Enter your Email Address to subscribe to our newsletters

Newdelhi, 17 ജൂലൈ (H.S.)
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ക്രൂരമായ ബലാത്സംഗത്തിനിരയായി പിന്നീട് കൊലചെയ്യപ്പെട്ട നാല് വയസ്സുകാരിക്ക് അടിയന്തര പ്രാഥമിക ചികിത്സ നിഷേധിച്ച സ്വകാര്യ ആശുപത്രികൾക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ഇരയായ കുഞ്ഞിന് അടിയന്തര വൈദ്യസഹായം നൽകുന്നതിൽ പരാജയപ്പെടുന്നത് കടുത്ത കർത്തവ്യവിലോപമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.
നിങ്ങൾ നിങ്ങളുടെ കടമ കൃത്യമായി നിർവഹിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ പേരിന് മുന്നിൽ 'ഡോക്ടർ' എന്ന് എഴുതിവെക്കാൻ നിങ്ങൾക്ക് യാതൊരു അവകാശവുമില്ല, എന്ന് ചീഫ് ജസ്റ്റിസ് കടുത്ത ഭാഷയിൽ ഓർമ്മിപ്പിച്ചു. ആശുപത്രികളുടെ ഇത്തരം കടുത്ത നിസ്സംഗതയിൽ കോടതി അതീവ ആശങ്ക രേഖപ്പെടുത്തി.
കുഞ്ഞ് ദരിദ്രയായതുകൊണ്ടാണോ ഈ അവഗണന?
കുഞ്ഞിനെ ചികിത്സിക്കാനുള്ള മതിയായ അടിസ്ഥാന സൗകര്യങ്ങൾ തങ്ങളുടെ പക്കലില്ലായിരുന്നു എന്ന ആശുപത്രി അധികൃതരുടെ ന്യായീകരണങ്ങളെ സുപ്രീം കോടതി പൂർണ്ണമായും തള്ളി. ഒരു കുഞ്ഞിനോട് കാണിക്കേണ്ട ഏറ്റവും കുറഞ്ഞ മാനുഷിക പരിഗണനയെങ്കിലും കാട്ടിയിരുന്നെങ്കിൽ, തങ്ങൾക്ക് ചികിത്സിക്കാൻ കഴിയില്ലെങ്കിൽ ആ കുഞ്ഞിനെ ഉടൻ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികളെങ്കിലും സ്വീകരിക്കണമായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി.
കുഞ്ഞിന്റെ കുടുംബത്തിന്റെ മോശം സാമ്പത്തികാവസ്ഥയെക്കുറിച്ചും കോടതി ചോദ്യങ്ങൾ ഉന്നയിച്ചു. അവൾ ദരിദ്രയായതുകൊണ്ടാണോ നിങ്ങൾ അവളെ അവഗണിച്ചത്? നിങ്ങളുടെ ഫീസ് നൽകാൻ ആ കുടുംബത്തിന് കഴിയുമായിരുന്നില്ല എന്നതുകൊണ്ടാണോ ഇത് സംഭവിച്ചത്? എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. സാധാരണക്കാരുടെ പക്കൽ നിന്ന് പണം ഈടാക്കാൻ കാണിക്കുന്ന താല്പര്യം അടിയന്തര സാഹചര്യങ്ങളിൽ കാണിക്കാതിരിക്കുന്നത് അനുവദിക്കാനാവില്ലെന്ന വ്യക്തമായ സന്ദേശമാണ് കോടതി നൽകിയത്.
കുടുംബത്തിന് സാമ്പത്തിക സഹായം നൽകണം
ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കുഞ്ഞിന്റെ കുടുംബത്തിന് സ്വമേധയാ സാമ്പത്തിക സഹായം നൽകാൻ സ്വകാര്യ ആശുപത്രികൾ തയ്യാറാകണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ആശുപത്രികൾ ഇതിന് വിമുഖത കാണിക്കുകയാണെങ്കിൽ, കോടതിക്ക് സ്വന്തം നിലയിൽ വലിയ തുക പിഴയായി ചുമത്തേണ്ടി വരുമെന്നും ബെഞ്ച് മുന്നറിയിപ്പ് നൽകി.
മെഡിക്കൽ ധാർമ്മികതയുടെയും മാനുഷിക പരിഗണനകളുടെയും നഗ്നമായ ലംഘനമാണ് ഈ കേസിൽ ഉണ്ടായിട്ടുള്ളത് എന്ന് വിലയിരുത്തിയ കോടതി, സ്വകാര്യ ആശുപത്രികളുടെ ഇത്തരം വിവേചനപരമായ സമീപനങ്ങൾക്കെതിരെ ശക്തമായ നടപടികളിലേക്ക് നീങ്ങുമെന്ന സൂചനയാണ് നൽകിയിരിക്കുന്നത്. ഇരയായ കുഞ്ഞിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
---------------
Hindusthan Samachar / Roshith K