Enter your Email Address to subscribe to our newsletters

Thiruvananthapuram, 17 ജൂലൈ (H.S.)
തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രിയും എന്എസ്എസ് (നായര് സര്വീസ് സൊസൈറ്റി) നേതൃത്വവും തമ്മില് കുറച്ചുനാളുകളായി നിലനില്ക്കുന്ന രൂക്ഷമായ തര്ക്കങ്ങള്ക്ക് പരിഹാരം കാണാന് മധ്യസ്ഥ ശ്രമവുമായി മുതിര്ന്ന കോണ്ഗ്രസ് നേതാവും മുൻ രാജ്യസഭാ ഉപാധ്യക്ഷനുമായ പി ജെ കുര്യന് രംഗത്ത്. തര്ക്കങ്ങള് വഷളാകുന്നത് മുന്നണിക്കും പാര്ട്ടിക്കും ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് അദ്ദേഹം സ്വന്തം നിലയ്ക്ക് അനുരഞ്ജന നീക്കങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായി എന്എസ്എസ് ജനറല് സെക്രട്ടറി ജി സുകുമാരന് നായരുമായി പി ജെ കുര്യന് ഉടന് തന്നെ നേരിട്ട് ആശയവിനിമയം നടത്തുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്.
അതേസമയം, ഈ അനുരഞ്ജന നീക്കം കോണ്ഗ്രസ് പാര്ട്ടിയോ ഔദ്യോഗിക നേതൃത്വമോ ആവശ്യപ്പെട്ടിട്ട് നടത്തുന്ന ഒന്നല്ല. പൂര്ണ്ണമായും സ്വന്തം ഇഷ്ടപ്രകാരമാണ് പി ജെ കുര്യന് മധ്യസ്ഥതയ്ക്ക് മുൻകൈ എടുത്തിരിക്കുന്നത്. എന്എസ്എസ് ജനറല് സെക്രട്ടറി ജി സുകുമാരന് നായരുമായി വളരെ അടുത്തതും ദൃഢവുമായ വ്യക്തിബന്ധം പുലര്ത്തുന്ന നേതാവാണ് പി ജെ കുര്യന്. ഈ വ്യക്തിപരമായ സ്വാധീനവും സൗഹൃദവും ഉപയോഗിച്ച് പെരുന്നയുമായി നിലനില്ക്കുന്ന വിയോജിപ്പുകള്ക്ക് പരിഹാരം കണ്ടെത്താന് സാധിക്കുമെന്നാണ് അദ്ദേഹം കണക്കുകൂട്ടുന്നത്.
മുഖ്യമന്ത്രിയും എന്എസ്എസും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തര്ക്കങ്ങളാണ് സമീപദിവസങ്ങളില് വലിയ രാഷ്ട്രീയ ചര്ച്ചകള്ക്ക് വഴിതുറന്നത്. ഔദ്യോഗികമായ ഒരു ഫയലിലെ നിയമപരമായ വിഷയം സംസാരിക്കാന് മുഖ്യമന്ത്രിയോട് സമയം ചോദിച്ചെങ്കിലും അത് നിരസിക്കപ്പെട്ടുവെന്നും, മുന്പുള്ള ഒരു മുഖ്യമന്ത്രിമാരില് നിന്നും എന്എസ്എസിന് ഇത്തരം ഒരു അനുഭവം ഉണ്ടായിട്ടില്ലെന്നും ജി സുകുമാരന് നായര് പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു. തനിക്ക് മുഖ്യമന്ത്രിയെ വ്യക്തിപരമായ ആവശ്യങ്ങള്ക്കായി കാണേണ്ടതില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ പെരുന്നയിലെ ധാര്ഷ്ട്യത്തിന് മുന്നില് മുഖ്യമന്ത്രി കീഴടങ്ങില്ലെന്ന തരത്തിലുള്ള രാഷ്ട്രീയ ചര്ച്ചകളും അണിയറയില് സജീവമായി.
ഈ സാഹചര്യത്തിലാണ് പരസ്യമായ ഒരു ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള് നീങ്ങുന്നത് തടയാന് പി ജെ കുര്യന് ഇടപെടുന്നത്. ഇരുവിഭാഗവും തമ്മിലുള്ള അകലം കുറയ്ക്കാനും, തെറ്റിദ്ധാരണകള് മാറ്റാനും കുര്യന്റെ മധ്യസ്ഥ ശ്രമങ്ങള്ക്ക് സാധിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. വരും ദിവസങ്ങളില് പെരുന്നയിലെത്തി ജി സുകുമാരന് നായരുമായി അദ്ദേഹം നടത്തുന്ന കൂടിക്കാഴ്ചയോടെ മാത്രമേ ഈ അനുരഞ്ജന നീക്കങ്ങളുടെ ഭാവി എന്താകുമെന്ന് വ്യക്തമാവുകയുള്ളൂ.
---------------
Hindusthan Samachar / Roshith K