വിഴിഞ്ഞം തുറമുഖത്തിൻ്റെ ഓഹരി കൈമാറ്റം സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെയുള്ള പ്രധാന പ്രചാരണ ആയുധമാക്കാൻ തീരുമാനിച്ച് സിപിഎം.
Thiruvananthapuram , 02 ജൂലൈ (H.S.) വിഴിഞ്ഞം തുറമുഖത്തിൻ്റെ ഓഹരി കൈമാറ്റം സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെയുള്ള പ്രധാന പ്രചാരണ ആയുധമാക്കാൻ തീരുമാനിച്ച് സിപിഎം. വിദേശ നിക്ഷേപം മുൻ സർക്കാരിൻ്റെ നേട്ടമാണെന്ന പാർട്ടി പത്രത്തിൻ്റെ അഭിപ്രായം പോലും തള്
OPPOSITION LEADER PINARAYI


Thiruvananthapuram , 02 ജൂലൈ (H.S.)

വിഴിഞ്ഞം തുറമുഖത്തിൻ്റെ ഓഹരി കൈമാറ്റം സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെയുള്ള പ്രധാന പ്രചാരണ ആയുധമാക്കാൻ തീരുമാനിച്ച് സിപിഎം. വിദേശ നിക്ഷേപം മുൻ സർക്കാരിൻ്റെ നേട്ടമാണെന്ന പാർട്ടി പത്രത്തിൻ്റെ അഭിപ്രായം പോലും തള്ളിയാണ് വിഴിഞ്ഞം സജീവ ചർച്ചയാക്കാൻ പ്രതിപക്ഷ നേതാവിൻ്റെ തീരുമാനത്തിൽ സിപിഎം ഒരുങ്ങുന്നത്. ധനകാര്യബിൽ പാസായതോടെ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള വിഷയത്തിൻ്റെ വീര്യം നഷ്ടപ്പെട്ടെന്ന വിലയിരുത്തലിലാണ് പാർട്ടി.

മുഖ്യമന്ത്രി വിഡി സതീശൻ നേരത്തെ നടത്തിയ മംഗലാപുരം യാത്രയും അദാനി ബന്ധവും വീണ്ടും ഉയർത്തിക്കാട്ടാനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. മദ്യത്തിൻ്റെ നികുതിയിളവിൽ മുന്നണിയിൽ ചർച്ച ചെയ്യാതെയാണ് മുഖ്യമന്ത്രി തീരുമാനമെടുത്തതെന്ന ആരോപണവും പ്രതിപക്ഷം ശക്തമാക്കും. പിഎം ശ്രീ പദ്ധതിയിൽ മുന്നണിയിൽ ചർച്ച ചെയ്യാതെയാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനമെടുത്തതെന്ന കാര്യം ചൂണ്ടിക്കാട്ടി പ്രതിരോധം തീർക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.

വിഴിഞ്ഞം തുറമുഖവും സർക്കാരുമായുള്ള കരാർ പ്രകാരം 25 ശതമാനത്തിലധികം ഓഹരി കൈമാറണമെങ്കിൽ സംസ്ഥാന സർക്കാരിൻ്റെ മുൻകൂർ അംഗീകാരം ആവശ്യമാണ്. അത് ലഭ്യമാക്കാതെ സ്വന്തം നിലയിൽ അദാനി ഗ്രൂപ്പ് ഓഹരി കൈമാറ്റം നടത്തിയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ അസാധാരണമായത് എന്തോ നടന്നിട്ടുണ്ടെന്ന ആരോപണമാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉന്നയിച്ചത്. അദാനി ഗ്രൂപ്പ് മുഖ്യമന്ത്രിയെ അറിയിച്ചെന്നാണ് പറയുന്നത്. പിന്നെ എന്തിനാണ് മുഖ്യമന്ത്രി ഈ കാര്യം മറച്ചുവച്ചതെന്നും ചോദിച്ചതോടെ വിഡി സതീശനെയാണ് താൻ ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കുകയായിരുന്നു.

