Enter your Email Address to subscribe to our newsletters

Hydrabad, 11 ജൂലൈ (H.S.)
പോക്‌സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയുടെ ക്രൂരതയില്‍ ഞെട്ടിരിക്കുകയാണ് തെലങ്കാനയിലെ രംഗറെഡ്ഡി ജില്ല. പോക്‌സോ കേസില്‍ പ്രതിയായിരുന്ന യുവാവ് ക്രൂരമായി ആറുപേരെ കൊലപ്പെടുത്തി. പോക്‌സോ കേസിലെ ഇരയും സ്വന്തം ഭാര്യയും മക്കളും അടക്കമാണ് കൊല്ലപ്പെട്ടത്.പ്രതിക്കായി പൊലീസ് ഏഴ് സംഘങ്ങളായി ഊര്‍ജിതമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രംഗറെഡ്ഡി ജില്ലയിലെ ഷാബാദ് മണ്ഡലിലെ ദൈവലഗുഡ ഗ്രാമത്തിലാണ് പുലര്‍ച്ചെ ദാരുണമായ സംഭവം നടന്നത്. 28-കാരനായ രാജ്കുമാര്‍ എന്ന യുവാവാണ് ആറുപേരെ ക്രൂരമായി കൊലപ്പെടുത്തിയത്. കഴിഞ്ഞ മെയ് 16-ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും അമ്മയും നല്‍കിയ പരാതിയില്‍ രാജ്കുമാറിനെതിരെ പോക്‌സോ നിയമപ്രകാരമുള്ള കേസെടുത്തിരുന്നു. പെണ്‍കുട്ടിയെ പിന്തുടരുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്‌തെന്നാരോപിച്ചായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് വ്യക്തിഗത ബോണ്ടില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഇയാള്‍ പ്രതികാരബുദ്ധിയോടെ ആക്രമണം നടത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ആക്രമണത്തില്‍ പോക്‌സോ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടി, പെണ്‍കുട്ടിയുടെ അമ്മ, മുത്തശ്ശി, (ചിത്യാല റുക്കമ്മ (65), ചിത്യാല ലക്ഷ്മി (45)) പ്രതിയുടെ ഭാര്യ സരിത, മൂന്ന് വയസുള്ള മകള്‍, രണ്ട് വയസുള്ള മകന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കത്തികൊണ്ട് ക്രൂരമായ ആക്രമണമാണ് ഇവര്‍ക്കെതിരെ പ്രതി നടത്തിയത്. രാജ്കുമാര്‍ തന്റെ ഭാര്യയായ സരിതയെ പ്രണയിച്ച് വിവാഹം കഴിച്ചതാണ്.
കൊലപാതകങ്ങള്‍ നടത്തിയ ശേഷം രാജ്കുമാര്‍ മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ സൈബരാബാദ് പൊലീസ് കമ്മിഷണര്‍ തരുണ്‍ ജോഷിയും ഡി.സി.പി യോഗേഷ് ഗൗതവും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. പ്രതിക്കെതിരെ കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോക്‌സോ കേസുമായുള്ള വൈരാഗ്യമാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെ പ്രധാന കാരണമെന്നാണ് നിലവിലെ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു.
പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി നടത്തിയ ഈ കൂട്ടക്കൊല തെലങ്കാനയെ നടുക്കിയിരിക്കുകയാണ്. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിക്കെതിരെ നിയമാനുസൃതമായ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
---------------
Hindusthan Samachar / Sreejith S