Enter your Email Address to subscribe to our newsletters

New delhi, 14 ജൂലൈ (H.S.)
ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ മടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് രാജ്യം. ഔദ്യോഗികമായി പ്രതിഷേധം അറിയിക്കാന്‍ ഏറ്റവും മുതിര്‍ന്ന ഇറാനിയന്‍ നയതന്ത്രജ്ഞനെ തന്നെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി . ഇറാനിയന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ മുഹമ്മദ് ജവാദ് ഹൊസൈനിയെയാണ് വിളിച്ചു വരുത്തിയത്.
പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ വിഭാഗങ്ങളുടെ തലവനായ ജോയിന്റ് സെക്രട്ടറി ആനന്ദ് പ്രകാശ് വിഷയത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇറാനിയന്‍ മിസൈലുകള്‍ രണ്ട് എണ്ണ ടാങ്കറുകളെ ലക്ഷ്യമിട്ടതിനെത്തുടര്‍ന്ന്, ഒരു ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെടുകയും ആറ് ഇന്ത്യക്കാരുള്‍പ്പെടെ എട്ട് നാവികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.
സമീപകാലത്തുണ്ടായ സമാനമായ മറ്റ് സംഭവങ്ങളില്‍ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു പ്രതിഷേധം അറിയിക്കല്‍. ഇറാനിയന്‍ നയതന്ത്രജ്ഞന്‍ എത്തുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പകര്‍ത്തിക്കൊണ്ടിരിക്കെ പരസ്യമായാണ് നടപടികള്‍ നടന്നത്. ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെയുണ്ടായ ഇറാനിയന്‍ ആക്രമണങ്ങളില്‍ ഇന്ത്യയുടെ ഭാഗത്ത് രോഷം വര്‍ധിച്ചിരുന്നു.
സൈപ്രസ് പതാകയുള്ള 'ജിഎഫ്എസ് ഗാലക്സി' എന്ന കണ്ടെയ്നര്‍ കപ്പലിനുനേരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ ജീവനക്കാരനെ കാണാതായി രണ്ട് ദിവസത്തിന് ശേഷമാണ് ചൊവ്വാഴ്ചത്തെ അടുത്ത ആക്രമണങ്ങള്‍ ഉണ്ടായത്. അതേസമയം, ഫെബ്രുവരി 28 ന് ഇറാനെതിരെ ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണങ്ങളെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പടിഞ്ഞാറന്‍ ഏഷ്യയില്‍ 14 ഇന്ത്യക്കാര്‍ മരിച്ചിരുന്നു.
ഒമാനി പ്രാദേശിക ജലാശയ അതിര്‍ത്തിക്കുള്ളില്‍ ഹോര്‍മുസ് കടലിടുക്കിന്റെ തെക്കന്‍ കപ്പല്‍ പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന എമിറാത്തി എണ്ണ ടാങ്കറുകളായ മൊംബാസ, അല്‍ ബഹിയ എന്നിവ. ഈ ടാങ്കറുകളെ രണ്ട് ഇറാനിയന്‍ ക്രൂയിസ് മിസൈലുകള്‍ ലക്ഷ്യം വച്ച് ആക്രമിച്ചതായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) പ്രതിരോധ മന്ത്രാലയം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പറഞ്ഞു.
ആക്രമണത്തില്‍ മൊംബാസ ടാങ്കറിലുണ്ടായിരുന്ന ഒരു ഇന്ത്യന്‍ ജീവനക്കാരന്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ആറ് ഇന്ത്യന്‍ പൗരന്മാരും രണ്ട് ഉക്രേനിയന്‍ പൗരന്മാരും ഉള്‍പ്പെടുന്നു. ആക്രമണത്തെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ രണ്ട് ടാങ്കറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പിന്നീട് തീ നിയന്ത്രണവിധേയമാക്കി എന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
---------------
Hindusthan Samachar / Sreejith S