മഴയുടെ ലഭ്യത കുറവില് ആശങ്കയില് തമിഴ്നാട്ടിലെ അതിർത്തി ഗ്രാമങ്ങള്;സർവമത പ്രാർഥനയുമായി തമിഴ്നാട് കർഷകർ
Idukki , 14 ജൂലൈ (H.S.) മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കാലവർഷം കനിയാത്തത് തമിഴ്നാട്ടിലെ അതിർത്തി ഗ്രാമങ്ങളെ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. ജലനിരപ്പ് ആശങ്കാജനകമായി താഴ്ന്നതോടെ കൃഷി അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ, പ്രകൃതിയുട
INTERFAITH PRAYERS FOR RAIN


Idukki , 14 ജൂലൈ (H.S.)

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കാലവർഷം കനിയാത്തത് തമിഴ്നാട്ടിലെ അതിർത്തി ഗ്രാമങ്ങളെ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. ജലനിരപ്പ് ആശങ്കാജനകമായി താഴ്ന്നതോടെ കൃഷി അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ, പ്രകൃതിയുടെ അനുഗ്രഹത്തിനായി ദൈവവിളികളുമായി തേക്കടിയിൽ ഒത്തുചേർന്നിരിക്കുകയാണ് തമിഴ്നാട്ടിലെ കർഷക സമൂഹം. ജാതി-മത ഭേദമന്യേ, കർഷകരുടെ അതിജീവനത്തിനായി തേക്കടി ഷട്ടർ പരിസരത്ത് ഉയർന്ന പ്രാർഥനാ മന്ത്രങ്ങൾ തമിഴകത്തിന്റെ ആശങ്കയുടെയും ഒപ്പം പ്രത്യാശയുടെയും നേർക്കാഴ്ചയായി മാറി.

പ്രതിസന്ധിയിലായ ഒന്നാം കൃഷി

തമിഴ്നാട്ടിലെ തേനി ജില്ലയിലെ പതിനാലായിരത്തിലധികം കർഷക കുടുംബങ്ങളുടെ ജീവനനാഡിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം. സാധാരണയായി എല്ലാ വർഷവും ജൂൺ ആദ്യവാരത്തിൽ ഒന്നാം കൃഷിക്കായി 120 ദിവസത്തേക്ക് 200 ഘനയടി വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാറുള്ളതാണ്. എന്നാൽ ഇത്തവണ കാലവർഷം കടുത്ത ചതിയാണ് ചെയ്തത്. വൃഷ്ടിപ്രദേശങ്ങളിൽ മഴ പെയ്യാത്തത് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് പൂർണമായും നിലപ്പിച്ചു.

അണക്കെട്ടിലെ നിലവിലെ അവസ്ഥ:

നിലവിലെ ജലനിരപ്പ് 112.90 അടിയാണ്. കൃഷിക്കായി വെള്ളം തുറന്നുവിടാൻ ആവശ്യമായ കുറഞ്ഞ ജലനിരപ്പ് 118 അടിയും. ജലനിരപ്പ് 118 അടി പിന്നിട്ട ശേഷമേ ഒന്നാം കൃഷിക്കായി വെള്ളം തുറന്നുവിടാനാകൂ എന്ന തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന്റെ കർശന നിർദേശമാണ് കർഷകരെ ആശങ്കയിലാക്കുന്നത്.

തേക്കടി ഷട്ടർ പരിസരത്ത് സൗഹാർദത്തിന്റെ പ്രാർഥനാ വേദി

കമ്പം-ചിന്നമന്നൂർ കർഷക സംഘടനകളുടെ ആഭിമുഖ്യത്തിലാണ് തേക്കടിയിലെ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ഓഫിസിന് സമീപമുള്ള ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ സംഘടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് പെരിയാർ അണക്കെട്ടിൽ നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം തുറന്നുവിടുന്ന തേക്കടി ഷട്ടർ പരിസരത്ത് സർവമത പ്രാർഥന നടന്നത്. ഹിന്ദു, മുസ്ലിം, ക്രൈസ്തവ മതനേതാക്കൾ ഒരേ വേദിയിൽ കർഷകർക്കായി പ്രാർഥനകൾക്ക് നേതൃത്വം നൽകി. മൗലവി അലാവുദ്ദീൻ മിസ്ബാഹി (ചീഫ് ഇമാം, കമ്പം വാവേർ പള്ളി), ബിഷപ്പ് ജ്ഞാനപ്രകാശം (റെമ റിവൈവൽ ചർച്ച്), രവി അർച്ചകൻ (കമ്പം വേലപ്പർ ക്ഷേത്രം) എന്നിവരാണ് പ്രാര്ഥനകള്ക്ക് നേതൃത്വം നല്കിയത്.

പ്രതീക്ഷ നൽകി 2019ലെ ഓർമ്മകൾഇതാദ്യമായല്ല കർഷകർ ഇത്തരമൊരു കൂട്ടപ്രാർഥനയുമായി രംഗത്തെത്തുന്നത്. നേരത്തെ 2019ലും സമാനമായ രീതിയിൽ കാലവർഷം വൈകുകയും ജലനിരപ്പ് താഴുകയും ചെയ്തപ്പോൾ കർഷകർ ഇവിടെ സർവമത പ്രാർഥന സംഘടിപ്പിച്ചിരുന്നു. അന്ന് പ്രാർഥന കഴിഞ്ഞ് ദിവസങ്ങൾക്കകം വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ ലഭിക്കുകയും ജലനിരപ്പ് ഉയരുകയും ചെയ്ത അനുഭവം കർഷകർ ഓർത്തെടുക്കുന്നു. ആ വിശ്വാസമാണ് ഇത്തവണയും തങ്ങളെ ഇവിടെ എത്തിച്ചതെന്ന് കർഷകർ പറയുന്നു.

ജില്ലാ കർഷക സംഘം വർക്കിങ് പ്രസിഡന്റ് എസ്. മനോഹരന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കമ്പം വാവേർ പള്ളി ജമാഅത്ത് പ്രസിഡന്റ് ഹാജി സൈനുലാബുദീൻ അമ്പ, രായപ്പൻപട്ടി ആനന്ദൻ, ചെന്നൈ ശെൽവം എന്നിവരും തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ രാജഗോപാൽ, അസിസ്റ്റന്റ് എൻജിനീയർ മഹേന്ദ്രൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും കർഷകരും പങ്കെടുത്തു. വരും ദിവസങ്ങളിൽ പീരുമേട്, തേക്കടി മേഖലകളിൽ ശക്തമായ മഴ ലഭിക്കുമെന്ന കാലാവസ്ഥാ പ്രവചനങ്ങളിലാണ് ഇനി കർഷകരുടെ പ്രതീക്ഷ മുഴുവൻ.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News