വൈഷ്ണോദേവി ക്ഷേത്രത്തിലും വന് കൊള്ള; 550 കോടിയുടെ വെള്ളി കടത്തി
New delhi, 14 ജൂലൈ (H.S.) അയോധ്യ രാമക്ഷേത്രത്തില്‍ നടന്ന തട്ടിപ്പിന് പിന്നാലെ ജമ്മു കശ്മീരിലെ വൈഷ്ണോദേവി ക്ഷേത്രത്തില്‍ നടന്ന കൊള്ളയുടെ വിവരങ്ങളും പുറത്തു വരുന്നു. ഭക്തര്‍ സമര്‍പ്പിച്ച വെള്ളി വഴിപാടുകള്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ക്രൈംബ്രാഞ്
vaishnave devi


New delhi, 14 ജൂലൈ (H.S.)

അയോധ്യ രാമക്ഷേത്രത്തില്‍ നടന്ന തട്ടിപ്പിന് പിന്നാലെ ജമ്മു കശ്മീരിലെ വൈഷ്ണോദേവി ക്ഷേത്രത്തില്‍ നടന്ന കൊള്ളയുടെ വിവരങ്ങളും പുറത്തു വരുന്നു. ഭക്തര്‍ സമര്‍പ്പിച്ച വെള്ളി വഴിപാടുകള്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിന് കോടതിയുടെ നിര്‍ദേശം. 550 കോടി രൂപയുടെ വെള്ളി വഴിപാടുകളുമായി ബന്ധപ്പെട്ട േരഖകള്‍ ഹാജരാക്കാനാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചത്. ഭക്തര്‍ സമര്‍പ്പിച്ച വെള്ളിക്കു പകരം വെള്ളിയെന്ന വ്യാജേന മറ്റു ലോഹങ്ങള്‍ വെച്ചെന്ന പരാതിയിലാണ് കോടതിയുടെ അടിയന്തര ഇടപെടല്‍.

കഴിഞ്ഞ മേയില്‍ ഉരുക്കുന്നതിനായി ക്ഷേത്ര ബോര്‍ഡ് സര്‍ക്കാരിലേക്കയച്ച 20 ടണ്‍ വെള്ളി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ക്ഷേത്ര ബോര്‍ഡയച്ച വെള്ളി വ്യാജമാണെന്നും അഞ്ചുശതമാനംമാത്രമാണ് ഇതില്‍ വെള്ളിയുള്ളതെന്നും കണ്ടെത്തുകയുമായിരുന്നു. ബാക്കി 95 ശതമാനം വരുന്നത് കാഡ്മിയം, ഇരുമ്പ് എന്നിവ കലര്‍ന്ന വ്യാജ ലോഹമാണെന്നും കണ്ടെത്തി.

ഇതോടെ 550 കോടി രൂപ മൂല്യം കണക്കാക്കിയ വെള്ളിയുടെ യഥാര്‍ഥ വില വെറും 30 കോടി രൂപയായി കുറഞ്ഞു. ഭക്തര്‍ വ്യാജ വെള്ളി സമര്‍പ്പിച്ചതാണോ അതോ വഴിപാടുകളില്‍ തിരിമറി നടത്തിയതാണോ എന്ന് കണ്ടെത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അഭിഭാഷകനായി ദീപക് ശര്‍മ നല്‍കിയ പരാതിയില്‍ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വിശ്വാസവഞ്ചന, ദുരുപയോഗം, ഔദ്യോഗിക രേഖകളില്‍ കൃത്രിമത്വം കാണിക്കല്‍ എന്നിവ നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. സി.സി.ടി.വി. ഉള്‍പ്പെടെ പരിശോധിച്ച ശേഷം റിപ്പോര്‍ട്ടുകളുമായി ഈമാസം 29-ന് ഹാജരാകാന്‍ കോടതി ക്രൈംബ്രാഞ്ചിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

അയോധ്യ രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റിന്റെ സംഭാവനപ്പെട്ടികളില്‍നിന്നു കോടിക്കണക്കിനു രൂപ കവര്‍ന്ന് വിവരം പുറത്തു വന്നതിനൊപ്പമാണ് ഈ കൊളളയുടെ വിവരങ്ങളും പുറത്തു വന്നത്. രാമക്ഷേത്രത്തിലെ ക്ഷേത്രത്തിലെ കാണിക്കപ്പണവും വിലപിടിപ്പുള്ള വസ്തുക്കളും ജീവനക്കാര്‍ തന്നെ കടത്തിക്കൊണ്ടു പോയി. രാമക്ഷേത്ര ട്രസ്റ്റിനു ലഭിച്ച സംഭാവനകളില്‍നിന്ന് ഏകദേശം 7 കോടി മുതല്‍ 7.5 കോടി രൂപ വരെ തട്ടിയെടുക്കപ്പെട്ടു എന്നാണ് പ്രഥമിക വിലയിരുത്തല്‍. കോടികളുടെ വെള്ളിക്കട്ടികളും കടത്തിയിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News