വിഡി സതീശൻ്റെ മംഗലാപുരം യാത്രയും അദാനിയുമായുള്ള ബന്ധവും തമ്മിൽ യോജിപ്പിച്ച് പിണറായി വിജയൻ നേരത്തെയും ആരോപണം ഉന്നയിച്ചിരുന്നു. അത് വീണ്ടും സജീവമാക്കാനാണ് സിപിഎം ഒരുങ്ങുന്നത്. ബഹുരാഷ്ട്ര കുത്തക കമ്പനികൾക്ക് എല്ലാം വിൽക്കുന്നതിൻ്റെ ഭാഗമായാണ് വിഴിഞ്ഞം തുറമുഖത്തെ ഓഹരി കൈമാറ്റം കാണേണ്ടതെന്ന് മുൻമന്ത്രി തോമസ് ഐസക് ആരോപണം ഉന്നയിച്ചതും പാർട്ടി തീരുമാനപ്രകാരമാണ്. നിയമസഭാ നടപടികൾ മുഖ്യമന്ത്രി അട്ടിമറിക്കുകയാണെന്ന ആരോപണവും ശക്തമാക്കാനാണ് സിപിഎം തീരുമാനം. വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തെ അനുകൂലിച്ചും മുൻ എൽഡിഎഫ് സർക്കാരിൻ്റെ നേട്ടമാണെന്നും ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം പാർട്ടി പത്രത്തിൽ ഒന്നാം പേജിൽ വാർത്ത വന്നത്. എന്നാൽ പത്രത്തിൻ്റെ വാദം നിയമസഭയിൽ പരസ്യമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തള്ളുകയായിരുന്നു.

വിഴിഞ്ഞം തുറമുഖത്ത് എംഎസ്സി നടത്തുന്ന വിദേശ നിക്ഷേപം മുൻ എൽഡിഎഫ് സർക്കാരിൻ്റെ ദീർഘവീക്ഷണത്തിൻ്റെ വിജയമാണെന്നായിരുന്നു വാർത്ത. എംഎസ്സി കമ്പനിയുമായി അദാനി ഗ്രൂപ്പ് പങ്കാളിത്തമുണ്ടാക്കുമ്പോൾ കുത്തക അവകാശം സ്ഥാപിതമാകുമെന്നും അത് കേരളത്തിൻ്റെ വാണിജ്യ താത്പര്യത്തിനും തുറമുഖത്തിൻ്റെ ഭാവി വികസനത്തിനും അപകടകരമാണെന്നുമാണ് പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത്. അതിനുശേഷം പത്രവും നിലപാട് മാറ്റി രംഗത്തെത്തി. ഓഹരി കൈമാറ്റത്തിൽ ആശങ്കയെന്നും കരാർ ലംഘിച്ചെന്നും അടുത്ത ദിവസം പാർട്ടി മുഖപത്രം മാറ്റിയെഴുതുകയായിരുന്നു. വിൽപ്പന യാഥാർഥ്യമായാൽ തുറമുഖം വിദേശ കമ്പനിയുടെ കുത്തകയാകുമെന്ന ആരോപണവും പത്രത്തിലുണ്ടായിരുന്നു.

മുഖ്യമന്ത്രി എല്ലാ വിഷയത്തിലും ഒറ്റയ്ക്ക് തീരുമാനമെടുക്കുകയാണെന്ന ആരോപണമാണ് പ്രതിപക്ഷത്തിനുള്ളത്. സർക്കാരിനെ ആക്രമിക്കുന്നതിന് പകരം മുഖ്യമന്ത്രിയെ വ്യക്തിപരമായി നേരിടാനാണ് സിപിഎം തന്ത്രങ്ങൾ മെനയുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയളവ് നൽകാനുള്ള തീരുമാനം മുന്നണിയിലും പാർട്ടിയിലും മുഖ്യമന്ത്രി ചർച്ച ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചിരുന്നു. നികുതിയിളവിലും വിഴിഞ്ഞത്തിലും മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്താനാണ് സിപിഎം തീരുമാനം. പിഎംശ്രീ പദ്ധതിയിൽ പിണറായി വിജയൻ ഇതുതന്നെയാണ് ചെയ്തതെന്ന മറുവാദം ഉയർത്തി ആരോപണത്തെ പ്രതിരോധിക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News