Enter your Email Address to subscribe to our newsletters

Chennai, 02 ജൂലൈ (H.S.)
എഐഎഡിഎംകെയിലെ മുതിര്‍ന്ന നേതാക്കളടക്കം തമിഴക വെട്രി കഴകത്തില്‍ (ടിവികെ) ചേരുന്നതില്‍ പരിഹാസവുമായി ഡിഎംകെ നേതാവ് കനിമൊഴി. ഉത്തരേന്ത്യയില്‍ ബിജെപി പയറ്റിയ 'വാഷിങ് മെഷീന്‍' രാഷ്ട്രീയം തമിഴ്നാട്ടിലും എത്തിയോ എന്ന് കനിമൊഴി ചോദിച്ചു. ഉത്തരേന്ത്യയില്‍ ബിജെപി ഉപയോഗിച്ചിരുന്ന തരത്തിലുള്ള ഒരു വാഷിങ് മെഷീന്‍ തമിഴ്നാട്ടിലും എത്തിയിട്ടുണ്ടെന്ന് കേള്‍ക്കുന്നുവെന്നും, ഗുട്ക അഴിമതിയുടെ കറകള്‍ പോലും മായ്ച്ചുകളയാന്‍ ഈ പുതിയ തമിഴ്നാട് മോഡല്‍ മെഷീന് കഴിയുമെന്നാണ് പറയപ്പെടുന്നതെന്നും ഇത് സത്യമാണോ എന്നും അവര്‍ ചോദിച്ചു.മുന്‍ ആരോഗ്യമന്ത്രി സി. വിജയഭാസ്‌കറിനെതിരെയുള്ള ഗുട്ക അഴിമതി ആരോപണങ്ങളെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു കനിമൊഴിയുടെ വിമര്‍ശനം.
മുപ്പത്തിയഞ്ച് വര്‍ഷത്തിലേറെയായി പൊതുപ്രവര്‍ത്തന രംഗത്തുള്ള വ്യക്തിയാണ് മുന്‍ ആരോഗ്യമന്ത്രി കൂടിയായ സി. വിജയഭാസ്‌കര്‍. കൊവിഡ് മഹാമാരിയുടെ കാലത്ത് സംസ്ഥാനത്തെ ആരോഗ്യമേഖലയെ മികച്ച രീതിയില്‍ നയിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും തനിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. തന്റെ ഭാവി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൃത്യമായ ആലോചനകള്‍ നടത്തിയ ശേഷമാണ് ടിവികെയില്‍ ചേരാനുള്ള തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
നാല്‍പ്പത്തിമൂന്ന് വര്‍ഷത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ് മുന്‍ ഗതാഗത മന്ത്രി എം.ആര്‍ വിജയഭാസ്‌കര്‍. തന്റെ ഭരണകാലത്ത് ഗതാഗത വകുപ്പിനെ ശക്തിപ്പെടുത്താനും മെച്ചപ്പെടുത്താനും നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി അദ്ദേഹം പറഞ്ഞു. തന്റെ അഞ്ച് വര്‍ഷത്തെ സേവനകാലം ഗതാഗത വകുപ്പിന്റെ സുവര്‍ണ കാലഘട്ടമായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍ കരൂര്‍ മേഖലയിലെ ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാനും കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രമുഖ പ്രാദേശിക പാര്‍ട്ടിയില്‍ നിന്നുള്ള പരിചയസമ്പന്നരായ നേതാക്കള്‍ എത്തുന്നതോടെ തമിഴക വെട്രി കഴകത്തിന്റെ സംഘടനാതലത്തിലുള്ള വിപുലീകരണത്തിന് വലിയ ഊര്‍ജം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
---------------
Hindusthan Samachar / Sreejith S