Enter your Email Address to subscribe to our newsletters

Kolkkatha, 11 ജൂലൈ (H.S.)
പശ്ചിമ ബംഗാളില്‍ ഏകീകൃത സിവില് കോഡ് നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കരട് ബില്‍ പരിശോധിക്കുന്നതിനും അന്തിമരൂപം നല്‍കുന്നതിനുമായി വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തില്‍ ഒമ്പതംഗ വിദഗ്ധ സമിതിയെ നിയമിച്ചു. ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഈ നിയമനിര്‍മാണം അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
നിര്‍ദിഷ്ട നിയമത്തില്‍ നിന്ന് സംസ്ഥാനത്തെ തദ്ദേശീയ വിഭാഗങ്ങളെ ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമ വിദഗ്ധര്‍, മുന്‍ ജഡ്ജിമാര്‍, ബ്യൂറോക്രാറ്റുകള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്നതാണ് ഈ സമിതി. 'യുസിസി നടപ്പിലാക്കുന്നതിലൂടെ ഒരു രാജ്യം, ഒരു നിയമം എന്നത് വ്യക്തമാണ്. രണ്ട് തരം നിയമങ്ങള്‍ ഉണ്ടാകാന്‍ പാടില്ല' മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു. ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നിയമനിര്‍മ്മാണവുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ രാജ്യവ്യാപകമായി ബിജെപി സജീവമാക്കുന്ന സാഹചര്യത്തിലാണ് ബംഗാളിന്റെ ഈ നീക്കം
എന്താണ് ഏകീകൃത സിവില് കോഡ്?
മതം, ലിംഗം, ലൈംഗിക ആഭിമുഖ്യം എന്നിവയുടെ തരംതിരിവില്ലാതെ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും തുല്യമായി ബാധകമാകുന്ന വ്യക്തി നിയമം എന്നതാണ് ഏകീകൃത സിവില് കോഡ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് വിവാഹം, വിവാഹ മോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ എന്നിവയ്ക്കെല്ലാം രാജ്യത്താകമാനം എല്ലാ മതവിഭാഗങ്ങള്‍ക്കും ബാധകമായ നിയമം.
ഭരണഘടനയുടെ 44 -ാം അനുഛേദത്തില്‍, നിര്‍ദേശക തത്വങ്ങളില്‍ രാജ്യത്ത് ഏകീകൃത സിവില് കോഡ് നടപ്പിലാക്കണം എന്നു പറയുന്നുണ്ട്. ഭരണ നിര്‍വഹണത്തിലും നിയമ നിര്‍മാണത്തിലും ഭരണകൂടങ്ങള്‍ പാലിക്കേണ്ട കാര്യങ്ങളാണ് നിര്‍ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സിവില്‍ കോഡിന്റെ ചരിത്ര പശ്ചാത്തലം
സിവില്‍ കോഡ് സംബന്ധിച്ച വലിയ ചര്‍ച്ചകള്‍ ഭരണഘടനാ രൂപീകരണ സമയത്ത് ഉണ്ടായിട്ടുണ്ട്. സിവില്‍ കോഡ് മൗലിക അവകാശമാക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. നിര്‍ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ നേതൃത്വത്തില്‍ ഉള്ള ഉപസമിതിയുടെ തീരുമാനത്തിന് ഭൂരിപക്ഷ പിന്തുണ ലഭിച്ചു.
സിവില്‍ കോഡും കോടതി ഇടപെടലും
ഏകീകൃത സിവില് കോഡ് നടപ്പിലാക്കുന്നതിനെ എന്നും സുപ്രീംകോടതി പിന്തുണച്ചിട്ടുണ്ട്. വിധിന്യായങ്ങളില്‍, നിരീക്ഷണങ്ങളില്‍ എല്ലാം കോടതി ഇക്കാര്യം ആവശ്യപ്പെട്ടിട്ടുമുണ്ട്.
രാജ്യത്ത് രാഷ്ട്രീയ രംഗത്തും നിയമ മേഖലയിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചെ കേസാണ് 1985 -ലെ ഷാ ബാനു കേസ് (മുഹമ്മദ് അഹമ്മദ് ഖാന്‍ vs ഷാ ബാനു ബീഗം).
തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയ ഷാ ബാനുവിന് മുന്‍ഭര്‍ത്താവ് ജീവനാംശം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഈ ഉത്തരവില്‍ ഏകീകൃത സിവില്‍ കോഡിന്റെ ആവശ്യകത കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിലൂടെ ഈ ഉത്തരവ് മറികടന്നു.
1995 -ലെ മുദ്ഗല്‍ വിധിന്യായം, 97 -ലെ ജോണ്‍ വള്ളമറ്റം കേസ്, 2019 -ലെ പൗലോ കുടീഞ്ഞോ കേസ് തുടങ്ങി നിരവധി വിധികളില്‍ ഏകീകൃത സിവില്‍ കോഡിന്റെ ആവശ്യകത കോടതി പരാമര്‍ശിച്ചിട്ടുണ്ട്.
ഏകീകൃത സിവില്‍ കോഡും നിയമ കമ്മീഷനും
2016 -ല്‍ ഒന്നാം മോദി സര്‍ക്കാര്‍ ഏകീകൃത സിവില് കോഡ് രൂപീകരിക്കുന്നതിനെപ്പറ്റി പഠിക്കാന്‍ നിയമ കമ്മീഷനോട് ആവശ്യപ്പെട്ടു. 2018 -ല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഏകീകൃത സിവില് കോഡ് രൂപീകരിക്കുന്നതിന് പകരം വ്യക്തി നിയമങ്ങളിലെ വിവേചനങ്ങള്‍ കണ്ടെത്തി ഭേദഗതി ചെയ്യുക എന്ന നിര്‍ദേശമാണ് കമ്മീഷന്‍ മുന്നോട്ടു വെച്ചത്. വിവാഹ പ്രായം 18 ആയി ഏകീകരിക്കുക, വിവാഹ മോചനത്തിനുളള നിയമങ്ങള്‍ ലഘൂകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
---------------
Hindusthan Samachar / Sreejith S