Enter your Email Address to subscribe to our newsletters

New delhi, 11 ജൂലൈ (H.S.)
എന്‍സിഇആര്‍ടി എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്തി. സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി ഉണ്ടായിരിക്കുന്നത്. ജുഡീഷ്യറി അധ്യായം പൂര്‍ണമായും മാറ്റിയതിനൊപ്പം ഇന്ത്യയുടെ വിഭജനത്തെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ നിലപാട് സംബന്ധിച്ച വിവരണത്തിലും, നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളിലുമാണ് പ്രധാന മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. വി ഡി സവര്‍ക്കറുടെ സ്വരാജ് ആവശ്യവും പുതുതായി പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജുഡീഷ്യറിയെക്കുറിച്ചുള്ള മുന്‍ അധ്യായത്തിലെ ചില ഭാഗങ്ങള്‍ തെറ്റായതും അനുചിതവുമാണെന്ന് വിലയിരുത്തിയ സുപ്രീം കോടതി, പഴയ പതിപ്പിന്റെ അച്ചടി, ഡിജിറ്റല്‍ പകര്‍പ്പുകള്‍ പിന്‍വലിക്കാനും പുതിയ പതിപ്പ് തയ്യാറാക്കാനും എന്‍സിഇആര്‍ടിയോട് നിര്‍ദേശിച്ചിരുന്നു.
തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയുടെ മേല്‍നോട്ടത്തില്‍ അധ്യായം പുനഃപരിശോധിച്ച് പുതിയ പതിപ്പ് പുറത്തിറക്കി. മുന്‍ പതിപ്പിലെ പിഴവുകള്‍ സംബന്ധിച്ച് എന്‍സിഇആര്‍ടി ക്ഷമാപണവും രേഖപ്പെടുത്തി.
പരിഷ്‌കരിച്ച പാഠപുസ്തകത്തില്‍ വിനായക് ദാമോദര്‍ സവര്‍ക്കറുടെ സ്വരാജ് ആവശ്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമ്പൂര്‍ണ സ്വാതന്ത്ര്യത്തിനായുള്ള ആവശ്യം വിശദീകരിക്കുന്ന ഭാഗത്തില്‍, 1925-ല്‍ സവര്‍ക്കറും സ്വരാജ് ആവശ്യപ്പെട്ടതായുള്ള പരാമര്‍ശം ചേര്‍ത്തിട്ടുണ്ട്.
അതേസമയം, ജുഡീഷ്യറിയെക്കുറിച്ചുള്ള അധ്യായം പൂര്‍ണമായും പുനഃക്രമീകരിച്ചിട്ടുണ്ട്. അഴിമതി, കേസുകളുടെ കാലതാമസം, ജഡ്ജിമാര്‍ക്കെതിരായ പരാതികള്‍ തുടങ്ങിയ വിഷയങ്ങള്‍ ഒഴിവാക്കി, ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ഭരണഘടനാപരമായ ചുമതലകളും അധികാരങ്ങളും വിശദീകരിക്കുന്ന രീതിയിലാണ് പുതിയ അധ്യായം തയ്യാറാക്കിയിരിക്കുന്നത്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32, 226 പ്രകാരമുള്ള അവകാശ സംരക്ഷണം, പൊതുതാല്‍പര്യ ഹര്‍ജി, ട്രൈബ്യൂണലുകള്‍, മധ്യസ്ഥത, ബദല്‍ തര്‍ക്കപരിഹാര സംവിധാനങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയിട്ടുണ്ട്. കൂടാതെ ഇ-ഫയലിംഗ്, ഹൈബ്രിഡ് കോടതി വിചാരണ, കോടതി നടപടികളുടെ തത്സമയ സംപ്രേഷണം തുടങ്ങിയ ആധുനിക നീതിന്യായ സംവിധാനങ്ങളെയും വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുന്നുണ്ട്.
ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠ്യപദ്ധതിയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഫ്രഞ്ച് വിപ്ലവം, റഷ്യന്‍ വിപ്ലവം, നാസിസത്തിന്റെ ഉദയം തുടങ്ങിയ അധ്യായങ്ങള്‍ പത്താം ക്ലാസിലേക്ക് മാറ്റി. പകരം, ആദ്യകാല മനുഷ്യചരിത്രം, ഹാരപ്പന്‍ നാഗരികത, മെസൊപ്പൊട്ടേമിയ, ഈജിപ്ത്, ചൈന എന്നിവയുള്‍പ്പെടെയുള്ള പുരാതന നാഗരികതകള്‍ക്കും ഇന്ത്യന്‍ വിജ്ഞാന പാരമ്പര്യത്തിനുമാണ് പുതിയ പാഠപുസ്തകത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഇതിലൂടെ ഇന്ത്യന്‍ ചരിത്രവും ഭരണഘടനയും വിദ്യാര്‍ഥികള്‍ക്ക് അവതരിപ്പിക്കുന്ന രീതിയില്‍ വലിയ മാറ്റമാണ് എന്‍സിഇആര്‍ടി കൊണ്ടുവന്നിരിക്കുന്നത്
ഇന്ത്യയുടെ സ്വാതന്ത്ര്യവും വിഭജനവും സംബന്ധിച്ച അധ്യായത്തിലാണ് ശ്രദ്ധേയമായ തിരുത്തലുകള്‍. മുന്‍ പതിപ്പില്‍ മഹാത്മാഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും വിഭജനത്തെ എതിര്‍ത്തിരുന്നെങ്കിലും പിന്നീട് അതാണ് മുന്നോട്ടുള്ള ഏക മാര്‍ഗമെന്ന് അംഗീകരിച്ചുവെന്നായിരുന്നു പരാമര്‍ശം. പുതിയ പതിപ്പില്‍ കോണ്‍ഗ്രസ് വിഭജനത്തെ വ്യാപകമായി എതിര്‍ത്തിരുന്നുവെന്നും, അത് സ്വീകരിച്ചതാണ് ഏക പരിഹാരമായിരുന്നോ എന്നത് ഇന്നും ചരിത്രകാരന്മാര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാണെന്നും വ്യക്തമാക്കുന്നു. വിഭജനകാലത്ത് ഉണ്ടായ വര്‍ഗീയ കലാപങ്ങള്‍ തടയുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിസഹായരായിരുന്നുവെന്ന പരാമര്‍ശവും ഒഴിവാക്കി.
---------------
Hindusthan Samachar / Sreejith S