Enter your Email Address to subscribe to our newsletters

Thiruvananthapuram , 14 ജൂലൈ (H.S.)
പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിൽ സംസ്ഥാനത്തിൻ്റെ ആകെ ബാധ്യതകൾ അനിയന്ത്രിതമായി ഉയർന്നു എന്നത് പൊതുമണ്ഡലത്തിലാകെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന അസത്യമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. സംസ്ഥാനത്തിൻ്റെ സാമ്പത്തിക നില വിവരിച്ച് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിന് ബദലായി 'വസ്തുതകളുടെ ധവളപത്രം' എന്ന പേരില് പുറത്തിറക്കിയ ബദല് ധവളപത്രത്തിൻ്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2011-16ൽ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് സംസ്ഥാനത്ത് കടബാധ്യത 1.93 മടങ്ങ് വർധിച്ചു. 2016-21 കാലയളവിൽ കടബാധ്യത 1.86 മടങ്ങായി കുറഞ്ഞു. 2021-26ൽ 1.6 മടങ്ങായി കുറഞ്ഞു. കടബാധ്യതയും ആഭ്യന്തര വരുമാനവും തമ്മിലുള്ള അനുപാതം കൊവിഡ് കാലത്ത് 38 ശതമാനമായി ഉയർന്നു. പിന്നീടുള്ള കാലയളവിൽ 34ശതമാനമായി കുറഞ്ഞു. ഇത്തരം കണക്കുകൾ പൂർണമായി സംസ്ഥാന സർക്കാർ മറച്ചുവെയ്ക്കുകയാണ്. അതിനു പകരം 5 ലക്ഷം കോടിയിൽപ്പരം കടമുണ്ടെന്ന് സർക്കാർ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു. ബോധപൂർവം തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമാണ്. എൽഡിഎഫ് കാലത്ത് ധനദൃഡീകരണപ്രവർത്തനങ്ങളാണ് നടന്നത്.
കേരളത്തിൽ ധൂർത്താണെന്നും നികുതി പരിവിൽ കെടുകാര്യസ്ഥതയാണെന്നുമുള്ള പ്രചാരണം വ്യാജ നിർമിതിയാണ്. സംസ്ഥാനത്ത് 60 ശതമാനം ചെലവും തനത് റവന്യൂ വരുമാനത്തിൽ നിന്നാണ്. രാജ്യത്തെ ആകെ സംസ്ഥാനങ്ങളുടെ ശരാശരി 50 ശതമാനത്തിൽ താഴെയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിൽ തനത് നികുതി വരുമാനം ഇരട്ടിയായി വർധിപ്പിക്കാൻ കഴിഞ്ഞു. ജിഎസ്ടി ഘടനയിലെ മാറ്റങ്ങളും അഖിലേന്ത്യാ തലത്തിലുണ്ടായ ബോധപൂർവമായ പോരായ്മകളുമാണ് നികുതി വരുമാനത്തെ ബാധിച്ചത്. ലക്ഷം കോടിയുടെ കുടിശിക സംസ്ഥാനത്തിനുണ്ടെന്ന് ആരോപണമുയർത്തിയവർ ഇതിനെ സാധൂകരിക്കുന്ന കണക്കുകൾ അവതരിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.
കിഫ്ബിയുടെ കടം സംസ്ഥാന സർക്കാരിൻ്റെ കടമായി വ്യഖ്യാനിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ നടപടി ഭരണഘടനാവിരുദ്ധമാണ്. സംസ്ഥാനം നൽകിയ കേസ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിടുകയാണുണ്ടായത്. കേന്ദ്രം ഏർപ്പെടുത്തിയ ഉപരോധ സമാനമായ നയങ്ങളെ ന്യായീകരിക്കാനാണ് നിലവിലെ സർക്കാർ ശ്രമിക്കുന്നത്. ഇത് സംസ്ഥാനത്തിൻ്റെ പശ്ചാത്തല സൗകര്യ വികസന ഉദ്യമങ്ങളെ പിന്നോട്ടടിപ്പിക്കുന്ന കാര്യമാണ്. കഴിഞ്ഞ വർഷത്തെ ബജറ്റിനേക്കാൾ 15ശതമാനം അധികം ചെലവഴിക്കാനുള്ള പണം സർക്കാരിൻ്റെ പക്കലുണ്ടെന്ന് കെ എൻ ബാലഗോപാൽ വ്യക്തമാക്കി. തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നും ബാലഗോപാൽ വ്യക്തമാക്കി. എകെജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ സി എൻ മോഹനൻ ചടങ്ങിൽ പങ്കെടുത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR