വ്യാപകമായ പരിശോധനകൾക്ക് ശേഷമാണ് E20 ഇന്ധനം പുറത്തിറക്കിയത്; എഞ്ചിൻ തകരാറിലായതിന് തെളിവുകളില്ല: നിതിൻ ഗഡ്കരി
Newdelhi , 14 ജൂലൈ (H.S.) ന്യൂഡൽഹി: രാജ്യത്ത് 20 ശതമാനം എഥനോൾ ചേർത്ത പെട്രോളും (E20 Fuel) ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങളും അവതരിപ്പിച്ചത് കൃത്യവും സമഗ്രവുമായ പരിശോധനകൾക്ക് ശേഷമാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ഈ ഇന്ധനം ഉപയോഗിക്കുന്
വ്യാപകമായ പരിശോധനകൾക്ക് ശേഷമാണ് E20 ഇന്ധനം പുറത്തിറക്കിയത്; എഞ്ചിൻ തകരാറിലായതിന് തെളിവുകളില്ല: നിതിൻ ഗഡ്കരി


Newdelhi , 14 ജൂലൈ (H.S.)

ന്യൂഡൽഹി: രാജ്യത്ത് 20 ശതമാനം എഥനോൾ ചേർത്ത പെട്രോളും (E20 Fuel) ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങളും അവതരിപ്പിച്ചത് കൃത്യവും സമഗ്രവുമായ പരിശോധനകൾക്ക് ശേഷമാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ഈ ഇന്ധനം ഉപയോഗിക്കുന്നത് വഴി വാഹനങ്ങളുടെ എഞ്ചിന് തകരാർ സംഭവിക്കുന്നു എന്ന പ്രചാരണങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ലെന്നും ഇതിന് തെളിവുകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ അജണ്ടയുണ്ട്

സോഷ്യൽ മീഡിയയിൽ E20 ഇന്ധനത്തിനെതിരെ നടക്കുന്ന പ്രചാരണങ്ങളെ മന്ത്രി ശക്തമായി തള്ളിപ്പറഞ്ഞു. ആളുകളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിയാത്ത ചിലരാണ് ബോധപൂർവ്വം ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പുതിയ സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നതിന് മുൻപ് സർക്കാർ എല്ലാ വശങ്ങളും കൃത്യമായി പരിശോധിക്കാറുണ്ട്. ഇത്തരത്തിൽ വ്യാപകമായ പരീക്ഷണങ്ങൾക്ക് ശേഷം മാത്രമാണ് E20 ഇന്ധനം വിപണിയിൽ എത്തിച്ചത്. ഇതുവരെ ഈ ഇന്ധനം കാരണം എഞ്ചിൻ കേടായതായി സർക്കാരിന് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരാതിയുണ്ടെങ്കിൽ ഔദ്യോഗികമായി അറിയിക്കാം

2023-ന് മുൻപ് നിർമ്മിച്ച വാഹനങ്ങൾക്ക് E20 പെട്രോൾ അടിച്ചത് കൊണ്ട് എഞ്ചിൻ തകരാർ സംഭവിച്ചതായി ആർക്കെങ്കിലും ആക്ഷേപമുണ്ടെങ്കിൽ അവർക്ക് ഔദ്യോഗികമായി പരാതി നൽകാമെന്ന് ഗഡ്കരി വെല്ലുവിളിച്ചു. ഇത്തരം പരാതികൾ ഇൻഷുറൻസ് കമ്പനികൾ വഴി കൃത്യമായി അന്വേഷിക്കുമെന്നും അതിന്റെ റിപ്പോർട്ട് സർക്കാരിന് മുന്നിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി ഉൾപ്പെടെയുള്ള കമ്പനികൾ തങ്ങളുടെ വാഹനങ്ങളിൽ E20 ഇന്ധനം മൂലം ഒരു പ്രശ്നവും കണ്ടെത്തിയിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പട്നയിൽ എഥനോൾ ചേർത്ത ഇന്ധനം കാരണം വാഹനം കേടായതായി ഉയർന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിൽ, പ്രശ്നത്തിന് കാരണം എഥനോൾ അല്ലെന്നും മറിച്ച് മായം ചേർത്ത പെട്രോളാണെന്നും കണ്ടെത്തിയതായി അദ്ദേഹം ചൂണ്ടിക്കാണിച്ചു.

എഥനോൾ ഉപയോഗത്തിന്റെ നേട്ടങ്ങൾ

ഇന്ധന ഇറക്കുമതിയും അന്തരീക്ഷ മലിനീകരണവും കുറയ്ക്കുന്നതിൽ എഥനോളിന്റെ പങ്ക് ഗഡ്കരി എടുത്തുപറഞ്ഞു. ഇന്ത്യ നിലവിൽ പ്രതിവർഷം 22 ലക്ഷം കോടിയിലധികം രൂപയാണ് ഫോസിൽ ഇന്ധനങ്ങൾ ഇറക്കുമതി ചെയ്യാൻ ചിലവഴിക്കുന്നത്. റോഡ് ഗതാഗത മേഖലയിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണത്തിന്റെ 40 ശതമാനവും ഇത്തരം ഫോസിൽ ഇന്ധനങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്.

ജൈവ ഇന്ധനങ്ങളുടെ (Biofuels) ഉപയോഗം വർദ്ധിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ ഇറക്കുമതി ചിലവ് ഗണ്യമായി കുറയ്ക്കാൻ സാധിക്കും. ഈ പണം വിദേശങ്ങളിലേക്ക് പോകുന്നതിന് പകരം രാജ്യത്തെ കർഷകരുടെ കൈകളിലേക്ക് നേരിട്ടെത്തുമെന്നും ഇത് അവരുടെ ജീവിതനിലവാരം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. എഥനോൾ ഉൽപ്പാദനം വർദ്ധിച്ചതോടെ ചോളം കർഷകർക്ക് മികച്ച വില ലഭിക്കുന്നുണ്ടെന്നും, മുൻപ് പഞ്ചസാര മില്ലുകളിൽ നിന്ന് പണം ലഭിക്കാൻ മാസങ്ങളോളം കാത്തിരിക്കേണ്ടി വന്ന കരിമ്പ് കർഷകരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതായും മന്ത്രി കൂട്ടിച്ചേർത്തു. ഊർജ്ജ മേഖലയിൽ ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കേണ്ടത് രാജ്യത്തിന്റെ പുരോഗതിക്ക് അനിവാര്യമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഗഡ്കരി തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.

---------------

Hindusthan Samachar / Roshith K


Latest News