ഗൂഡൻപാറ എസ്റ്റേറ്റിൽ ഏലം കൃഷിയുടെ മറവിൽ നടന്ന കോടികളുടെ മരംകൊള്ളയിലും ഭൂമി തട്ടിപ്പിലും കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു.
Idukki , 02 ജൂലൈ (H.S.) അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഇടുക്കി ശാന്തൻപാറ ഗൂഡൻപാറ എസ്റ്റേറ്റിൽ ഏലം കൃഷിയുടെ മറവിൽ നടന്ന കോടികളുടെ മരംകൊള്ളയിലും ഭൂമി തട്ടിപ്പിലും കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഡിവിഷൻ ബെഞ്ചിൻ്
Goodenpara Estate


Idukki , 02 ജൂലൈ (H.S.)

അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഇടുക്കി ശാന്തൻപാറ ഗൂഡൻപാറ എസ്റ്റേറ്റിൽ ഏലം കൃഷിയുടെ മറവിൽ നടന്ന കോടികളുടെ മരംകൊള്ളയിലും ഭൂമി തട്ടിപ്പിലും കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഡിവിഷൻ ബെഞ്ചിൻ്റെ അടിയന്തര ഇടപെടൽ. വനസംരക്ഷണ നിയമങ്ങളും വ്യവസ്ഥകളും കാറ്റിൽപ്പറത്തി തമിഴ്നാട് സ്വദേശികൾക്ക് മുന്നൂറോളം ഏക്കർ സിഎച്ച്ആർ ഭൂമി പാട്ടത്തിന് നൽകിയതിലും ലക്ഷക്കണക്കിന് രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പ് നടത്തിയതിലും വനം വകുപ്പ് ദേവികുളം സബ് കലക്ടർക്ക് അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് റിപ്പോർട്ട് നൽകി.

സിഎച്ച്ആർ മേഖലയിൽ വനംകൊള്ള

വനം വകുപ്പ് ദേവികുളം റേഞ്ചിന് കീഴിലുള്ള പൊന്മുടി സെക്ഷൻ്റെ പരിധിയിലാണ് വൻ മരംകൊള്ള അരങ്ങേറിയത്. പാലാ സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതെന്ന് പറയപ്പെടുന്ന 296.640 ഏക്കർ വരുന്ന ഏലപ്പട്ടയ ഭൂമിയിലാണ് നിയമ ലംഘനങ്ങളുടെ പരമ്പര നടന്നത്.

കാർഡമം ഹിൽ റിസർവ് (CHR) പരിധിയിൽ വരുന്ന ഈ ഭൂമിയിൽ മരം മുറിക്കുന്നതിനും നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനും കർശന നിയന്ത്രണങ്ങളുണ്ട്. എന്നാൽ ഇതൊന്നും വകവയ്ക്കാതെയാണ് അപൂർവ ഇനം മരങ്ങൾ ഉൾപ്പെടെ മുറിച്ച് കടത്തിയതും സ്വാഭാവിക നീരൊഴുക്കുകൾ തടസപ്പെടുത്തി തോട്ടത്തിനുള്ളിൽ വൻ കുളങ്ങൾ നിർമിച്ചതും.

ഒന്നര വർഷത്തിനിടെ 3 കേസുകൾ; വകവയ്ക്കാതെ നിർമാണം

നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷത്തിനിടെ വനം വകുപ്പ് ഇവർക്കെതിരെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഉദ്യോഗസ്ഥ നടപടികളെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് പ്രതികൾ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു.

ആദ്യ കേസ് (2025): എസ്റ്റേറ്റിലെ 65 വിലപിടിപ്പുള്ള മരങ്ങൾ അനധികൃതമായി മുറിച്ചു മാറ്റിയതിനാണ് ആദ്യം കേസെടുത്തത്.

രണ്ടാം കേസ്:പിന്നീട് പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന രീതിയിൽ 134 മരങ്ങൾ മുറിച്ചതിനും നീരൊഴുക്ക് തടഞ്ഞ് കുളങ്ങൾ നിർമിച്ചതിനും രണ്ടാമതും കേസെടുത്തു.

മൂന്നാം കേസ് (ഈ വർഷം): തോട്ടത്തിൽ ശേഷിച്ച 39 മരങ്ങൾ കൂടി മുറിച്ച കടത്തിയതിനും പ്രായമേറിയ 75 മരങ്ങളുടെ വേരുകൾ വിഷം വച്ചും മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചും നശിപ്പിച്ചതിനുമാണ് ഒടുവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

500 രൂപയുടെ മുദ്രപ്പത്രത്തിൽ ഒന്നേകാൽ കോടിയുടെ പാട്ടക്കരാർ!ഉടുമ്പൻചോല താലൂക്കിൽ ശാന്തൻപാറ വില്ലേജിൽ ഉൾപ്പെടുന്ന ഈ ഭൂമിയുടെ അതിർത്തി തമിഴ്നാട്ടിലെ തേനി ജില്ല വരെ നീളുന്നതാണ്. ഈ ഭൂമി തമിഴ്നാട് സ്വദേശികളായ സംഘത്തിന് കൈമാറിയതിലാണ് വൻ ആസൂത്രണം നടന്നിരിക്കുന്നത്.

ഒന്നേകാൽ കോടി രൂപയുടെ വൻ തുകയ്ക്കാണ് ഈ ഭൂമി പാട്ടത്തിന് നൽകിയിരിക്കുന്നത്. എന്നാൽ സംസ്ഥാന ഖജനാവിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിച്ച് കൊണ്ട് വെറും 500 രൂപയുടെ മുദ്രപ്പത്രത്തിലാണ് ഈ വ്യാജ പാട്ടക്കരാർ എഴുതിത്തയ്യാറാക്കിയിരിക്കുന്നതെന്ന് വനംവകുപ്പ് കണ്ടെത്തി.

തമിഴ്നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഭൂമിയായതിനാൽ, നിയമലംഘനം നടത്തി മുങ്ങിയ തമിഴ്നാട് സ്വദേശികളായ പ്രതികളെ കണ്ടെത്താൻ വനംവകുപ്പ് അതിർത്തി കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. റവന്യൂ-വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണോ ഇത്രയും വലിയ കൊള്ള നടന്നതെന്ന കാര്യവും സബ് കലക്ടറുടെ അന്വേഷണ പരിധിയിൽ വരും. ഹൈക്കോടതി നേരിട്ട് ഇടപെട്ടതോടെ കേസിൽ വരും ദിവസങ്ങളിൽ നിർണായകമായ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് സൂചന.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News