Enter your Email Address to subscribe to our newsletters

Kochi, 02 ജൂലൈ (H.S.)
കശുവണ്ടി കോര്പറേഷന് അഴിമതിയില് സര്ക്കാര് നിലപാട് ഇന്ന് ഹൈക്കോടതിയെ അറിയിക്കും; ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതികശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിക്കേസില്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന് കുരുക്ക് മുറുക്കി സര്‍ക്കാര്‍ തീരുമാനം. അഴിമതി കേസില്‍ ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് അനുമതി നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഇന്ന് ഹൈക്കോടതിയെ അറിയിക്കും. ഇന്നലെ രാത്രി വൈകിയാണ് പ്രതികളെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.
കേസില്‍ ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍ ഇന്നുണ്ടാകും. കോടതി തീരുമാനം ചന്ദ്രശേഖരന് ഏറെ നിര്‍ണ്ണായകമാണ്. ഇതുകൂടാതെ കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയില്‍ വ്യവസായ വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് നല്‍കിയ മാപ്പപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം കോടതിയില്‍ നേരിട്ട് ഹാജരായ അദ്ദേഹം ഖേദപ്രകടനം നടത്തുകയും രേഖാമൂലം മാപ്പപേക്ഷ നല്‍കുകയും ചെയ്തിരുന്നു. സര്‍ക്കാരിനെതിരെ ഹൈക്കോടതി കര്‍ശന നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് ഹാജരാകേണ്ടി വന്നത്.
2006 മുതല്‍ 2015 വരെയുള്ള കാലയളവില്‍ തോട്ടണ്ടി ഇറക്കുമതി ചെയ്തതിലും സംസ്‌കരണത്തിനായി കശുവണ്ടിപ്പരിപ്പ് വാങ്ങിയതിലും കോര്‍പറേഷനില്‍ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കേസിന് ആധാരം. ഈ കാലയളവില്‍ 1400 കോടി രൂപയുടെ കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ ഏകദേശം 500 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കണ്ടെത്തല്‍.
കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ ആര്‍. ചന്ദ്രശേഖരന്‍, മുന്‍ എംഡി കെ.എ. രതീഷ്, ജെഎംജെ ട്രേഡേഴ്‌സ് ഉടമ ജെയ്‌മോന്‍ ജോസഫ് എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍. ഹൈക്കോടതി നിര്‍ദേശപ്രകാരം വിജിലന്‍സും പിന്നീട് 2015ല്‍ സിബിഐയും കേസ് അന്വേഷിച്ചു. അന്വേഷണത്തില്‍ കോര്‍പറേഷന് കോടികളുടെ നഷ്ടം സംഭവിച്ചതായി സിബിഐ കണ്ടെത്തുകയും 2020ല്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, പ്രതികളെ വിചാരണ ചെയ്യുന്നതിനുള്ള ഔദ്യോഗിക പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയാറായിരുന്നില്ല. മൂന്ന് തവണയാണ് മുന്‍ സര്‍ക്കാര്‍ ഈ അനുമതി നിഷേധിച്ചത്.
---------------
Hindusthan Samachar / Sreejith S