണ്ടി മാത്രമാണ് അവർ ദൈവങ്ങളെ ഉപയോഗിക്കുന്നതെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാർലമെൻ്റിൽ ചോദ്യമുയർത്തുംഈ മാസം 24ന് ആരംഭിക്കുന്ന പാർലമെൻ്റ് സമ്മേളനത്തിൽ അയോധ്യ വിഷയം കോൺഗ്രസ് വലിയ രീതിയിൽ ഉന്നയിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിൽ ഇതിന് മറുപടി പറയണമെന്ന് ആവശ്യപ്പെടും. കാരണം, പ്രധാനമന്ത്രി മേൽനോട്ടം വഹിച്ച് നിശ്ചയിച്ച കമ്മിറ്റിയാണ് അവിടുത്തെ ട്രസ്റ്റ്. അതിനാൽ അവർക്കാർക്കും ഇതിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കില്ല. രാജ്യവ്യാപകമായി കോൺഗ്രസ് ഈ വിഷയം ഉന്നയിക്കുന്നുണ്ട്. പാർട്ടി വക്താക്കൾ വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ച് ജനങ്ങളോട് കാര്യങ്ങൾ വിശദീകരിക്കുകയാണ്.
ജനങ്ങളുടെ മനസ്സിലുള്ള പുകമറ മാറ്റാൻ അടിയന്തര നടപടികൾ സ്വീകരിക്കണം. സുപ്രീം കോടതി മോണിറ്റർ ചെയ്യുന്ന അന്വേഷണം വന്നാൽ മാത്രമേ യഥാർഥ കുറ്റവാളികൾ നിയമത്തിന് മുന്നിൽ വരൂ. സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെങ്കിൽ ജുഡീഷ്യൽ അന്വേഷണത്തിന് എന്തുകൊണ്ട് മടിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഉത്തർപ്രദേശ് സർക്കാരിൻ്റെ എസ്ഐടി അന്വേഷണം പലരെയും രക്ഷിക്കാൻ വേണ്ടിയുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിലെ ബിജെപി മൗനം വെടിയണംകേരളത്തിൽ നിന്നടക്കം നിരവധി വിശ്വാസികൾ എല്ലാ മാസവും അയോധ്യയിലേക്ക് പോകുന്നുണ്ട്. എന്നിട്ടും ഇത്ര വലിയ അമ്പലക്കൊള്ള നടന്നിട്ട് കേരളത്തിലെ ബിജെപി നേതാക്കൾ എന്തുകൊണ്ട് മിണ്ടുന്നില്ലെന്ന് കെ.സി വേണുഗോപാൽ ചോദിച്ചു. ശബരിമലയിൽ പ്രശ്നങ്ങളുണ്ടായപ്പോൾ കോൺഗ്രസ് അത് ഉന്നയിക്കുകയും ജനങ്ങൾ ചർച്ച ചെയ്യുകയും ചെയ്തതാണ്. അതിനേക്കാൾ ഭീകരമായ കൊള്ളയാണ് അയോധ്യയിൽ നടന്നത്. ഇതിൽ മൗനം പാലിക്കുന്നത് കള്ളന്മാരെ സംരക്ഷിക്കാൻ വേണ്ടിയാണ്.
ഇവർ യഥാർഥ വിശ്വാസികളല്ല, ഹിന്ദുക്കളുടെ പേരിൽ കൊള്ളയടിക്കാനും ജനങ്ങളെ വിഭജിക്കാനും നിൽക്കുന്നവർ മാത്രമാണ്. അയോധ്യയിൽ മാത്രമല്ല, ബിജെപി സർക്കാരുകൾ നിയന്ത്രിക്കുന്ന ബദരീനാഥ്, കേദാർനാഥ് ക്ഷേത്രങ്ങളിലും സമാനമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ക്ഷേത്രങ്ങൾ കൊള്ളയടിക്കാനുള്ളതാണോ എന്ന് അവർ വ്യക്തമാക്കണം. ഹിന്ദു-മുസ്ലിം വിഭജനം ഉണ്ടാക്കാനും ദൈവം ആഗ്രഹിക്കാത്ത കാര്യങ്ങൾ ചെയ്യിപ്പിക്കാനുമാണ് ഇവർ ദൈവത്തെ ഉപയോഗിക്കുന്നത്.
മാധ്യമങ്ങളുടെ മൗനവും ഏജൻസികളുടെ ഭീഷണിയുംഇത്രയും ഭീകരമായ കൊള്ള നടന്നിട്ടും പല ദേശീയ മാധ്യമങ്ങളും ഇത് ചർച്ചയാക്കുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു. തങ്ങളുടെ കൊള്ളരുതായ്മകൾക്കെതിരെ ശബ്ദിക്കുന്നവരെ കേന്ദ്ര ഏജൻസികളെ വച്ച് ഭീഷണിപ്പെടുത്തി നിർവീര്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അവർക്ക് ചോദ്യങ്ങളെയും വിമർശനങ്ങളെയും തുറന്നുപറച്ചിലുകളെയും ഭയമാണ്.
കഴിഞ്ഞ 12 വർഷമായി ഇന്ത്യൻ പ്രധാനമന്ത്രി ഒരു തവണ പോലും മാധ്യമങ്ങളെ കണ്ടിട്ടില്ല. മാധ്യമങ്ങളെ വിളിച്ച് ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അദ്ദേഹം തയാറായിട്ടില്ല. സിബിഐ, ഇഡി, ഇൻകം ടാക്സ് തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു. മാധ്യമ പ്രവർത്തകർ അദാനി വിഷയത്തിൽ പ്രതികരണം ആരാഞ്ഞപ്പോൾ, അതിൽ തൻ്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും ഇന്നത്തെ പ്രധാന വിഷയം അയോധ്യയാണെന്നും അദ്ദേഹം മറുപടി നൽകി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR