വന്ദേമാതരം ആലപിക്കാന് പുതിയ മാര്ഗരേഖ; പൂര്ണ്ണരൂപത്തില് തന്നെ ആലപിക്കണമെന്ന് ഉത്തരവ്
New delhi, 11 ജൂലൈ (H.S.) ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിന് മാര്‍ഗ്ഗരേഖകള്‍ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ആധികാരികത നിലനിര്‍ത്താനും രാജ്യവ്യാപകമായി ഏകീകരണം ഉറപ്പാക്കാനുമാണ് അടിയന്തര ഭേദഗതികളെന്നാണ് വിശദീകരണം. ദേശീയ പ്ര
indian flag


New delhi, 11 ജൂലൈ (H.S.)

ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിന് മാര്‍ഗ്ഗരേഖകള്‍ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ആധികാരികത നിലനിര്‍ത്താനും രാജ്യവ്യാപകമായി ഏകീകരണം ഉറപ്പാക്കാനുമാണ് അടിയന്തര ഭേദഗതികളെന്നാണ് വിശദീകരണം. ദേശീയ പ്രതീകങ്ങളുടെ ആധികാരികത നിലനിര്‍ത്താനും രാജ്യവ്യാപകമായി ഏകീകരണം ഉറപ്പാക്കാനുമാണ് ഈ അടിയന്തര ഭേദഗതികള്‍. ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ യഥാര്‍ത്ഥ കവിതയിലെ ആറ് ചരണങ്ങളും പൂര്‍ണ്ണമായി ആലപിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു.

ആദ്യത്തെ രണ്ട് ചരണങ്ങള്‍ മാത്രം പാടുന്ന മുന്‍പത്തെ രീതി ഇതോടെ അവസാനിക്കും. ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് ആലപിക്കുന്ന ചടങ്ങുകളില്‍, വന്ദേമാതരം വേണം ആദ്യം ആലപിക്കാന്‍. ഇതിന് തൊട്ടുപിന്നാലെ ദേശീയഗാനം ആലപിക്കണം. പൂര്‍ണ്ണരൂപത്തിലുള്ള ദേശീയഗീതത്തിന്റെ ഔദ്യോഗിക ആലാപന സമയം 3 മിനിറ്റും 10 സെക്കന്‍ഡുമായി കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചു.

മിലിട്ടറി അല്ലെങ്കില്‍ പൊലീസ് ബാന്‍ഡുകള്‍ ഈ ഗീതം പ്ലേ ചെയ്യുമ്പോള്‍, സദസ്സിന് മുന്നറിയിപ്പ് നല്‍കാനായി ഏഴ് തവണ ഡ്രം റോള്‍ അടിച്ച് വേണം ആരംഭിക്കാന്‍. സ്‌കൂളുകളിലും സര്‍വ്വകലാശാലകളിലും ദൈനംദിന പ്രാര്‍ത്ഥനകളുടെയും ഔദ്യോഗിക ചടങ്ങുകളുടെയും ഭാഗമായി വന്ദേമാതരം കൂട്ടമായി ആലപിക്കണമെന്ന് യു.ജി.സിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. വന്ദേമാതരം ആലപിക്കുമ്പോള്‍ കൃത്യമായ ഉച്ചാരണവും ഔദ്യോഗിക വരികളും മാത്രമേ ഉപയോഗിക്കാവൂ എന്ന് കേന്ദ്രം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബംഗാളി എഴുത്തുകാരന്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജി എഴുതിയതാണ് ദേശീയഗീതമായ വന്ദേമാതരം. ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തില്‍ ജനവികാരം ആളിക്കത്തിച്ച ഗീതം എന്ന പ്രത്യേകത വന്ദേമാതരത്തിന് ഉണ്ട്. മാതൃരാജ്യം (Mother Land) എന്ന സങ്കല്‍പം ആദ്യമായി ഇന്ത്യയ്ക്കു ചാര്‍ത്തിക്കൊടുത്തതും 'വന്ദേമാതരം' ആണ്. ബ്രിട്ടിഷ് ഭരണകാലത്തു ബ്രിട്ടന്റെ ദേശീയഗാനമായ 'ഗോഡ് സേവ് ദ് ക്വീന്‍' ഇന്ത്യയിലും നിര്‍ബന്ധമാക്കാന്‍ ശ്രമം നടന്നിരുന്നു. ആ ശ്രമങ്ങളെ തടഞ്ഞതു വന്ദേമാതരവും ജനഗണമനയും നേടിയ ജനപ്രീതിയാണ് എന്നു പറയാം.

ഇന്ത്യ പരമാധികാര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെടുന്നതിനു രണ്ടു ദിവസം മുന്‍പ്, 1950 ജനുവരി 24നാണ് 'ജനഗണമന...' ദേശീയ ഗാനമായി അംഗീകരിച്ചത്. അന്നു നടന്ന ഭരണഘടനാ നിര്‍മാണസഭയുടെ യോഗത്തില്‍ ദേശീയ ഗാനമായി തിരഞ്ഞെടുക്കപ്പെടാനുള്ള ചര്‍ച്ചയില്‍ ഈ പദവിയിലേക്കു വന്ദേമാതരം കൂടി പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ വാഗ്വാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ 'ജനഗണമന' ദേശീയ ഗാനമായി അംഗീകരിക്കപ്പെട്ടു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെയും ആവശ്യം ഇതുതന്നെയായിരുന്നു. ആ പ്രഖ്യാപനം നടത്തിയതാവട്ടെ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി അധ്യക്ഷന്‍ ഡോ.രാജേന്ദ്രപ്രസാദും. ദേശീയഗാനമായി തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലും സ്വാതന്ത്ര്യസമരത്തില്‍ വഹിച്ച പങ്ക് കണക്കിലെടുത്ത് 'വന്ദേമാതര'വും തുല്യ പ്രാധാന്യത്തോടെ ആദരിക്കപ്പെടുമെന്ന് അദ്ദേഹം അന്ന് പ്രഖ്യാപിച്ചു.

'വന്ദേമാതര'ത്തിന്റെ ചരിത്രം ഏറ്റവും വിശ്വസനീയമായി എഴുതപ്പെട്ടത് 'വന്ദേമാതരം - ദ് ബയോഗ്രഫി ഓഫ് എ സോങ്' എന്ന പുസ്തകത്തിലാണ്. എന്നാണ് ഈ ഗാനം എഴുതിയത് എന്നതിനു കൃത്യമായ രേഖകളൊന്നുമില്ല. 1872നും 1875നുമിടയില്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ വിരല്‍ത്തുമ്പില്‍ പിറവിയെടുത്തതാണു സംസ്‌കൃതവല്‍ക്കരിച്ച ബംഗാളി ഭാഷയിലെ ഈ വരികള്‍. ചാറ്റര്‍ജി ആരംഭിച്ച വംഗദര്‍ശന്‍ (ബംഗദര്‍ശന്‍) എന്ന ബംഗാളി മാസിക അച്ചടിച്ചിരുന്ന അച്ചടിശാലയിലെ കംപോസിറ്റര്‍, ഒരു താളില്‍ മിച്ചം വന്ന സ്ഥലത്തു ചേര്‍ക്കാനായി ആവശ്യപ്പെട്ടപ്രകാരം അദ്ദേഹം തയാറാക്കിയതാണ് രണ്ടു ഖണ്ഡികകളുള്ള ഗാനത്തിന്റെ ആദ്യഭാഗം. ചാറ്റര്‍ജി എഴുതിയ ആനന്ദമഠം എന്ന ബംഗാളി നോവല്‍ വംഗദര്‍ശനിലൂടെ 1882ല്‍ ആദ്യമായി പ്രസിദ്ധീകരിച്ചു. പിന്നീട് എഴുതിയ നാലു ഖണ്ഡികകള്‍കൂടി ചേര്‍ത്ത് ഗാനം നോവലില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News